മുംബൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തെ പരസ്യമായി തള്ളിക്കളഞ്ഞ് ശിവസേന എം.പിയുടെ പ്രസ്താവന. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് സഞ്ജയ് റൗട്ട് രാഹുല്‍ഗാന്ധിയുടെ നേതൃപാടവത്തെ പിന്തുണച്ച് രംഗത്ത് വന്നത്.
” കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ “പപ്പു”വെന്ന് വിളിക്കുന്നത് തെറ്റാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ തരംഗം മങ്ങിയിരിക്കുകയാണ്. ഗുജറാത്തില്‍ ജി.എസ്.ടി പ്രഖ്യാപിച്ചതിന് ശേഷം ജനങ്ങള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. ബി.ജെ.പി വലിയ വെല്ലുവിളി നേരിടാന്‍ പോകുകയാണ്.”
മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വിനോദ് താവ്‌ഡെ കൂടി പങ്കെടുത്ത പരിപാടിയിലാണ് റൗട്ടിന്റെ പ്രസ്താവനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയെന്നും ജനങ്ങള്‍ക്ക് ആരെ വേണമെങ്കിലും പപ്പുവാക്കാന്‍ കഴിയുമെന്നും ബി.ജെ.പിക്കെതിരായ വിമര്‍ശനമെന്നോണം റൗട്ട് പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേന എം.പിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ശിവസേന ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം പട്ടേല്‍ നേതാവായ ഹാര്‍ദിക് പട്ടേല്‍ ഈ വര്‍ഷം ആദ്യം സേന നേതാവ് ഉദ്ധവ് താക്കറയെ സന്ദര്‍ശിച്ചിരുന്നു.