|

ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയത് പോലെ ഞങ്ങളും കര്‍ണാടകയിലേക്ക് ഇടിച്ചു കയറും; അതിനൊരുത്തന്റെയും അനുവാദം വേണ്ട: സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ രൂക്ഷ പ്രതികരണവുമായി ശിവസേന (ഉദ്ധവ് ബാലേസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത്. കര്‍ണാടകയിലേക്ക് കടക്കാന്‍ തങ്ങള്‍ക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയ പോലെ തങ്ങളും ചെയ്യുമെന്നുമാണ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

‘എത്ര ഇഞ്ച് ഭൂമി എന്നതൊന്നുമല്ല ഇവിടെ വിഷയം. അതിപ്പോള്‍ കേന്ദ്രത്തിലുള്ള അവരുടെ സര്‍ക്കാരും ഒരിഞ്ച് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞിട്ട് ചൈന ഇങ്ങോട്ട് കയറിവന്നില്ലേ. അതുപോലെ ഞങ്ങളും കടന്നുകയറും.

അങ്ങനെ കയറിച്ചെല്ലാന്‍ ഞങ്ങള്‍ക്കാരുടെയും അനുവാദം വേണ്ട. പക്ഷെ ഈ രാജ്യം ഒന്നാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും ഞങ്ങള്‍ കരുതുന്നു.

പക്ഷെ, കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ അറിഞ്ഞുകൊണ്ട് കാര്യങ്ങള്‍ ആളിക്കത്തിക്കാന്‍ നോക്കുകയാണ്. മഹാരാഷ്ട്രയിലെ ദുര്‍ബലരായ സര്‍ക്കാരാണെങ്കിലോ കൃത്യമായ ഒരു നിലപാടുമെടുക്കുന്നില്ല.

നൂറിലേറെ പേര്‍ ജീവന്‍ വരെ നല്‍കിയ ഒരു വിഷയത്തില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിലപാടെടുക്കുന്നില്ലെങ്കില്‍ പിന്നെ, ബൊമ്മെയെ പോലുള്ളവര്‍ ഇങ്ങനെ ബഹളം വെച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളു

കര്‍ണാടകയിലെ ജനങ്ങളോട് ഞങ്ങള്‍ക്ക് ഒരു വ്യക്തിവിരോധവുമില്ല. ആ സര്‍ക്കാരുമായോ ജനങ്ങളുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല.

ഇത് 70 വര്‍ഷമായി തുടരുന്ന പ്രശ്‌നമാണ്. ജനങ്ങള്‍ക്ക് മേല്‍ വലിയ അതിക്രമമാണ് നടക്കുന്നത്. അതിനെതിരെ ഞങ്ങള്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തും,’ സഞ്ജയ് റാവുത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനയും ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്നത്. അതേസമയം ‘ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയതു പോലെ’ എന്ന പരാമര്‍ശം വിവാദമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ കോങ്ഗോലി പ്ലാസയിലേക്ക് പ്രതിഷേധ പ്രകടനങ്ങളുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളും ഏകീകരണ്‍ സമിതിയും എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

തര്‍ക്കപ്രദേശമായ ബെലഗാവിയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്നൂറോളം പേരെ കര്‍ണാടക തിരിച്ചയക്കുകയും ഇതില്‍ ചിലരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളില്‍ ചിലരെയും മഹാരാഷ്ട്ര പൊലീസ് നേരത്തെ കരുതല്‍ തടവിലാക്കിയിരുന്നു.

നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെയെയും ബസവരാജ ബൊമ്മൈയെയും വിളിച്ചുചേര്‍ത്ത് യോഗം നടത്തിയിരുന്നു. ചര്‍ച്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും ഭരണഘടനാപരമായി തന്നെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാമെന്ന് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതായും അമിത് ഷാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിഷയത്തില്‍ ഒരു മുതിര്‍ന്ന ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കാമെന്ന നിര്‍ദേശം ഇരു സര്‍ക്കാരുകളും അംഗീകരിച്ചെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്രമസമാധാനനില സംരക്ഷിക്കപ്പെടുമെന്നും തദ്ദേശവാസികള്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അതിര്‍ത്തിയിലേക്ക് പോകുന്നത് തടയുന്നതെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ചോദ്യം.

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം

1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെലഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെലഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെളഗാവി, കര്‍വാര്‍, നിപാനി തുടങ്ങിയ 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്ന് മുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.

കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്‌നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും നടന്നിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു. 2022 നവംബറില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.

തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് ബസവരാജ ബൊമ്മെ രംഗത്ത് എത്തിയതോടെയാണ് ഇത് ചൂടേറിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് വഴിവെച്ചത്.

Content Highlight: Shiv Sena leader Sanjay Raut says They will enter Karnataka like China