മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ശിവസേനാ നേതാക്കളായ സഞ്ജയ് റാവത്തും രാംദാസ് കദമുമാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പാര്‍ട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി ദല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ശിവസേന-ഗവര്‍ണര്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
ഗവര്‍ണറുമായി ശിവസേന ചര്‍ച്ച ചെയ്ത വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നായിരിക്കും ശിവസേന ആവശ്യപ്പെടുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അങ്ങനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചാല്‍ 105 സീറ്റുള്ള ബി.ജെ.പിയെയാണ് ഗവര്‍ണര്‍ക്കു വിളിക്കേണ്ടി വരിക. എന്നാല്‍ ബി.ജെ.പിക്ക് ഒറ്റയ്ക്കു സര്‍ക്കാരുണ്ടാക്കാനും കഴിയില്ല. 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അങ്ങനെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുമ്പോള്‍ 56 സീറ്റുള്ള ശിവസേനയ്ക്ക് എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ കഴിയും. ഈ നീക്കത്തിലേക്കാണ് ശിവസേന പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടു ദല്‍ഹിയില്‍ എന്‍.സി.പി മേധാവി ശരദ് പവാറും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നുണ്ട്.
ബി.ജെ.പി-സേന തര്‍ക്കം ഇരു പാര്‍ട്ടികളും പ്രയോജനപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
അതേസമയം, മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ബി.ജെ.പി ടൂറിസം മന്ത്രി ജയകുമാര്‍ റാവല്‍ ആവശ്യപ്പെട്ടിരുന്നു. ശിവസേനക്കൊപ്പം സഖ്യമുണ്ടായി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലെന്നും ജയകുമാര്‍ പറഞ്ഞിരുന്നു.
‘ശിവസേനയുമായി സഖ്യമുണ്ടാക്കരുതെന്നാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അവര്‍ക്ക് മത്സരിക്കാന്‍ ഒരു അവസരം കൂടി കൊടുത്താല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കും എന്നാണ് അവര്‍ പറയുന്നത്’- ജയകുമാര്‍ റാവല്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ശിവസേനയുമായി ധാരണയിലെത്തിയ സീറ്റുകളില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നേതാക്കള്‍ക്ക് കടുത്ത വിമര്‍ശനമുണ്ട്. ഈ സീറ്റുകളില്‍ നേരിയ വിത്യാസത്തിലാണ് പരാജയപ്പെട്ടത്.’- ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.