മഹാരാഷ്ട്രാ രാഷ്ട്രീയം 2014-ലെ തനിയാവര്‍ത്തനം; ചോദിച്ച സീറ്റില്ലെങ്കില്‍ ശിവസേന വീണ്ടും ഒറ്റയ്ക്ക് മത്സരിക്കും; അവസരം മുതലാക്കാനാകാതെ പ്രതിപക്ഷം
national news
മഹാരാഷ്ട്രാ രാഷ്ട്രീയം 2014-ലെ തനിയാവര്‍ത്തനം; ചോദിച്ച സീറ്റില്ലെങ്കില്‍ ശിവസേന വീണ്ടും ഒറ്റയ്ക്ക് മത്സരിക്കും; അവസരം മുതലാക്കാനാകാതെ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 6:12 pm

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷം മുന്‍പുണ്ടായ അതേ സീറ്റ് തര്‍ക്കമാണ് ഈവര്‍ഷവും ബി.ജെ.പിയും ശിവസേനയും തമ്മില്‍ നടക്കുന്നത്. സംസ്ഥാനത്തെ 288 സീറ്റുകളില്‍ തുല്യപ്രാതിനിധ്യം വേണമെന്നാണ് സേന ബി.ജെ.പിക്കു മുന്നില്‍ വെച്ചിരിക്കുന്ന ആവശ്യം.

എന്നാല്‍ 135 സീറ്റെന്ന സേനയുടെ ആവശ്യത്തോട് ബി.ജെ.പി അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് 160 അതിലധികമോ സീറ്റുകള്‍ വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ നാലിനായിരുന്നു ഇരുപാര്‍ട്ടികളും ആദ്യമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയത്. അത് മഹാരാഷ്ട്രാ ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ വീട്ടില്‍വെച്ചായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഇരുപാര്‍ട്ടികളും സമവായത്തിലെത്തിയില്ല.

തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തന്നെയാണ് സേനയുടെ തീരുമാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടതോടെ പാര്‍ട്ടി ജനപ്രതിനിധികളുടെയും രാഷ്ട്രീയ തന്ത്രജ്ഞരുടെയും യോഗം സേനാ തലവന്‍ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്തതും ഈ നീക്കം ഫലപ്രദമാകുമോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ബി.ജെ.പി ‘ബിഗ് ബ്രദര്‍’ റോളാണ് വഹിക്കുന്നതെന്ന് ഫഡ്‌നാവിസ് കഴിഞ്ഞമാസം വ്യക്തമാക്കിയത് സേനയെ ചൊടിപ്പിച്ചിരുന്നു.

ഈ ഭിന്നതകളൊക്കെ നിലനില്‍ക്കുമ്പോള്‍പ്പോലും സംസ്ഥാനത്തു പ്രതിപക്ഷകക്ഷികള്‍ക്ക് ഈ സാഹചര്യം ഉപയോഗിക്കാനാകുന്നില്ല. ചില മുതിര്‍ന്ന എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2014-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് 25 വര്‍ഷം നീണ്ട സഖ്യം വേണ്ടെന്നുവെയ്ക്കാന്‍ സേന നിര്‍ബന്ധിതമായത്. അന്ന് 122 സീറ്റുകളാണ് ബി.ജെ.പി നേടിയത്. അതേസമയം സേനയ്ക്കു നേടാനായത് 63 എണ്ണമാണ്.

പക്ഷേ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഇരുപാര്‍ട്ടികളും സഖ്യത്തിലെത്തി.

2014-ല്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കു മത്സരിച്ചു നേട്ടമുണ്ടാക്കിയത് മോദിതരംഗത്തിന്റെ പേരിലാണെന്ന് മുതിര്‍ന്ന രാഷ്ട്രീയ മാധ്യമപ്രവര്‍ത്തകനും അനലിസ്റ്റുമായ ഹേമന്ത് ദേശായി പറഞ്ഞു.

എന്നാല്‍ അഞ്ചുവര്‍ഷത്തിനിപ്പുറം മോദിതരംഗമില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സ്വന്തം പ്രതിച്ഛായ ഉണ്ടാക്കിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2014-ല്‍ അധികാരത്തിലേറാന്‍ മാത്രം സേന ബി.ജെ.പിയോട് കൈകോര്‍ത്തെങ്കിലും തുടര്‍ന്ന് ആ സഖ്യം എല്ലാ അര്‍ഥത്തിലും അത്ര സുഖകരമായിരുന്നില്ല. ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയായി സേന പിന്നീട് മാറി.

സേനയുടെ മുഖപത്രമായ സാമ്‌നയിലൂടെ താക്കറെ ബി.ജെ.പിയെ നിരന്തരം ആക്രമിച്ചു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പ് ഫെബ്രുവരിയില്‍ അമിത് ഷായും താക്കറെയും ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു.

അത് സംസ്ഥാനത്തെ 48 സീറ്റുകളില്‍ 41 എണ്ണവും നേടാന്‍ സഖ്യത്തെ സഹായിച്ചു. പക്ഷേ തെരഞ്ഞെടുപ്പിനു ശേഷവും സേന നരേന്ദ്രമോദിയുടെയും ഫഡ്‌നാവിസിന്റെയും സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ടിരുന്നു.

അതിനിടെ പുതിയ ചില നേതാക്കളുടെ ഉദയം ഇരുപാര്‍ട്ടികളിലും ഉള്‍പ്പോര് രൂക്ഷമാക്കിക്കഴിഞ്ഞു. പുതിയ വ്യക്തികള്‍ വരുന്നതോടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നതായി ആരോപണമുണ്ട്.