| Thursday, 13th June 2024, 1:58 pm

ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്കായി സീറ്റ് വിട്ടുനല്‍കി ശിവസേനയും കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പിയ്ക്കായി വിട്ടുവീഴ്ച്ച നടത്തി ശിവസേനയും കോണ്‍ഗ്രസും. പരസ്പരം സീറ്റുകള്‍ വിട്ടുനല്‍കികൊണ്ട് മത്സരിക്കാനാണ് ഇരുവിഭാഗവും തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ഏതാനും മണ്ഡലങ്ങളില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഉദ്ധവിന്റെ നീക്കം ഏകപക്ഷീയമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ചീഫ് നാനാ പട്ടോലെ വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് നിലപാടില്‍ മാറ്റം വരുത്തി ഇരു പാര്‍ട്ടികളും സംയുക്ത യോഗം ചേര്‍ന്നത്.

ഗ്രാജ്വേറ്റ്‌സ്, ടീച്ചേഴ്സ് മണ്ഡലങ്ങളിലാണ് ഉദ്ധവ് താക്കറെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് അതൃപ്തി പ്രകടിപ്പിച്ചതോടെ കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് കിഷോര്‍ ജെയ്നിന്റെ നാമനിര്‍ദേശ പത്രിക ശിവസേന പിന്‍വലിച്ചു. നാസിക് ടീച്ചേഴ്സ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് കോണ്‍ഗ്രസും പിന്‍വാങ്ങി.

കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തിലെ പത്രിക പിന്‍വലിച്ച് മുംബൈ ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ അനില്‍ പരമ്പിനെ ശിവസേന സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

പട്ടോലയുടെ വിമര്‍ശനത്തിന് പിന്നാലെ എ.ഐ.സി.സി നേതൃത്വം ശിവസേന എം.പി സഞ്ജയ് റാവൂത്തുമായി സംസാരിച്ചു. തുടര്‍ന്നാണ് ഇടഞ്ഞുനിന്നിരുന്ന ഉദ്ധവിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായത്. മുംബൈ ഗ്രാജ്വേറ്റ്‌സ് മണ്ഡലം, കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലം, മുംബൈ ടീച്ചേഴ്സ് മണ്ഡലം, നാസിക് ടീച്ചേഴ്സ് മണ്ഡലം എന്നിവയിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പ് ജൂണ്‍ 26ന് നടക്കും, ജൂലൈ ഒന്നിന് ഫലം പ്രഖ്യാപിക്കും.

അതേസമയം സംസ്ഥാനത്തെ 288 നിയമസഭ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കാന്‍ പ്രവര്‍ത്തകരോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സേനാഭവനില്‍ നടന്ന യോഗത്തിലാണ് ഉദ്ധവിന്റെ പ്രസ്താവന.

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്‌ട്രൈക്ക് റൈറ്റ് മറ്റു ഘടകക്ഷികളെ സംബന്ധിച്ച് കുറവാണ്. 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 ഉം പത്ത് സീറ്റില്‍ മത്സരിച്ച എന്‍.സി.പി എട്ട് സീറ്റ് വീതവുമാണ് നേടിയത്. എന്നാല്‍ 21 സീറ്റില്‍ മത്സരിച്ച യു.ബി.ടി ഒമ്പത് മണ്ഡലങ്ങളില്‍ മാത്രമേ വിജയം കണ്ടുള്ളു. സീറ്റുകളിലുള്ള ഈ വ്യത്യാസവും പാര്‍ട്ടി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Shiv Sena and Congress gave up seats for NCP in the by-elections

We use cookies to give you the best possible experience. Learn more