എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി ചെരിപ്പൂരി അടിച്ച ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറഞ്ഞു; അടിച്ചത് നിസാര കാരണം പറഞ്ഞ്
India
എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി ചെരിപ്പൂരി അടിച്ച ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറഞ്ഞു; അടിച്ചത് നിസാര കാരണം പറഞ്ഞ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2017, 8:43 am

ന്യൂദല്‍ഹി: ബിസിനസ് ക്ലാസിന് പകരം എക്കണോമിക്ക് ക്ലാസില്‍ ഇരുത്തിയതില്‍ പ്രകോപിതനായ ശിവസേന എം.പി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചു. ഇതിന് ശേഷം താന്‍ 25 തവണയാണ് ജീവനക്കാരനെ അടിച്ചത് എന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു ഉസ്മാനാബാദില്‍ നിന്നുള്ള എം.പി രവീന്ദ്ര ഗെയിക്കവാദ്.

ബിസിനസ് ക്ലാസ് ഇല്ലാത്ത വിമാനമായതിനാലാണ് ഇദ്ദേഹത്തിന് എക്കണോമിക്ക് ക്ലാസില്‍ സീറ്റ് നല്‍കിയത്. ന്യൂദല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ പകല്‍ 11 മണിയോടെയാണ് സംഭവം. പൂനെയില്‍ നിന്ന് ദല്‍ഹിയ്ക്കുള്ള എ.ഐ 852 വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ഓപ്പണ്‍ ടിക്കറ്റുമായാണ് എം.പി എത്തിയത്.


Also Read: ‘കാലപ്പഴക്കം എന്നെയൊരു വിന്റേജ് കാറായി മാറ്റി’; അടുത്ത ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് ധോണിയുടെ മറുപടി


ബിസിനസ് ക്ലാസ് ഇല്ലാത്ത വിമാനമാണ് സര്‍വ്വീസ് നടത്തുകയെന്ന് ബുധനാഴ്ച തന്നെ എം.പിയുടെ ഓഫീസില്‍ അറിയിച്ചിരുന്നുവെന്നും അതിന് കുഴപ്പമില്ല എന്ന മറുപടിയാണ് ഓഫീസ് നല്‍കിയതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

വിമാനം ന്യൂദല്‍ഹിയില്‍ എത്തിയപ്പോള്‍ ഗെയിക്കവാദ് വിമാനത്തില്‍ നിന്ന് ഇറങ്ങിയില്ല. എയര്‍ ഇന്ത്യ ചെയര്‍മാനും വ്യോമയാനമന്ത്രിയും തന്നോട് മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതറിഞ്ഞ് എം.പിയുടെ അടുത്തെത്തിയ ഡ്യൂട്ടി മാനേജര്‍ ആര്‍. സുകുമാറിനാണ് ചെരിപ്പ് കൊണ്ട് മര്‍ദ്ദനമേറ്റത്.

സംഭവത്തെ തുടര്‍ന്ന് എം.പിയ്‌ക്കെതിരെ ജീവനക്കാരന്‍ പരാതി നല്‍കി. എം.പിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗെയിക്കവാദിനോട് ശിവസേന വിശദീകരണം തേടിയിട്ടുണ്ട്. 2014-ല്‍ നോമ്പുകാലത്ത് മുസ്‌ലിം യുവാവിനെ ബലമായി ഭക്ഷണം കഴിപ്പിച്ചതിലൂടെ വിവാദത്തില്‍ പെട്ടയാളാണ് ഗെയിക്കവാദ്.

വീഡിയോ: