|

ഉവൈസിയുടെ പാര്‍ട്ടി എന്നും ബി.ജെ.പിക്കൊപ്പം; ശിവജിയെ തടവിലാക്കിയ ഔറംഗസേബിനെ വണങ്ങുന്നവരെ ഞങ്ങള്‍ ഒരിക്കലും കൂടെ കൂട്ടില്ല: ശിവസേന എം.പി സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ ബി ടീമാണെന്നും, അവരുമായി ഒരുതരത്തിലുള്ള സഖ്യത്തിനുമില്ലെന്നും ശിവസേനാ എം.പി സഞ്ജയ് റാവത്ത്. മഹാ വികാസ് അഘാഡിയിലേക്ക് എ.ഐ.എം.ഐ.എമ്മിനെ കൂടി ചേര്‍ക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്തായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഔറംഗസേബിന്റെ ശവകുടീരത്തിന് മുമ്പില്‍ വണങ്ങുന്നവര്‍ക്ക് മഹാരാഷ്ട്രയുടെ ആദര്‍ശങ്ങളെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സഖ്യത്തിനുള്ള വിദൂര സാധ്യത പോലും റാവത്ത് തള്ളിയത്.

ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നിവരാണ് നിലവില്‍ മഹാ വികാസ് അഘാഡിയില്‍ (എം.വി.എ) ഉള്ളത്. ഇവര്‍ക്കൊപ്പം സഖ്യമുണ്ടാക്കാനായിരുന്നു എ.ഐ.എം.ഐ.എം എം.പിയായ ഇംതിയാസ് ജലീല്‍ ശ്രമിച്ചത്.

ബി.ജെ.പി അധികാരത്തിലേറുന്നത് തടയാന്‍ ‘മൂന്ന് ചക്രങ്ങളുള്ള ഓട്ടോറിക്ഷയെക്കാള്‍, നാല് ചക്രമുള്ള കാറിന്’ എളുപ്പം സാധിക്കും എന്നായിരുന്നു ജലീല്‍ പറഞ്ഞിരുന്നത്. എം.വി.എയിലെ മൂന്ന് പാര്‍ട്ടികളെ ഉദ്ദേശിച്ചായിരുന്നു ഓട്ടോറിക്ഷ എന്ന് ജലീല്‍ വിവക്ഷിച്ചത്.

എന്നാല്‍ എ.ഐ.എം.ഐ.എമ്മിന് ബി.ജെ.പിയുമായി രഹസ്യ സഖ്യമുണ്ടെന്നും, അത് പല തവണ കണ്ടതാണെന്നും റാവത്ത് പറഞ്ഞു.

‘എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുമായി രഹസ്യധാരണയുണ്ട്. ഇക്കാര്യം ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടതാണ്. എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ ബി. ടീമാണ്, അത് അങ്ങനെ തന്നെ തുടരും. എം.വി.എ മൂന്ന് പാര്‍ട്ടികള്‍ തമ്മില്‍ മാത്രമുള്ള സഖ്യമാണ്. നാലാമതൊരാള്‍ക്ക് അവിടെ സ്ഥാനമില്ല,’ റാവത്ത് പറയുന്നു.

എം.വി.എയിലെ പാര്‍ട്ടികള്‍ ഛത്രപതി ശിവജി മഹാരാജിനെയും ഛത്രപതി സംഭാജി മഹാരാജിനെയും ബഹുമാനിക്കുന്നവരാണെന്നും എന്നാല്‍ 17ാം നൂറ്റാണ്ടില്‍ ശിവജിയെ തടവിലാക്കിയ ഔറംഗസേബിനെയാണ് എ.ഐ.എം.ഐ.എം ആരാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രിയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പൂര്‍ണമായും തടയിടണമെന്ന് ആവശ്യവുമായാണ് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ ഇംതിയാസ് ജലീല്‍ സഖ്യത്തിനായി ശിവസേനയെ സമീപിച്ചത്.

‘ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടാനുള്ള ശക്തിയൊന്നും ശിവസേനയ്ക്കില്ല. അതിനാലാണ് അവര്‍ കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും കൂട്ടി സഖ്യമുണ്ടാക്കിയിരിക്കുന്നത്.

ആ സഖ്യത്തിന് ശക്തി പകരുന്നതിനായാണ് തങ്ങളും അവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചത്. മൂന്ന് ചക്രങ്ങളുള്ള ഓട്ടോറിക്ഷയെക്കാള്‍ സുഖകരമായിരിക്കും കാര്‍ എന്ന് ഞങ്ങള്‍ക്ക് തോന്നി.

ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വന്ദേ മാതാരം പാടാന്‍ വിസമ്മതിച്ചയാളെ ഞങ്ങള്‍ പുറത്താക്കിയിരുന്നു, അയാളിപ്പോള്‍ എന്‍.സി.പിക്കൊപ്പമാണ്,’ ഔറംഹബാദ് എം.പിയായ ജലീല്‍ പറഞ്ഞു.

തങ്ങള്‍ ബി.ജെ.പിയുടെ ബി ടീമാണെന്ന വാദത്തെ തള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Shiv Sena MP Sanjay Ranaut says AIMIM is BJP’s ‘B’ team and there is no chance for alliance