| Monday, 7th June 2021, 6:38 pm

ഒരിക്കല്‍ ആത്മാവായിരുന്ന ട്വിറ്റര്‍ ഇപ്പോള്‍ കേന്ദ്രത്തിനു ഭാരമായിരിക്കുന്നു: ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചു ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ചു പ്രതികരണവുമായി ശിവസേന മുഖപത്രം സാമ്ന. ഒരിക്കല്‍ ആത്മാവായിരുന്ന ട്വിറ്റര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു ഭാരമായി മാറിയിരിക്കുകയാണെന്നു സാമ്‌നയില്‍ വന്ന എഡിറ്റോറിയലില്‍ പറഞ്ഞു.

‘2014-ലെ തെരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങളെ വ്യക്തിഹത്യക്കുള്ള ടൂളായി ഉപയോഗിക്കുകയായിരുന്നു ബി.ജെ.പി. ട്വിറ്റര്‍ ബി.ജെ.പിയുടെയും മോദി സര്‍ക്കാരിന്റെയും രാഷ്ട്രീയ പ്രചാരണത്തിന്റെ ആത്മാവായിരുന്നു. എന്നാല്‍, ഇപ്പോള്‍ ട്വിറ്റര്‍ അവര്‍ക്ക് ഒരു ഭാരമായി മാറിയിരിക്കുകയാണ്.

ഈ ഭാരത്തെ വലിച്ചെറിയണോ എന്ന് ചിന്തിക്കുന്നിടം വരെ കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നു. ഇന്നു, ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങളൊഴികെ രാജ്യത്തെ മറ്റെല്ലാ മാധ്യമങ്ങളും മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പൂര്‍ണ നിയന്ത്രണത്തിലാണ്.’ സാമ്നയിലെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

ഗംഗയിലൊഴുകുന്ന മൃതദേഹങ്ങള്‍, വരാണാസിലും ഗുജറാത്തിലും ഇടതടവില്ലാതെ ചിത കത്തിയമരുന്നതും
ശ്മശാനങ്ങള്‍ക്ക് മുന്നിലെ ആംബുലന്‍സുകളുടെ വരിയും ട്വിറ്ററിലൂടെ ലോകത്തിന് മുന്നിലെത്തിയെന്നും പത്രം പറഞ്ഞു. ഇതാണ് ട്വിറ്ററിനോടു കേന്ദ്ര സര്‍ക്കാരിന് ഇത്ര കലിയെന്നും എഡിറ്റോറിയലില്‍ പറഞ്ഞു.

അതേസമയം, കേന്ദ്രവും ട്വിറ്ററും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായി തുടരുകയാണ്. ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിനു കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു.

ഐ.ടി നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.

കഴിഞ്ഞദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ട്വിറ്റര്‍ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നു. പിന്നാലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, സുരേഷ് സോണി എന്നിവരുടെയും ബ്ലൂ ടിക്ക് ബാഡ്ജുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നത്. പിന്നീട് ബ്ലൂ ടിക്കറ്റ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Shiv Sena mouthpiece Samna responds to ongoing dispute between Twitter and central government

We use cookies to give you the best possible experience. Learn more