വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിക്കുന്ന രാഹുല്‍ ഗാന്ധിയെന്ന ബ്രാഹ്മണന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ?; രാഹുലിന്റെ വിശ്വാസത്തെ വീണ്ടും ചോദ്യം ചെയ്ത് ബി.ജെ.പി
India
വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിക്കുന്ന രാഹുല്‍ ഗാന്ധിയെന്ന ബ്രാഹ്മണന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ?; രാഹുലിന്റെ വിശ്വാസത്തെ വീണ്ടും ചോദ്യം ചെയ്ത് ബി.ജെ.പി
എഡിറ്റര്‍
Sunday, 3rd December 2017, 4:12 pm

 

വഡോദര: കോണ്‍ഗ്രസ്സ് ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വാസത്തെ ചോദ്യം ചെയ്ത് ബി.ജെ.പി വീണ്ടും രംഗത്ത്. വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിക്കുന്ന രാഹുല്‍ ഗാന്ധി എന്ന ബ്രാഹ്മണന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായാണ് ബി.ജെ.പി ലോകസഭാ എം.പി മീനാക്ഷി ലേഖി രംഗത്തെത്തിയിരിക്കുന്നത്.

വിശ്വാസത്തെ കുറിച്ച് വ്യക്തമാക്കണമെന്ന് പറഞ്ഞ ലേഖി ആദ്യമായിട്ടാണ് താന്‍ വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിച്ച ബ്രാഹ്മണനെ കാണുന്നതെന്ന് പരിഹസിക്കുകയും ചെയ്തു. വഡോദരയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് മീനാക്ഷി ലേഖി ഇക്കാര്യങ്ങള്‍ പറഞ്ഞത്.


Also Read: കണ്ണൂര്‍ അഴീക്കലില്‍ യാത്രാ ബോട്ട് മുങ്ങി


നേരത്തേ രാഹുല്‍ വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിച്ച ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു. പ്രിയങ്കയുടെ കല്യാണത്തിനും രാജീവ് ഗാന്ധിയുടെ മരണക്രിയകളിലും പങ്കെടുക്കുമ്പോഴുള്ളതായിരുന്നു ഈ ചിത്രങ്ങള്‍. കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത് ഘടകമാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണര്‍ ശിവ ഭക്തരാണെന്നാണ് പറയപ്പെടുന്നത്. രാമന്‍ ശിവ ഭക്തനാണെന്നും, രാമ സേതുവിന്റെ നിര്‍ണാണത്തിന് മുന്‍പ് ശിവനെ പ്രാര്‍ത്ഥിച്ചതിലൂടെ രാമന്‍ നിലനിന്നിരുന്നില്ല എന്നുമാണ് യു.പി.എ വ്യകതമാക്കിയിരുന്നത്. അപ്പോള്‍ ഈ വിഷയത്തില്‍ രാഹുല്‍ നിലപാട് വ്യക്തമാക്കുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് പുതിയ അറിവായിരിക്കുമെന്നും” ലേഖി പരിഹസിച്ചുകൊണ്ട് പറഞ്ഞു.

2007 ല്‍ യു.പി.എ സര്‍ക്കാര്‍ രാമ സേതു ഷിപ്പിംഗ് കനാല്‍ പദ്ധതിക്ക് വേണ്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് ഹിന്ദു പുരാണത്തിലെ ഒരു ഭാഗം മാത്രമാണെന്നും രാമന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ലന്നും പറഞ്ഞ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അത് തള്ളിയിരുന്നു. പിന്നീട് യു.പി.എ സര്‍ക്കാര്‍ രാമനെ കുറിച്ച് പരാമര്‍ശിച്ച ഭാഗം പിന്‍വലിക്കുകയും സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.


Dont Miss: വിഴിഞ്ഞത്ത് മന്ത്രിമാര്‍ക്കെതിരെ കൂകിവിളിച്ച് പ്രതിഷേധം; മെഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചുപോകേണ്ടി വന്നു


ഞങ്ങള്‍ ഇടപെടുന്ന രാമക്ഷേത്ര വിഷയത്തിലും ഞങ്ങളുടെ കര്‍സേവകര്‍ കൊല്ലപ്പെട്ട ഗോദ്ര കലാപത്തിന്റെ കാര്യത്തിലും അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും ലേഖി പറഞ്ഞു. ഗുജറാത്തിലെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍പും രാഹുലിന്റെ വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ തന്റെ മതത്തിന്റെ സര്‍ട്ടിഫിക്ക് ആരുടെ മുന്‍പിലും കാണിക്കേണ്ട ആവശ്യമില്ലെന്ന് രാഹുല്‍ഗാന്ധി വിവാദവിഷയത്തില്‍ നിലപാട് വ്യക്തമാക്കി പറഞ്ഞിരുന്നു. എന്റെ മുത്തശ്ശിയും എന്റെ കുടുംബക്കാരും ശിവഭക്തരാണ്. എന്നാല്‍ ഞങ്ങള്‍ അത്തരം കാര്യങ്ങളൊന്നും സംസാരിക്കാറില്ലന്നും അത് തികച്ചും ഞങ്ങളുടെ സ്വകാര്യമായ ഒന്നുമാത്രമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.