ന്യൂദല്‍ഹി: അഴിമതി വിഷയത്തില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് ശിവസേന. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് ആരാണ് ഫണ്ടു നല്‍കുന്നതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത് പണത്തിന്റെ പവറുകൊണ്ടാണോയെന്നും ശിവസേന ചോദിച്ചു.
അഴിമതി തടയല്‍ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു ശിവസേന എന്‍.ഡി.എയ്‌ക്കെതിരെ രംഗത്തുവന്നത്. ശിവസേന എം.പി അരവിന്ദ് സാവന്ദാണ് ചോദ്യമുയര്‍ത്തിയത്.
Also Read:“ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം; അക്ബര്‍ മരിച്ചത് പൊലീസ് കസ്റ്റഡിയില്‍ വെച്ചാണ്”;ആഭ്യന്തരമന്ത്രി
തെരഞ്ഞെടുപ്പുവേളയില്‍ മോദി രാജിവെച്ച് ഒരു എം.പിയെപ്പോലെ തെരഞ്ഞെടുപ്പു നേരിടണമെന്നും ആര് ജയിക്കുമെന്ന് അപ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കറ പുരണ്ട മറ്റു പാര്‍ട്ടിയിലെ നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിക്കുന്നതിനേയും സാവന്ത് വിമര്‍ശിച്ചു.
റിലയന്‍സ് ജിയോയില്‍ മോദിയുടെ ഫോട്ടോ ഉപയോഗിച്ച വിഷയത്തിലും ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ വിഷയത്തിലും സാവന്ത് സര്‍ക്കാറിനെ വിമര്‍ശിച്ചു.
“അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടമെന്നു പറയുന്നത് സത്യസന്ധമായിട്ടാണെങ്കില്‍ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നേരിടുന്നതെന്ന് ഭരണകക്ഷി വെളിപ്പെടുത്തണം. പ്രധാനമന്ത്രി ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ല, ഈ രാജ്യത്തിന്റേതാണ്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിക്ക് പോകുമ്പോള്‍ ആരാണ് അതിന്റെ പണം ചിലവഴിക്കുന്നത്? പാര്‍ട്ടിയില്‍ നിന്നാണോ അതോ സര്‍ക്കാര്‍ ഖജനാവില്‍ നിന്നോ?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
നോട്ടുനിരോധന വിഷയത്തിലും ശിവസേന മോദി സര്‍ക്കാറിനെ ചോദ്യം ചെയ്തു. “നോട്ടുനിരോധനം കള്ളപ്പണവും അഴിമതിയും തീവ്രവാദവും ഇല്ലാതാക്കുമെന്നാണ് വിശ്വസിച്ചത്. ഈ ലക്ഷ്യങ്ങള്‍ നേടിയോ? തീവ്രവാദം വര്‍ധിച്ചില്ലേ? ഇനി അങ്ങനെയല്ലെങ്കില്‍ പിന്നെ 600 ജനങ്ങള്‍, നമ്മുടെ പട്ടാളക്കാര്‍ മരിച്ചതെങ്ങനെ” എന്നും അദ്ദേഹം ചോദിച്ചു.
ശബ്ദവോട്ടിലാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.