മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം പിരിഞ്ഞത് ബാധിക്കുക നവംബര്‍ 22നു നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പിനെ. മുംബൈ മേയര്‍ തെരഞ്ഞെടുപ്പാണ് 22നു നടക്കാനിരിക്കുന്നത്. സഖ്യം പിരിഞ്ഞതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനമായത്.
2017 ലെ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 227 സീറ്റുകളില്‍ 84 എണ്ണത്തിലാണ് ശിവസേന വിജയിച്ചിരുന്നത്. 82 സീറ്റുകളായിരുന്നു ബി.ജെ.പി നേടിയത്. അന്ന് ബി.ജെ.പി ശിവസേനക്കു പിന്തുണ പ്രഖ്യാപിക്കുകയും സേനയുടെ വിശ്വനാഥ് മഹാദേശ്വര്‍ മേയറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 50:50 അനുപാതത്തിലായിരുന്നു കോര്‍പ്പറേഷന്‍ ഭരണം ക്രമീകരിച്ചിരുന്നത്.
വിശ്വനാഥ് മഹാദേശ്വറിന് രണ്ടര വര്‍ഷമായിരുന്നു കാലാവധി. സെപ്തംബറില്‍ സ്ഥാനമൊഴിഞ്ഞ് ബി.ജെ.പിക്ക് ഭരണം കൈമാറേണ്ടതായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കാലാവധി നവംബര്‍ വരെ നീട്ടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന അധികാര വടംവലികളുടെ ഭാഗമായാണ് ബി.ജെ.പി-ശിവസേന സഖ്യം പിരിയുന്നത്.
അതേസമയം, മഹാരാഷ്ട്രയില്‍ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ബി.ജെ.പിയെ അസ്വസ്ഥരാക്കുകയാണെന്ന് ശിവസേന പറഞ്ഞിരുന്നു. പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഒരിക്കലും ബി.ജെ.പിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി ഇപ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് കുതിരക്കച്ചവടം മുന്‍പില്‍ കണ്ടാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ അധിക കാലം അതിജീവിക്കില്ലെന്നും ആറ് മാസത്തിനുള്ളില്‍ തകര്‍ന്നുവീഴുമെന്നുമുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ട്നാവിസും പറഞ്ഞിരുന്നു.
അതേസമയം, കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണും. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.
സഖ്യം രൂപീകരിച്ച് പൊതുമിനിമം പദ്ധതിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍, പുതിയ സഖ്യത്തെക്കുറിച്ച് ഗവര്‍ണറെ അറിയിക്കാനാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍, സഖ്യസര്‍ക്കാരിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പവാര്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ശിവസേനയും കോണ്‍ഗ്രസും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.