'ഗുജറാത്തില്‍ കൊവിഡ് പകരാനുള്ള കാരണം ട്രംപിന്റെ വരവ്'; അത് മുംബൈയിലേക്കും ദല്‍ഹിയേക്കും വ്യാപിച്ചുവെന്ന് ശിവസേന
national news
'ഗുജറാത്തില്‍ കൊവിഡ് പകരാനുള്ള കാരണം ട്രംപിന്റെ വരവ്'; അത് മുംബൈയിലേക്കും ദല്‍ഹിയേക്കും വ്യാപിച്ചുവെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 6:19 pm

മുംബൈ: ഗുജറാത്തിലും മുംബൈയിലും ദല്‍ഹിയിലും കൊവിഡ് വ്യാപിക്കാനുള്ള കാരണം അഹമ്മദാബാദില്‍ നമസ്‌തേ ട്രംപ് പരിപാടി സംഘടിപ്പിച്ചതാണെന്ന് ആരോപിച്ച് ശിവസേന. കേന്ദ്ര സര്‍ക്കാര്‍ ഒരു മുന്നൊരുക്കങ്ങളുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.

മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ മൂന്നു കക്ഷികളും അനിവാര്യമായി കാണുന്നതിനാല്‍ ഒരു ഭീഷണിയും നിലവിലില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്ത് കൊണ്ട് നടത്തിയ വലിയ പൊതുയോഗമാണ് ഗുജറാത്തില്‍ കൊവിഡ് വ്യാപനം ഉണ്ടാക്കിയതെന്ന് നിഷേധിക്കാന്‍ കഴിയില്ല. അതില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍, ട്രംപിനോട് ഒപ്പമുള്ളവര്‍ എന്നിവര്‍ മുംബൈയും ദല്‍ഹിയുമൊക്കെ സന്ദര്‍ശിച്ചിട്ടുണ്ട്. അത് വൈറസ് വ്യാപനത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

സംസ്ഥാനം രാഷ്ട്രപതി ഭരണം ഏല്‍പ്പെടുത്തുന്നതിന് സാക്ഷ്യം വഹിക്കുകയും ആറ് മാസത്തിന് മുമ്പാണ് അത് എടുത്തുകളഞ്ഞത്. കൊവിഡ് വൈറസിനെ കൈകാര്യം ചെയ്യുന്നതാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുന്നതിനുള്ള ഉപാധിയെങ്കില്‍ കുറഞ്ഞത് 17 സംസ്ഥാനങ്ങളിലെങ്കിലും നടപ്പിലാക്കേണ്ടി വരും, അതില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. മഹാമാരിയെ അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടു. എങ്ങനെയാണ് വൈറസ് വ്യാപനത്തെ തടുക്കേണ്ടതെന്ന് ഒരു ആലോചനയുമുണ്ടായിരുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക