'മഹാ വികാസ് അഘാഡി'യില്‍ പ്രതിഷേധിച്ച് ശിവസേനാ നേതാവ് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു; അവസാനിപ്പിച്ചത് 21 വര്‍ഷം നീണ്ട ബന്ധം
Maharashtra
'മഹാ വികാസ് അഘാഡി'യില്‍ പ്രതിഷേധിച്ച് ശിവസേനാ നേതാവ് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു; അവസാനിപ്പിച്ചത് 21 വര്‍ഷം നീണ്ട ബന്ധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 3:06 pm

മുംബൈ: കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ശിവസേനാ നേതാവ് രമേഷ് സോളങ്കി പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം.

തന്റെ ആശയവും ബോധവും കോണ്‍ഗ്രസിനോടും എന്‍.സി.പിയോടും ഒപ്പം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാതിഹൃദയത്തോടെ പ്രവര്‍ത്തിക്കാനാവില്ലെന്നും തന്റെ പദവിക്കു ചേരുന്നതല്ല അതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഞാനെന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണ് എടുക്കുന്നത്. ഞാന്‍ ശിവസേനയില്‍ നിന്നു രാജിവെയ്ക്കുകയാണ്. എല്ലാ ശിവസൈനികരും എപ്പോഴും എന്റെ സഹോദരീ സഹോദരന്മാരായിരിക്കും.’- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെയും അദ്ദേഹത്തിന്റെ മകന്‍ ആദിത്യ താക്കറെയുടെയും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സഖ്യത്തില്‍ പ്രതിഷേധിച്ച് ശിവസേനയില്‍ നിന്നു രാജിവെയ്ക്കുന്ന ആദ്യ നേതാവാണ് സോളങ്കി. 21 വര്‍ഷമായി പാര്‍ട്ടിയുമായുണ്ടായിരുന്ന ബന്ധമാണ് അദ്ദേഹം ഇതോടെ ഉപേക്ഷിച്ചത്. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ പ്രമുഖ നേതാവാണ് അദ്ദേഹം.

അടുത്തിടെ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളങ്കി പരാതി നല്‍കിയത് ഏറെ വിവാദമായിരുന്നു.

അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയ്ക്കു മുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ലഭിക്കും. എന്‍.സി.പിക്ക് 15 മന്ത്രിപദവികള്‍ നല്‍കാന്‍ തീരുമാനമായതായാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനു കിട്ടുന്നത് 13 സ്ഥാനങ്ങളാണ്, ഒപ്പം സ്പീക്കര്‍ പദവിയും. ആകെ 43 മന്ത്രിമാരാകും ഉണ്ടാവുകയെന്നും ഏറെക്കുറേ തീരുമാനമായിട്ടുണ്ട്.

എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കാനും ഏകദേശ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായ ബാലാസാഹേബ് തൊറാട്ടായിരിക്കും അതിലൊരാള്‍.

എന്നാല്‍ എന്‍.സി.പിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനു മുന്‍പ് ആ പദവിയിലേക്കു പരിഗണിച്ചിരുന്നത് അജിത് പവാറിനെയാണ്. എന്നാല്‍ ഇനിയിപ്പോള്‍ അജിത്തിന്റെ രാഷ്ട്രീയഭാവി ചോദ്യചിഹ്നമായിരിക്കെ, പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ജയന്ത് പാട്ടീലിന്റെ പേരാണ് ആ പദവിയിലേക്കു പറഞ്ഞുകേള്‍ക്കുന്നത്.