മുംബൈ: ബീഫ് നിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ബി.ജെ.പി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
ജനങ്ങളോട് കൂടുതല്‍ ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്ത് മേഘാലയയിലെ ബി.ജെ.പി മന്ത്രി സാന്‍ബര്‍ ഷുല്ലായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉദ്ദവിന്റെ പ്രതികരണം. ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഉദ്ദവിന്റെ വിമര്‍ശനം.
‘ബീഫ് കഴിക്കണമെന്ന് മേഘാലയയിലെ ബി.ജെ.പി മന്ത്രി സാന്‍ബര്‍ ഷുല്ലായി ആഹ്വാനം ചെയ്തിരിക്കുകയാണ്. അദ്ദേഹം ചതിയനാണെന്നും തൂക്കിക്കൊല്ലണമെന്നൊന്നും പറയുന്നില്ല.
എന്നാല്‍ ബീഫ് വിഷയത്തില്‍ ബി.ജെ.പി ഒരു നിലപാട് വ്യക്തമാക്കേണ്ടതാണ്. ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലചെയ്തവരോടും ആക്രമണങ്ങളില്‍ ക്രൂരമായി പരിക്കേറ്റവരോടും ബി.ജെ.പി പരസ്യമായി മാപ്പ് പറയണം. കാരണം ബി.ജെ.പി മന്ത്രി തന്നെയാണ് ഇപ്പോള്‍ ബീഫിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്,’ ഉദ്ദവ് പറഞ്ഞു.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഗോമാംസം അവിടുത്തെ ജനങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശ്, ദല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പശുവിനെ ഗോമാതാവായി കാണണമെന്ന് പറയുകയും അതേസമയം ഗോവ, കേരളം, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ നിലപാട് മറക്കുകയുമാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്യുന്നതെന്നും ഉദ്ദവ് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന രീതിയാണ് ബി.ജെ.പി പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 31 നാണ് ജനങ്ങളോട് കൂടുതല്‍ ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്ത് മേഘാലയയിലെ ബി.ജെ.പി മന്ത്രി സാന്‍ബര്‍ ഷുല്ലായി രംഗത്തെത്തിയത്. കോഴിയിറച്ചിയും മട്ടണും മത്സ്യവും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്നാണ് മന്ത്രിയായ സാന്‍ബര്‍ ഷുല്ലായി പറഞ്ഞത്.
ജനാധിപത്യ രാഷ്ട്രത്തില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള അവകാശമുണ്ടെന്നാണ് ഷുല്ലായി പറഞ്ഞത്. എന്നാലേ ബി.ജെ.പിയോടുള്ള തെറ്റിദ്ധാരണ മാറൂ എന്നും മന്ത്രി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളിലെ പുതിയ പശു നിയമങ്ങള്‍ മേഘാലയയിലേക്കുള്ള കന്നുകാലി ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.