'ഇതാണാ ആ മാപ്പപേക്ഷ'; സവര്‍ക്കര്‍ക്കെതിരെ വീണ്ടും രാഹുല്‍ഗാന്ധി; ദഹിക്കാതെ ശിവസേന
Nationl News
'ഇതാണാ ആ മാപ്പപേക്ഷ'; സവര്‍ക്കര്‍ക്കെതിരെ വീണ്ടും രാഹുല്‍ഗാന്ധി; ദഹിക്കാതെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2022, 4:47 pm

മുബൈ: ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സവര്‍ക്കറെ ബഹുമാനിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ പിന്തുണക്കുന്നില്ലെന്ന് ഉദ്ധവ് താക്കറെ വ്യാഴാഴ്ച പറഞ്ഞു.

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കണക്കിലെടുത്ത് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പിന്തുണക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. എന്നാല്‍ ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയില്‍ പങ്കെടുക്കില്ലെന്നും ഉദ്ധവ് താക്കറെ സൂചിപ്പിച്ചു. താക്കറെയെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെയും കോണ്‍ഗ്രസ് നേരത്തെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ ക്ഷണിച്ചിരുന്നു.

ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍ കാപട്യമുണ്ടെന്നും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതിന് തങ്ങളെ ചോദ്യം ചെയ്യുന്ന അവര്‍ ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി അധികാരത്തിലേറിയതിന് മറുപടി പറയണമെന്നും താക്കറെ പറഞ്ഞു.

അതിനിടെ സവര്‍ക്കര്‍ക്കെതിരെയുള്ള തന്റെ വിമര്‍ശനം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതി കൊടുത്ത മാപ്പപേക്ഷയുടെ പകര്‍പ്പ് എടുത്ത് കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും വല്ലഭായ് പട്ടേലും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ടും അവര്‍ മാപ്പപേക്ഷിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ‘സര്‍, അങ്ങയുടെ ഏറ്റവും അനുസരണയുള്ള സേവകനായി തുടരാന്‍ ഞാന്‍ അപേക്ഷിക്കുന്നു’ എന്നെഴുതി സവര്‍ക്കര്‍ ഒപ്പിട്ടുനല്‍കി,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, സവര്‍ക്കര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതീകമാണെന്നും രണ്ട് മൂന്ന് വര്‍ഷം ആന്‍ഡമാനില്‍ ജയിലില്‍ കിടന്നപ്പോള്‍ ദയാഹര്‍ജി എഴുതാന്‍ തുടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഇതിനെതിരെയും താക്കെറെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരെങ്കിലും അവരുടെ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ അത് ചെയ്യട്ടെ. തങ്ങള്‍ അതിനെതിരല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.