| Thursday, 31st October 2024, 2:05 pm

മഹാരാഷ്ട്രയില്‍ ശിവസേന വിഭാഗങ്ങള്‍ 53 സീറ്റില്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങും; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങി ഇരു ശിവസേനാ വിഭാഗങ്ങളും. ആകെയുള്ള 288 സീറ്റുകളില്‍ 53 സീറ്റിലും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യു.ബി.ടി) നേരിട്ട് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ-കൊങ്കണ്‍ തീരദേശ മേഖലയിലും മറാത്ത്‌വാഡ മേഖലയിലുമാണ് ശിവസേനയുടെ ഇരു വിഭാഗങ്ങളും നേരിട്ട് മത്സരിക്കാനിറങ്ങുന്നത്. യഥാര്‍ത്ഥ ശിവസേന ഏതെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തീരുമാനമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഛഗല്‍ ഭൂജ്‌ബെല്‍, നാരായണ്‍ റാണെ, രാജ് താക്കറെ തുടങ്ങി നിരവധി നേതാക്കള്‍ ശിവസേനയില്‍ നിന്ന് രാജി വെച്ചിട്ടുണ്ടെങ്കിലും ഏക്‌നാഥ് ഷിന്‍ഡെയുടെ രാജി അവിഭക്ത ശിവസേനയെ കൂടുതല്‍ ബാധിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടു കൂടി ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയിലെ മെട്രോപൊളിറ്റന്‍ മേഖല, തീരദേശ മേഖലകളിലും തീരദേശ കൊങ്കണ്‍ സീറ്റുകളിലും മറാത്ത് വാഡ, വിദര്‍ഭ, വടക്കന്‍ മഹാരാഷ്ട്ര, പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം ഇരു വിഭാഗങ്ങളും തമ്മില്‍ നേരിട്ട് മത്സരമുണ്ടാകും.

ഏറ്റവും ശക്തമായ മത്സരം താനെ നഗരത്തിലെ കോപ്രി- പാച്ച്പാഡിയില്‍ ആയിരിക്കും നടക്കുക എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷിന്‍ഡെ വിഭാഗം ശിവസേന,  യു.ബി.ടിയുടെ കേദാര്‍ ദിഗെയായിരിക്കും നേരിടുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിലവില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരണപക്ഷമായ മഹായുതി സഖ്യത്തിന്റെ ഭാഗമാണ്. ഉദ്ധവ് താക്കറെയുടെ ശിവസേനയായ മഹാ വികാസ് അഘാഡി പ്രതിപക്ഷത്തുമാണ്.

ബൈക്കുള്ള, മാഹിം, വോര്‍ലി, അന്ധേരി ഈസ്റ്റ്, ജോഗോശ്വര്‍, ദിന്‍ദോഷി, മഗതനെ, ഭാണ്ഡൂപ് വെസ്റ്റ്, വിക്രോളി, കുര്‍ള, ചെമ്പൂര്‍, എന്നിവയാണ് ഇരു ശിവസേന നേര്‍ക്കുനേര്‍ മത്സരിക്കുന്ന മുംബൈയിലെ സീറ്റുകള്‍.

ഇങ്ങനെ മുംബൈ മെട്രോ പൊളിറ്റന്‍ മേഖല, വിദര്‍ഭയിലെ ആറ് സീറ്റ്, പശ്ചിമ മഹാരാഷ്ട്രയിലെ നാല് സീറ്റുകള്‍, നോര്‍ത്ത് മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകള്‍, ഏഴ് കൊങ്കണ്‍ സീറ്റ്, തുടങ്ങി നിരവധി സീറ്റുകളിലും ശിവസേന വിഭാഗങ്ങള്‍ മത്സരിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ മത്സരിച്ച ഷിന്‍ഡെ വിഭാഗം ശിവസേന ഒമ്പത് സീറ്റും 15 സീറ്റുകളില്‍ മത്സരിച്ച താക്കറെ വിഭാഗം ഏഴ് സീറ്റുമായിരുന്നു നേടിയത്.

Content Highlight: Shiv Sena factions will go head to head in Maharashtra; Report

We use cookies to give you the best possible experience. Learn more