ന്യൂദല്‍ഹി: പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെത്തിയതിന് പിന്നാലെ വിമര്‍ശനുമായി ശിവസേന. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ലെന്നും ശിവസേനയിലെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. അതേസമയം കര്‍ഷക പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രിയങ്ക രൂക്ഷ വിമര്‍ശനമുയര്‍ത്തി.
‘പ്രിയപ്പെട്ട ജസ്റ്റിന്‍ ട്രൂഡോ, നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു. പക്ഷെ ഇത് ഇന്ത്യക്കാരുടെ ആഭ്യന്തര പ്രശ്‌നമാണ്, മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് ഞങ്ങള്‍ പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം. നരേന്ദ്ര മോദി ജി, നിങ്ങളോട് അപേക്ഷിക്കുകയാണ്, ഇടപെട്ട് അഭിപ്രായം പറയുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മറ്റു രാജ്യക്കാര്‍ക്ക് കൂടി തോന്നുന്നതിന് മുന്‍പ് ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം,’ പ്രിയങ്ക ട്വിറ്ററിലെഴുതി.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നയത്തിനെതിനെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ചയാണ് രംഗത്തെത്തിയത്. ഈ ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Dear @JustinTrudeau ,touched by your concern but India’s internal issue is not fodder for another nation’s politics.Pls respect the courtesies that we always extend to other nations.
Request PM @narendramodi ji to resolve this impasse before other countries find it okay to opine.— Priyanka Chaturvedi (@priyankac19) December 1, 2020
കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അവഗണിച്ചുകളയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം കാനഡ എപ്പോഴും നിലകൊള്ളുമെന്നും വ്യക്തമാക്കി.
സംഭാഷണത്തിലും-ചര്‍ച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ‘ ജസ്റ്റിന്‍ ട്രൂഡോ ഒരു വീഡിയോയില്‍ പറഞ്ഞു.
”നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.,” പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചിരുന്നു.
നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.