മുംബൈ: മറാത്ത ജനവിഭാഗത്തെ സാമ്പത്തിക സംവരണവിഭാഗത്തിലേക്ക് മാറ്റാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ ബി.ജെ.പി അനുകൂല സംഘടനയായ ശിവ് സംഗ്രാം.
മറാത്ത വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ എസ്.ഇ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണെന്ന് സംഘടന നേതാവായ വിനായക് മേത്തേ പറഞ്ഞു.
സാമ്പത്തിക സംവരണം നടപ്പിലാക്കി കഴിഞ്ഞാല്‍ അത് മറാത്തരുടെ അവസരങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുമെന്നും വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കുറയുമെന്നും വിനായക് പറഞ്ഞു.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മറാത്താവാഡ മേഖലയില്‍ പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുകയാണ് ശിവ് സംഗ്രാം എന്നും വിനായക് പറഞ്ഞു.
‘മറാത്തരെ എസ്.ഇ.ബി.സിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രമേയം സംസ്ഥാന നിയമസഭയും നിയമസഭാ കൗണ്‍സിലും പാസാക്കിയതാണ്. 2018 ല്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം അംഗീകരിച്ചതുമാണ്. ഇതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലും മറാത്തവിഭാഗത്തിന് 12 മുതല്‍ 23 ശതമാനം വരെ സംവരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതോടെ പത്ത് ശതമാനം എന്ന നിലയിലേക്ക് ഈ സംവരണ ശതമാനം മാറും. ഇത് മറാത്തരുടെ അവസരങ്ങള്‍ ഇല്ലാതാക്കും’, വിനായക് പറഞ്ഞു.
മറാത്തരില്‍ നിന്നും തിരിച്ചടി നേരിടാതിരിക്കാനാണ് അവരുടെ സംവരണനില കുത്തനെ വെട്ടിക്കുറച്ചതെന്നും വിനായക് പറഞ്ഞു. സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ഈ തീരുമാനമെടുത്തതെന്നും മറാത്ത സംഘടന നേതാക്കളുമായി യാതൊരുവിധ ചര്‍ച്ചകളും സര്‍ക്കാര്‍ നടത്തിയില്ലെന്നും വിനായക് പറഞ്ഞു.
2016 മുതല്‍ മറാത്ത സംവരണവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന മറാത്ത ക്രാന്തി മോര്‍ച്ചയും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക