| Saturday, 25th April 2020, 2:33 pm

'അദ്ദേഹത്തിന് ചോറുപോലെ തന്നെ വളരെ പ്രധാനമാണ് പെഗ്ഗും'; രാജ് താക്കറയെ പരിഹസിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്നാവശ്യം ഉന്നയിച്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ അധ്യക്ഷന്‍ രാജ് താക്കറയെ പരിഹസിച്ച് ശിവസേന.

ലോക് ഡൗണ്‍ കാരണം വൈന്‍ ഷോപ്പുകള്‍ മാത്രമല്ല മദ്യ ഫാക്ടറികള്‍ തന്നെ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം രാജ് താക്കറെ അറിഞ്ഞിരിക്കണമെന്ന് ശിവസേന പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിലായിരുന്നു രാജ് താക്കറക്കെതിരെയുള്ള പരിഹാസം.

‘ഷോപ്പുകള്‍ തുറക്കുന്നതിലൂടെ മാത്രം നിങ്ങള്‍ക്ക് വരുമാനം ലഭിക്കുകയില്ല. ഒരു വിതരണക്കാരന്‍ ഫാക്ടറികളില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങുമ്പോള്‍ സര്‍ക്കാരിന് എക്‌സൈസ്, സെയില്‍സ് ടാക്‌സ് രൂപത്തില്‍ വരുമാനം ലഭിക്കും. ഈ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് തൊഴിലാളികള്‍ ആവശ്യമാണ്. കൂടാതെ, ഷോപ്പുകള്‍ വീണ്ടും തുറന്നാല്‍ സാമൂഹിക അകലം പാലിക്കില്ല, ” എഡിറ്റോറിയലില്‍ പറയുന്നു.

രാജ് താക്കറെ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസര്‍ക്ക് (സി.എം.ഒ) അയച്ച കത്തില്‍, വൈന്‍ ഷോപ്പുകള്‍ തുറന്നിടാന്‍ അനുവദിക്കുന്നത് മദ്യ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല, മറിച്ച് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ വരുമാനത്തിന്റെ വരവ് ഉറപ്പാക്കാനാണ് എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ രാജ് താക്കറക്ക് ഭക്ഷണത്തെക്കാള്‍ പ്രധാനപ്പെട്ടതാണ് മദ്യം എന്നായിരുന്നു ശിവസേന പറഞ്ഞത്.

ഭക്ഷണം പോലെ പ്രധാനപ്പെട്ടതാണ് തനിക്ക് മദ്യവും എന്നാണ് രാജ് താക്കറെ ഉന്നയിച്ച ആവശ്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. ആളുകള്‍ക്ക് ചോറ് പ്രധാനമാണെന്നും എന്നാല്‍ അത്രതന്നെ പ്രധാനമാണ് ക്വാര്‍ട്ടറും പെഗ്ഗും എന്ന വിലപ്പെട്ട വിവരമാണ് രാജ് താക്കറെ പങ്കുവെച്ചതെന്നും ശിവസേന പരിഹസിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more