'ശിവസേന സഹായം തേടിയിട്ടില്ല'; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് ബി.ജെ.പിയാണെന്നും ശരത് പവാര്‍
national news
'ശിവസേന സഹായം തേടിയിട്ടില്ല'; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് ബി.ജെ.പിയാണെന്നും ശരത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 7:39 pm

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എന്‍.സി.പിയുടെ സഹായം തേടിയിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മടങ്ങിവരാനുള്ള സാധ്യതയും പവാര്‍ നിഷേധിച്ചു. എന്‍.സി.പിക്ക് ജനങ്ങള്‍ നല്‍കിയ കല്‍പ്പന പ്രതിപക്ഷത്ത് ഇരിക്കാനാണെന്നും എന്നാല്‍ ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നും പവാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പവാര്‍, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് ബി.ജെ.പിയാണെന്ന നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍.സി.പിയുടെ പങ്കാളിത്തം ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 25 ശിവസേന എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പിക്ക് പിന്തുണ നല്‍കിയ സ്വതന്ത്ര എം.എല്‍.എ രവി റാണ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുങ്കുമ സഖ്യമില്ലാതെ അടുത്ത സര്‍ക്കാര്‍ രൂപീകരിച്ചാല്‍ രണ്ട് ഡസനോളം സേന എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നും രവി റാണ അവകാശപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”വാസ്തവത്തില്‍ ശിവസേനയിലെ 25 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. ശിവസേനയില്ലാതെ ഫഡ്‌നാവിസ് ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, അടുത്ത രണ്ട് മാസത്തിനുള്ളില്‍ സേന പിളരുകയും 25 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്യും.’- രവി റാണ പറഞ്ഞിരുന്നു.