മുംബൈ: വിമാനത്തില്‍ ശിവസേന എം.പിയുടെ മര്‍ദനത്തിന് ഇരയായത് കണ്ണൂര്‍ സ്വദേശിയായ ഏയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍. എയര്‍ ഇന്ത്യയില്‍ മാനേജരായ രാമന്‍ സുകുമാറിനെയാണ് ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദ് കഴിഞ്ഞ ദിവസം മര്‍ദിച്ചത്. ജനപ്രതിനിധികള്‍ മാന്യമായി പെരുമാറേണ്ടവരാണെന്ന് രാമന്‍ സുകുമാര്‍ പ്രതികരിച്ചു.
സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ഗെയ്ക്ക്വാദ് രാമന്‍ സുകുമാറിനെ മര്‍ദിക്കുന്നത്. ദല്‍ഹി വിമാനത്താവളത്തില്‍വെച്ചായിരുന്നു സംഭവം നടന്നത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത ശേഷം ഇക്കോണമി ക്ലാസില്‍ യാത്രചെയ്യേണ്ടി വന്നതാണ് എംപിയെ ചൊടിപ്പിച്ചത്. തന്നെ 25 തവണ ചെരുപ്പുകൊണ്ട് അടിച്ചെന്ന് കാട്ടിയാണ് വിഷയത്തില്‍ രാമന്‍ പരാതി നല്‍കിയിരിക്കുന്നത്.
ഒരാള്‍ക്കും മറ്റൊരാളെ ശിക്ഷിക്കാനുള്ള അവകാശമില്ലെന്നാണ് മര്‍ദനത്തെക്കുറിച്ച രാമന്‍ പറയുന്നത്. ഇത്തരം പെരുമാറ്റം ശിക്ഷിക്കപ്പെടേണ്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ വിഷയത്തില്‍ രാമന്‍ സുകുമാറിനോട് മാപ്പ് പറയില്ലെന്ന് രവീന്ദ്ര ഗെയിക്വാദ് പറഞ്ഞിരുന്നു. എങ്ങനെ പെരുമാറണം എന്ന് ഒരു അറുപത് വയസുകാരനായ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നായിരുന്നു ഗെയിക്വാദിന്റെ വാദം.
മര്‍ദനത്തെ തുടര്‍ന്ന് രവീന്ദ്ര ഗെയിക്വാദിന് എതിരെ എയര്‍ ഇന്ത്യ വധശ്രമത്തിനു കേസ് നല്‍കിയിരുന്നു. ദല്‍ഹി എയര്‍പോര്‍ട്ട് പൊലീസിലാണ് കേസ് നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഗെയ്ക്വാദിനെ ഏയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്റെ കീഴിലുള്ള എല്ലാ വിമാനസര്‍വീസുകളിലും എം.പിയ്ക്ക് യാത്രാ വിലക്കുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍ തുടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉള്‍പ്പെടുന്ന വിമാനക്കമ്പനികള്‍ക്ക് പുറമേ ഫെഡറേഷനില്‍പ്പെടാത്ത എയര്‍ ഇന്ത്യയും യാത്രകളില്‍ നിന്ന് എം.പിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്കിനെത്തുടര്‍ന്ന് ഇന്ന് എം.പി മുംബൈയിലേക്ക് ട്രെയിനിലാണ് പോയത്.