ന്യൂദല്‍ഹി: ഏയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ജീവനക്കാരനെ തല്ലിയ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് ദല്‍ഹിക്ക് പോയത് കാറില്‍. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ദല്‍ഹിക്ക് പോകാന്‍ എം.പി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഏയര്‍ലൈന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.
മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്ക് കാറില്‍ പുറപ്പെട്ട എം.പി ദല്‍ഹിയില്‍ എത്തിയെങ്കിലും പാര്‍ലമെന്റെ് സമ്മേളനത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളിലൊന്നും ഇന്ന് പങ്കെടുത്തില്ലെന്ന് എം.പിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം അംഗീകരിക്കുകയാണെങ്കില്‍ നാളെ എം.പി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സ്ഥിരമായി ദല്‍ഹിക്ക് വരാറുള്ള പോലെ ഹൈദരബാദില്‍ നിന്നും ദല്‍ഹിക്കുള്ള എ.ഐ 551 വിമാനത്തിനാണ് ഗെയ്ക്‌വാദ് ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ ടിക്കറ്റ് നാഷണല്‍ കരിയര്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.
ആദ്യ ടിക്കറ്റ് നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ മുംബൈയില്‍ നിന്ന് ദല്‍ഹിക്കുള്ള എ.ഐ 806 നമ്പര്‍ വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും അതും ക്യാന്‍സല്‍ ചെയ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എം.പി കാറില്‍ പോകാന്‍ തീരുമാനിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് ശിവസേന എം.പിയായ ഗെയ്ക്‌വാദ് മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഗെയ്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഏജന്‍സികള്‍ എം.പിയുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തത്.