മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ആഭ്യന്തര വകുപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന കൂടികാഴ്ച്ചയില്‍ നഗര വികസനത്തിന് പകരം ശിവസേന ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
ശിവസേന നേതാക്കളായ സജ്ഞയ് റാവത്ത്, ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും എന്‍.സി.പി നേതാക്കളായ ജയന്ത് പട്ടീല്‍, അജിത് പവാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ആഭ്യന്തര വകുപ്പിന്റെ പ്രാധാന്യം മനസിലാക്കുന്നുവെന്നും അതിനാല്‍ വകുപ്പ് നിലനിര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് ശിവസേനേ നേതാക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ആഭ്യന്തരം എന്‍.സി.പിക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ അത് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ തീരുമാനം. പകരം നഗര വികസനം എന്‍.സി.പിക്ക് നല്‍കാനും. ഇന്ന് ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. ശിവസേനക്ക് പതിനഞ്ചും കോണ്‍ഗ്രസിന് പന്ത്രണ്ടും മന്ത്രിമാരാണുണ്ടാവുക.
ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭയുടെ വകുപ്പ് വിഭജനം നാളെയുണ്ടായേക്കും. മഹാവികാസ് അഘാഡി മന്ത്‌രി സഭയില്‍ 43 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം ഏഴ് പേര്‍ മാത്രമേ ഇപ്പോള്‍ സത്യപ്രതിഞ്ജ ചെയ്തിട്ടുള്ളൂ.