| Thursday, 27th August 2020, 8:21 pm

ബി.ജെ.പി പോലും രാഹുലിന് ഇത്ര കോട്ടം വരുത്തിക്കാണില്ല; കോണ്‍ഗ്രസ് ഉള്‍പ്പാര്‍ട്ടിപ്പോരില്‍ രാഹുലിനെ പിന്തുണച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനകത്തു നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കത്തിന് കാരണം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടിക്കത്തു നിന്നുള്ള നേതാക്കള്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അവസാനിപ്പിക്കാനുള്ള ദേശീയ തലത്തില്‍ ഗൂഢാലോചന നടത്തുകയാണെന്നും കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ പാര്‍ട്ടി വൈകാതെ തന്നെ നശിച്ചുപോകുമെന്നും ശിവസേന പറഞ്ഞു.

പാര്‍ട്ടിക്കകത്തുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെതിരെ രഹസ്യ നീക്കം നടത്തിയെന്നും അദ്ദേഹത്തിനെതിരെ അട്ടിമറി നടത്തിയെന്നും ശിവസേന ആരോപിച്ചു. ബി.ജെ.പി പോലും രാഹുലിന് ഇത്രയേറെ കോട്ടം വരുത്തിയിട്ടില്ലെന്നും ശിവസേന പറഞ്ഞു.

നേതാക്കള്‍ക്ക് ആവശ്യം സ്ഥാനങ്ങളാണെന്നും അത് കിട്ടാതെ വന്നപ്പോള്‍ പിന്നെ അടുത്തനീക്കം ബി.ജെ.പിയിലേക്ക് പോവുകയാണെന്നും പറയുന്ന ശിവസേന ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രത്യേകിച്ചെന്താണ് ചെയ്യാന്‍ കഴിയുകയെന്നും ചോദിച്ചു. ഇതൊരു പുതിയ രാഷ്ട്രീയ കൊറോണ വൈറസ് ആണെന്നും ശിവസേന പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ 23 നേതാക്കള്‍ അയച്ച കത്തില്‍ വിവാദം രൂക്ഷമാകുന്നതിനിടെയാണ് ശിവസേന ഈ വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ശിവസേനയ്ക്ക് സംഖ്യമുണ്ട്.

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ അയച്ച കത്തില്‍ കോണ്‍ഗ്രസില്‍ അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗം ചേരുന്നതിന് ഒരുദിവസം മുന്‍പാണ് കത്തയച്ച കാര്യം പുറത്തുവന്നത്. യോഗത്തില്‍ കത്ത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും നേതാക്കള്‍ തമ്മില്‍ കത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്ന തീരുമാനമുണ്ടായിട്ടും കത്ത് വിവാദം പാര്‍ട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

അതേസമയം, പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് തന്നെയാണ് നടത്തേണ്ടതെന്ന നിലപാടിലാണ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടിയിലെ 51 ശതമാനം ആളുകളെങ്കിലും പിന്നിലുണ്ടാകുമെന്ന ഗുണമുണ്ടാകുമെന്നും ഇപ്പോള്‍ പ്രസിഡന്റാകുന്ന വ്യക്തിക്ക് ഒരു ശതമാനം പിന്തുണ പോലും ഉണ്ടായിരിക്കണമെന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസിനെ സജീവവും ശക്തവുമാക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും എന്നാല്‍ ‘അപ്പോയിന്റ്മെന്റ് കാര്‍ഡുകള്‍’ ലഭിച്ച് പദവിയില്‍ എത്തിയവര്‍ തങ്ങളുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുക്കയാണെന്നും ഗുലാം നബി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Old Guards Have Sabotaged Rahul Gandhi’: Sena On Congress Letter Row

We use cookies to give you the best possible experience. Learn more