| Monday, 30th December 2019, 6:21 pm

'ഞങ്ങളാരും പദവി ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലെത്തിയത്'; അതൃപ്തരായ ശിവസേന എം.എല്‍.എമാര്‍ക്ക് സന്ദേശവുമായി സജ്ഞയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രാ നിയമസഭ പുനഃസംഘടിപ്പിച്ചതിന് പിന്നാലെ സുനില്‍ റാവത്ത് ഉള്‍പ്പെടെയുള്ള നിരവധി ശിവസേനാ നേതാക്കള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയിരുന്നു. ഇതില്‍ പല നേതാക്കളും അതൃപ്തരാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേനാ നേതാവ് സജ്ഞയ് റാവത്ത്. എല്ലാ തീരുമാനങ്ങളും എല്ലാവരേയും തൃപ്തിപ്പെടുത്തണമില്ലെന്നും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടത് മുഖ്യമന്ത്രി പദവിയാണ്. അത് ലഭിച്ചെന്നും സജ്ഞയ് റാവത്ത് പ്രതികരിച്ചു.

‘എന്റെ കുടുംബത്തെ പരിഗണിക്കുമ്പോള്‍, മന്ത്രി പദവിയിലെത്താന്‍ വേണ്ടിയല്ല ഞങ്ങളാരും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. സംഘടനയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വളരെ കാലമായി എന്റെ സഹോദരന്‍ എം.എല്‍.എയായി തുടരുകയാണ്. അദ്ദേഹം പ്രധാന്യം കൊടുക്കുന്നത് മന്ത്രിപദത്തിനല്ല. അദ്ദേഹം പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള വ്യക്തിയാണ്. ഇത് പോലെ പാര്‍ട്ടിക്ക് വേണ്ടിയും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള നിരവധി നേതാക്കള്‍ ഇവിടെയുണ്ട്.’ സഞ്ജയ് റാവത്ത് പറഞ്ഞു.

സഞ്ജയ് റാവത്തിനും അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനും പുറമേ ശിവസേനാ നേതാക്കളായ രാംദാസ് കദം, ദീപക് കേസര്‍കര്‍, ദിവാകര്‍ റാവത്ത് എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തനജി സാവന്താണ് മന്ത്രിസഭാ പുനഃസംഘടനക്ക് പിന്നാലെ രംഗത്തെത്തിയത്. എന്‍.സി.പി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിന് പിന്നാലെ ഇത് എന്‍.സി.പിക്ക് വേണ്ടി ശരദ് പവാര്‍ തീരുമാനിച്ചതായിരുന്നുവെന്നായിരുന്നു തനജി സാവന്തിന്റെ പ്രതികരണം.

അതേസമയം ശരദ് പവാര്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യത്തില്‍ ഒരാള്‍ക്കും സംശയമില്ലെന്നും കൂടി കൂട്ടി ചേര്‍ത്തു.

മന്ത്രിസഭാ വികസനത്തിന് പിന്നാലെ ആകെ 36 മന്ത്രിമാരാണ് ഇന്നു സ്ഥാനമേല്‍ക്കുക. ഒരു ഉപമുഖ്യമന്ത്രിയും 25 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് സ്ഥാനമേല്‍ക്കുക. കോണ്‍ഗ്രസിന് 10 മന്ത്രിസ്ഥാനവും എന്‍.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിക്കുമ്പോള്‍ ശിവസേനയ്ക്ക് 11 മന്ത്രിമാരാണ് ഇന്നു ലഭിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more