| Saturday, 26th October 2019, 3:36 pm

'ഉദ്ദവ് ജിക്ക് ആ ഉറപ്പ് ലഭിക്കണം'; ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കി നിലപാട് കടുപ്പിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചത്തീസ്ഗഡ്: ആദിത്യ താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ശിവസേന. പുതിയ സര്‍ക്കാരില്‍ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്നും സംസ്ഥാനത്ത് രണ്ടര വര്‍ഷത്തെ ഭരണം ശിവസേനയ്ക്ക് തരണമെന്നും രണ്ടരവര്‍ഷം ബി.ജെ.പി ഭരിക്കട്ടെയെന്നുമാണ് ഉദ്ദവ് താക്കറെ അധ്യക്ഷനായ യോഗത്തില്‍ എം.എല്‍.എല്‍മാര്‍ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സംഖ്യം അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ശിവസേന രംഗത്തെത്തിയത്. 288 അംഗ സംസ്ഥാന നിയമസഭയില്‍ 161 സീറ്റുകളാണ് സഖ്യം നേടിയത്.

ബി.ജെ.പിയ്ക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 44 സീറ്റുകളും എന്‍.സി.പി 54 സീറ്റുകളും നേടി.

50: 50 പവര്‍ ഷെയറിംഗ് ഫോര്‍മുലയാണ് ശിവസേന നിര്‍ദേശിച്ചത്. മുഖ്യമന്ത്രി പദവും ഇത്തരത്തില്‍ പങ്കിടണമെന്നാണ് ശിവസേനയുടെ ആവശ്യം.

വോര്‍ലി നിയോജകമണ്ഡലത്തില്‍ നിന്ന് 67,427 വോട്ടുകള്‍ക്കാണ് ആദിത്യ താക്കറെ വിജയിച്ചത്. ഒക്ടോബര്‍ 30 ന് വിധാന്‍ വെച്ച് ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്.

രണ്ട് സഖ്യകക്ഷികള്‍ക്കും 2.5 വര്‍ഷം വീതം സര്‍ക്കാരിനെ നയിക്കാനുള്ള അവസരം ലഭിക്കണമെന്നാണ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത്.

ലോക്‌സഭാ വോട്ടെടുപ്പിന് മുമ്പ് അമിത് ഷാ 50-50 ഫോര്‍മുല വാഗ്ദാനം ചെയ്തു. അതുപോലെ, രണ്ട് സഖ്യകക്ഷികള്‍ക്കും രണ്ടര വര്‍ഷം വീതം സര്‍ക്കാര്‍ നടത്താനുള്ള അവസരം ലഭിക്കണം. അങ്ങനെ വരുമ്പോള്‍ ശിവസേനയ്ക്കും മുഖ്യമന്ത്രി പദം ലഭിക്കും. ഉദവ് ജിക്ക് ബി.ജെ.പിയില്‍ നിന്ന് രേഖാമൂലം ഈ ഉറപ്പ് ലഭിക്കണം- ശിവസേന നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞു.

ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഉദ്ദവ് ജി അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. -താനെ എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞു.

ദേവേന്ദ്ര ഫഡ്നാവിസിനുപകരം ശിവസേനയ്ക്ക് മുഖ്യമന്ത്രിയെ ലഭിക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ സഹായം തേടുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് ശിവസേനയിലേക്ക് മാറിയ എം.എല്‍.എ അബ്ദുള്‍ സത്താറും സര്‍നായിക്കിന്റെ അഭിപ്രായത്തെ അനുകൂലിച്ചു.” ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഉദ്ദവ്ജി അന്തിമ തീരുമാനമെടുക്കും”- സത്താര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോമ്#ഗ്രസ് ശിവസേനയെ ക്ഷണിച്ചിരുന്നു. ബി.ജെ.പി ബന്ധം ഉപേക്ഷിച്ചു വന്നാല്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹേബ് തോറോട്ട് പറഞ്ഞത്. എന്നാല്‍ ശിവസേനയുമായി ചര്‍ച്ച പാടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ നിലപാടെടുത്തിരുന്നു.

സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എന്‍.സി.പി കോണ്‍ഗ്രസ് മുന്നണിക്കില്ല. എന്നാലും ബി.ജെ.പിയെ ഭരണത്തില്‍ നിന്നകറ്റാന്‍ ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന തന്ത്രമായിരുന്നു കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ മുന്നോട്ട് വെച്ചത്.

We use cookies to give you the best possible experience. Learn more