| Friday, 8th November 2019, 10:41 pm

'ഇതുവരെ രാമക്ഷേത്രം പണിയാത്ത ബി.ജെ.പിക്ക് സുപ്രീംകോടതി വിധിയുടെ ക്രെഡിറ്റെടുക്കാനാവില്ല'; വിധി ഉറപ്പിച്ച് ശിവസേന; കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ സുപ്രീംകോടതി നാളെ അന്തിമ വിധി പറയാനിരിക്കെ വിധി തങ്ങള്‍ക്ക് അനുകൂലമെന്ന് ഉറപ്പിച്ച് ശിവസേന. പലതവണ ആവശ്യപ്പെട്ടിട്ടും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും സുപ്രീം കോടതി വിധിയുടെ ക്രെഡിറ്റ് സര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചും ശിവസേന പ്രസ്താവനയിറക്കി.

‘രാമക്ഷേത്രം പണിയാന്‍ നിയമം കൊണ്ടുവരണമെന്ന് ഞങ്ങള്‍ പലതവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. പക്ഷേ, അവരത് ചെയ്തില്ല. ഇപ്പോള്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാന്‍ പോവുകയാണ്. കേന്ദ്രത്തിന് അതിന്റെ ഒരു ക്രെഡിറ്റും അവകാശപ്പെടാന്‍ കഴിയില്ല’- ശിവസേന പ്രസ്താവനയില്‍ പറയുന്നു.

അയോധ്യാക്കേസില്‍ സുപ്രീംകോടതി നാളെ വിധി പറയുമെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ശിവസേനയുടെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തുക. നാളെ രാവിലെ പത്തരയോടെയാണു വിധി പ്രഖ്യാപനം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17-ന് വിരമിക്കുന്നതോടെയാണ് ഈയാഴ്ച വിധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. വിധി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന നില പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാനും 20 താല്‍ക്കാലിക ജയിലുകള്‍ സ്ഥാപിക്കാനും 78 ഇടങ്ങളിലായി സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി വി.എച്ച്.പി 1990 മുതല്‍ തുടങ്ങി വെച്ച കല്‍പ്പണികള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more