ആം ആദ്മിയെ വാഴ്ത്തി ശിവസേന; വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും മികച്ച പ്രവര്ത്തനം
D' Election 2019
ആം ആദ്മിയെ വാഴ്ത്തി ശിവസേന; വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും മികച്ച പ്രവര്ത്തനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 8:01 am

മുംബൈ:ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് നേരേയുണ്ടായ ആക്രമണത്തെ പ്രതിരോധിച്ച് ശിവസേന. അദ്ദേഹത്തത്തിന്റെ സുരക്ഷയില്‍ ഒരു വീഴ്ച്ചയും ഉണ്ടാവരുതെന്ന് ശിവസേന പറഞ്ഞു.

ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും പുകഴ്ത്തി സംസാരിച്ചു. വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും ആം ആദ്മി പാര്‍ട്ടി മികച്ച ഒരു പാട് കാര്യങ്ങള്‍ നടപ്പിലാക്കി എന്നായിരുന്നു ശിവസേനയുടെ പരാമര്‍ശം.

‘വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും ആം ആദ്മി പാര്‍ട്ടി മികച്ച ഒരു പാട് കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. അതേസമയം ആംആദ്മി നേതാവ് പ്രധാനമന്ത്രിയാവുന്നതിനെകുറിച്ച് സ്വപ്‌നം കാണുകയും തെറ്റായ ആരോപണങ്ങളും അവകാശവാദങ്ങളും ഉന്നയിക്കുകയും ചെയ്യുന്നു.’ ശിവസേന പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയില്‍ ദല്‍ഹിയില്‍ വെച്ച് അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം നടന്നിരുന്നു. ഒരു തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ ചുവപ്പ് വസ്ത്രം ധരിച്ച ഒരാള്‍ കെജ്‌രിവാളിനെ അടിക്കുകയായിരുന്നു.

സാമൂഹിക രാഷ്ട്രീയ അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചു വരികയാണെന്നും എന്നാല്‍ മഷി ചീറ്റുന്നതോ ഷൂസ് എറിയുന്നതോ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്നും ശിവസേന പറഞ്ഞു.അരവിന്ദ് കെജ്‌രിവാളിന് നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണെന്നും ശിവസേന ആരോപിച്ചു.