മുംബൈ: ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് ശിവസേന ജില്ലാ കോര്‍ഡിനേറ്റര്‍ ഗന്‍ശ്യാം ശേലറും അണികളും പാര്‍ട്ടി വിട്ടു. താന്‍ ബി.ജെ.പിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ ആളാണെന്നും, ബി.ജെ.പിക്ക് വേണ്ടി ക്യാമ്പയ്ന്‍ നടത്താന്‍ തനിക്കൊരിക്കലും കഴിയില്ലെന്നും ശേലര്‍ പറഞ്ഞു. അഹ് മദ് നഗര്‍ ലോക്‌സഭാ സീറ്റിന്റെ ചുമതലയുള്ള ആളാണ് ശേലര്‍.
“അഹ്മദ് നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഒരു റാലി വരെ നടത്തുകയും ചെയ്തു. ബി.ജെ.പിയുമായി ഒരു കാരണവാശാലും സഖ്യമുണ്ടാവില്ലെന്ന് എന്നോട് പറഞ്ഞതാണ്”- ശേലര്‍ പറഞ്ഞു.
“കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ ബി.ജെ.പിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവരെ വിമര്‍ശിക്കുന്നു. ഇപ്പോള്‍ ഈ സഖ്യത്തിനു വേണ്ടി ഞാന്‍ എങ്ങനെ ക്യാമ്പയ്‌നിന് ഇറങ്ങും. അതുകൊണ്ടാണ് ഞാനും എന്റെ അണികളും പാര്‍ട്ടി വിട്ടത്”- ശേലര്‍ പറയുന്നു.
എന്‍.സി.പിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്ന ശേലര്‍ മൂന്ന് വര്‍ഷം മുമ്പാണ് ശിവസേനയിലെത്തുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ശേലറിന്റെ മോഹത്തിന് സഖ്യം തടസ്സമായേക്കുമെന്നും, അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും ശിവസേന അവകാശപ്പെടുന്നു.
ഈ മാസം 18നാണ് മഹാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ സഖ്യധാരണയായത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും 50-50 സീറ്റുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും.
സഖ്യ കക്ഷികളെ ബഹുമാനിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ ബി.ജെ.പി സഖ്യകക്ഷി അപ്‌നാ ദള്‍ ഇന്നലെ സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു.