മഹാരാഷ്ട്രയില്‍ 'പവാര്‍ പ്ലേ'; ശിവസേന മുട്ടുമടക്കിയത് മറാത്ത രാഷ്ട്രീയത്തിലെ ഈ അതികായകന് മുന്നില്‍
national news
മഹാരാഷ്ട്രയില്‍ 'പവാര്‍ പ്ലേ'; ശിവസേന മുട്ടുമടക്കിയത് മറാത്ത രാഷ്ട്രീയത്തിലെ ഈ അതികായകന് മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 3:33 pm

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അങ്കത്തിന് അവസാനമായെന്ന സൂചനകളാണ് വരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുതലുണ്ടായ അധികാരത്തര്‍ക്കം ഒടുവില്‍ എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും കോര്‍ട്ടിലെത്തിയാണ് അവസാനിക്കുന്നത്.

മഹാരാഷ്ട്രയില്‍ കൃത്യമായ രാഷ്ട്രീയ നീക്കം നടത്തി പ്രശ്‌ന പരിഹാരത്തിലേക്കെത്തിച്ചത് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന പരാജയപ്പെട്ടതിന് പിന്നാലെ പിന്തുണയറിച്ച് എന്‍.സി.പിയും കോണ്‍ഗ്രസും കത്ത് നല്‍കാതിരുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. പവാറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഈ ആരോപണങ്ങളുടെ മുനയൊടിഞ്ഞത്.

കോണ്‍ഗ്രസും എന്‍.സി.പിയും മുന്നോട്ടുവക്കുന്ന കാര്യങ്ങളില്‍ ശിവസേനയില്‍നിന്നും ധാരണയാവുന്നതുവരെ കത്ത് നല്‍കേണ്ട എന്നായിരുന്നു ശരദ്പവാറിന്റെ തീരുമാനം. കൃത്യമായ പ്ലാനിങ്ങിലായിരുന്നു പവാര്‍ എന്നതിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്.

എന്‍.സി.പിക്കും സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ലഭിച്ചെങ്കിലും വേഗത്തില്‍ നീക്കം നടത്താന്‍ എന്‍.സി.പി തയ്യാറായിരുന്നില്ല. തുടര്‍ന്ന് എന്‍.സി.പിക്ക് നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പ്രഖ്യാപനം വന്നപ്പോഴും എന്‍.സി.പി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചയിലായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ഭയക്കാത്ത രീതിയിലായിരുന്നു ആ ചര്‍ച്ച.

കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തെ കുറിച്ചും തീരുമാനമെടുത്തതിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചാല്‍ മതിയെന്നായിരുന്നു പവാറിന്റെ നിര്‍ദേശം. ഇപ്പോള്‍ ശിവസേന അംഗീകരിച്ചിരിക്കുന്ന പൊതുനിയമം പരിപാടിയും പവാറിന്റെ നീക്കമായിരുന്നു.

പവാറുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സോണിയാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസും പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

പൊതുമിനിമം പരിപാടിയും ശിവസേനയുമായി അധികാര സ്ഥാനങ്ങളുടെ വീതം വെപ്പും സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് നടക്കണമെന്ന നിര്‍ദ്ദേശമാണ് എന്‍.സി.പിയും കോണ്‍ഗ്രസും മുന്നോട്ടുവച്ചിരുന്നത്. അതിനായി എത്രവേണമെങ്കിലും കാത്തിരിക്കാം എന്ന് ശരദ് പവാര്‍ നിലപാടെടുത്തതോടെ ശിവസേനയ്ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

ശിവസേന മുന്നോട്ടുവെച്ചിരിക്കുന്ന 16-14-12 ഫോര്‍മുല അംഗീകരിക്കില്ലെന്നും 14-14-14 ഫോര്‍മുല വേണമെന്നുമാണ് ഇപ്പോള്‍ എന്‍.സി.പിയും കോണ്‍ഗ്രസും മുന്നട്ടുവക്കുന്ന ആവശ്യം. ഇക്കാര്യം സേന അംഗീകരിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാന്‍ മറ്റ് പ്രതിസന്ധികളൊന്നുമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം തര്‍ക്കങ്ങളൊന്നും ഉടലെടുക്കാതിരിക്കാന്‍ പഴുതടച്ച നീക്കമായിരുന്നു പവാറിന്റേത്. ഓരോ സഖ്യകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, അവ ഏതൊക്കെ, സ്പീക്കര്‍ സ്ഥാനം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്നിവയൊക്കെ തീരുമാനിച്ചശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമമാണ് ശരത് പവാര്‍ നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശക്തി കുറഞ്ഞിരുന്ന കോണ്‍ഗ്രസിനെ മുന്നോട്ട് നയിച്ചതും പവാറിന്റെ ഇടപെടലുകളായിരുന്നു. മഴ നനഞ്ഞും പ്രസംഗിച്ച ആ 80 കാരന്റെ നിശ്ചയദാര്‍ഢ്യവും രാഷ്ട്രീയ സൂക്ഷ്മതയുമാണ് എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും ഭരണപക്ഷത്തേക്കുയര്‍ത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ