വിഷയത്തില്‍ ഗുലാം നബി ആസാദ് മാപ്പു പറഞ്ഞാലും സത്യം മാറില്ലെന്ന് ശിവസേന, മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മുംബൈ: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രനടപടിയെ ഉറി ഭീകരാക്രമണത്തോട് താരതമ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയെ പിന്തുണച്ച് ശിവസേന രംഗത്ത്.
വിഷയത്തില്‍ ഗുലാം നബി ആസാദ് മാപ്പു പറഞ്ഞാലും സത്യം മാറില്ലെന്ന് ശിവസേന, മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിലും കൂടുതല്‍ പേര്‍ നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസ്താവന.
വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ബി.ജെ.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടെങ്കിലും തയാറല്ലെന്നായിരുന്നു ഗുലാം നബി ആസാദിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന അദ്ദേഹത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയത്.
ഉറി ആക്രമണത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്, നോട്ടു പിന്‍വലിച്ചതിലൂടെ ബാങ്കുകളില്‍ ക്യൂ നില്‍ക്കുകയും എ.ടി.എമ്മുകള്‍ക്ക് മുന്നിലെ തിരക്കിലുമുണ്ടായ അപകടങ്ങളില്‍ നാല്‍പ്പത് രാജ്യസ്‌നേഹികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണം നടത്തിയവര്‍ക്ക് മാത്രമേ വ്യത്യാസമുള്ളു. ഉറിയില്‍ പാക്കിസ്ഥാന്‍ ആക്രമിച്ചപ്പോള്‍ നോട്ടു പിന്‍വലിച്ചതിലൂടെയുണ്ടായ മരണങ്ങള്‍ക്ക് കാരണക്കാര്‍ നമ്മുടെ ഭരണാധികാരികള്‍ തന്നെയാണെന്ന് ശിവസേന പറയുന്നു.
പണപ്പെരുപ്പവും മാന്ദ്യവും തൊഴിലില്ലായ്മയും വര്‍ദ്ധിച്ച് മരണനിരക്ക് 40ല്‍ നിന്നു 40 ലക്ഷത്തിലേക്ക് ഉയര്‍ന്നാലും ഈ സര്‍ക്കാര്‍ അവരെ വിശേഷിപ്പിക്കുക രാജ്യസ്‌നേഹത്തിന്റെ ഇരകള്‍ എന്നായിരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നേരത്തെ പ്രസ്താവനയില്‍ മാപ്പുപറയണമെന്ന ആവശ്യത്തിന് താനല്ല, രാജ്യത്തെ 125 കോടി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ബി.ജെ.പിയാണ് മാപ്പു പറയേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. പ്രസ്താവന പിന്‍വലിച്ച് ഗുലാം നബി ആസാദും കോണ്‍ഗ്രസും രാജ്യത്തോട് മാപ്പുപറയണമെന്ന് ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടിരുന്നു.
ഗുലാം നബി ആസാദിന്റെ പ്രസ്താവന ദേശവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചിരുന്നു. കൂടാതെ ഉറിയില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാരെ അവഹേളിച്ച പരാമര്‍ശത്തില്‍ ആസാദ് മാപ്പു പറയണമെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ ആവശ്യപ്പെട്ടു. പരാമര്‍ശം പിന്നീട് സഭാ രേഖകളില്‍ നിന്നു നീക്കുകയായിരുന്നു.