| Monday, 6th September 2021, 5:26 pm

ആര്‍.എസ്.എസ് ഹിന്ദുത്വത്തിന്റെ പേരില്‍ സമൂഹത്തില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടില്ല; ആര്‍.എസ്.എസിനെ പിന്തുണച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആര്‍.എസ്.എസും താലിബാനും ഒരുപോലെയാണെന്ന തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ പരാമര്‍ശത്തില്‍ ആര്‍.എസ്.എസിനെ പിന്തുണച്ച് ശിവസേന. ജാവേദിന്റെ പരാമര്‍ശം പൂര്‍ണമായും തെറ്റാണ് എന്നാണ് ശിവസേന അഭിപ്രായപ്പെട്ടത്.

ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലാണ് ആര്‍.എസ്.എസിനെ പിന്തുണച്ചുള്ള മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ആര്‍.എസ്.എസ് ഒരിക്കലും ഹിന്ദുത്വത്തിന്റെ പേരില്‍ സമൂഹത്തില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടില്ലെന്നും ശിവസേന സാമ്‌നയില്‍ പറയുന്നു. ഹിന്ദുത്വത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തികളെ ശിവസേനയും ആര്‍.എസ്.എസും ഒരിക്കലും അംഗീകരിക്കില്ലെന്നും ശിവസേന മുഖപ്രസംഗത്തില്‍ എഴുതുന്നു.

ഹിന്ദുരാഷ്ട്രം ആഗ്രഹിക്കുന്നവരേയും താലിബാനേയും എങ്ങനെയാണ് താരതമ്യം ചെയ്യുകയെന്നും ശിവസേന ചോദിക്കുന്നു. താലിബാനും താലിബാനെ പിന്തുണയ്ക്കുന്നവരും മനുഷ്യാവകാശങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വില കല്‍പിക്കാത്തവരാണെന്നും എന്നാല്‍ ഹിന്ദുസ്ഥാനില്‍ സ്ഥിതി അങ്ങെനെയല്ലന്നും തങ്ങള്‍ സഹിഷ്ണുതയുള്ളവരാണന്നും ശിവസേന മുഖപ്രസംഗത്തില്‍ പറയുന്നു.

രാജ്യത്ത് മതഭ്രാന്തും വിദ്വേഷവും വളര്‍ന്നുവന്നപ്പോഴെല്ലാം ജാവേദ് അക്തര്‍ ആ മതഭ്രാന്തന്മാരുടെ മുഖംമൂടി വലിച്ചുകീറിയിട്ടുണ്ട്. മതമൗലികവാദികളുടെ ഭീഷണികള്‍ വകവെക്കാതെ അദ്ദേഹം വന്ദേമാതരം പാടിയിട്ടുണ്ട്. എന്നാല്‍ ആര്‍.എസ്.എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് തങ്ങള്‍ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ശിവസേന പറഞ്ഞു.

എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസും താലിബാനും ഒരുപോലെയാണ് എന്ന് ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടത്. താലിബാന്‍ മുസ്ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

മതരാഷ്ട്രം ആഗ്രഹിക്കുന്നവര്‍ ഹിന്ദുവോ ക്രിസ്ത്യനോ മുസല്‍മാനോ ജൂതനോ ആരും തന്നെ ആകട്ടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദള്‍ എന്നിവരും, അവരെ പിന്തുണക്കുന്നവരും അതുപോലെ തന്നെയാണ് എന്നാണ് ജാവേദ് അക്തര്‍ പറഞ്ഞത്

ജാവേദ് അക്തറിന്റെ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ട് ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും മാത്രമല്ല, സംഘപറിവാറിന്റെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്കും ആ ആശയങ്ങള്‍ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും ഈ പ്രസ്താവന വേദനാജനകവും അപമാനകരവുമാണെന്നും ബി.ജെ.പി എം.എല്‍.എ രാം കദം പറഞ്ഞിരുന്നു.

ആര്‍.എസ്.എസ് താലിബാനെ പോലെ ആയിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കുമോ എന്നും രാം കദം ചോദിച്ചു. ജാവേദ് അക്തര്‍ കോടിക്കണക്കിന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും, മാപ്പ് പറയണമെന്നും രാം കദം ആവശ്യപ്പെട്ടു. മാപ്പ് പറയാത്ത പക്ഷം ജാവേദിന്റേയും കുടുംബത്തിന്റേയും ഒരു സിനിമയും ഭാരതത്തിലെവിടെയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാം കദം പറഞ്ഞു.

സംഘപരിവാര്‍ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആളുകളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും അവര്‍ രാജധര്‍മ്മം നിറവേറ്റുമെന്ന കാര്യം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനുമുമ്പ് അദ്ദേഹം ചിന്തിക്കണമായിരുന്നു എന്നും രാം കദം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Shiv Sena backs RSS over Javed Akhtar

We use cookies to give you the best possible experience. Learn more