മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍, അര്‍ധരാത്രി അറസ്റ്റ്, വേട്ട തുടര്‍ന്ന് ഇ.ഡി; സഞ്ജയ് റാവത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ ശിവസേന
ന്യൂദല്‍ഹി: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിനെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത് ഇ.ഡി. ഞായറാഴ്ച രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.
പത്ര ചൗള്‍ ഭൂമി കുംഭകോണ കേസിലാണ് ചോദ്യം ചെയ്തത്. മുംബൈയിലെ വസതിയില്‍ എത്തിയായിരുന്നു പരിശോധനയും ചോദ്യം ചെയ്യലും. ബന്ദൂക്കിലെ വസതിയിലടക്കം വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയായിരുന്നു ഇ.ഡി. നടപടി.
റാവത്തിന്റെ അറസ്റ്റിനെതിരെ മുംബൈയില്‍ ഉടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ ശിവസേന തീരുമാനിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാജ്യസഭയില്‍ സേനയുടെ എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. തങ്ങളെ തുറന്നുകാട്ടുന്നവരെയും കേന്ദ്ര സര്‍ക്കാരിനെയും നിശ്ശബ്ദരാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഞങ്ങള്‍ തലകുനിക്കില്ലെന്നും അവര്‍ പറഞ്ഞു. തെറ്റായ നടപടിയെന്നും കെട്ടിച്ചമച്ച തെളിവുകളെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന വിടില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും റാവത്ത് ട്വീറ്റ് ചെയ്തു.
ജൂലൈ 20നും 27നും ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അതുകഴിഞ്ഞ് മാത്രമെ ഹാജരാകാന്‍ കഴിയൂവെന്ന് റാവത്ത് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഇ.ഡി എത്തിയത്. ജൂലൈ ഒന്നിന് ഇ.ഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സുഹൃത്തുക്കളായിരുന്ന പ്രവീണ്‍ റാവത്ത്, സുജിത് പട്കര്‍ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യല്‍.
സഞ്ജയ് റാവത്തിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തന്നെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. നേരത്തെ സഞ്ജയ് റാവത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു.
പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇതെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആരോപിച്ചു. ശിവസേനയുടെ രാജ്യസഭാ എം.പിയായ റാവത്ത്, ഉദ്ധവ് താക്കറെ ക്യാമ്പിലെ പ്രമുഖനും പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്ററുമാണ്.