| Friday, 16th March 2012, 6:11 pm

വനം നിയമം ലംഘിച്ചു ശിരുവാണിയില്‍ സര്‍ക്കാര്‍ വക ടൂറിസം, ഉദ്ഘാടനം നാളെ മന്ത്രി പി.ജെ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരീഷ് വാസുദേവന്‍

പാലക്കാട് ജില്ലയിലെ മുത്തികുളം സംരക്ഷിത വനത്തിന്റെ ഭാഗമായ ശിരുവാണിയില്‍ വനം നിയമം ലംഘിച്ചു ടൂറിസം തുടങ്ങുന്നു. കേന്ദ്ര വനം നിയമവും സുപ്രീംകോടതി ഉത്തരവും ലംഘിച്ച് റിസര്‍വ് വനത്തിനുള്ളില്‍ കെട്ടിടനിര്‍മ്മാണം നടത്തുകയും അത് ടൂറിസത്തിന് തുറന്നു കൊടുക്കുകയും ചെയ്യുന്നത് സംസ്ഥാന ജലസേചന വകുപ്പാണ്. അനധികൃതമായി മൂന്നു ചെക്ക് പോസ്റ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മാര്‍ച്ച്  17 നു ജലസേചനമന്ത്രി പി.ജെ.ജോസഫാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. കാട്ടിനുള്ളില്‍ നിയമം ലംഘിച്ച് പണിത കെട്ടിടം ടൂറിസത്തിന് തുറന്നു കൊടുക്കുന്നുവെന്ന പരസ്യം ജലസേചനവകുപ്പ് തന്നെ പത്രങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. സ്ഥലം എം.എല്‍.എ ഷംസുദ്ദീനും എം.പി യായ എം.ബി.രാജേഷും ചടങ്ങിനുണ്ടാകും. മന്ത്രി തന്നെ നിയമലംഘനം നടത്തുമ്പോള്‍ മിണ്ടാനാവാത്ത സ്ഥിതിയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

റിസര്‍വ് വനത്തിന്റെ ഉള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അങ്ങനെ യാതൊരു അനുമതിയും വാങ്ങാതെയാണ് ജലസേചന വകുപ്പ് കെട്ടിടം പണിതതും അറ്റകുറ്റ പണികള്‍ നടത്തുന്നതും. മുത്തികുളം റിസര്‍വ് വനത്തിനുള്ളില്‍ ടൂറിസം പോലുള്ള വനേതര പ്രവര്‍ത്തികള്‍ നടത്താനും കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും മുന്‍കൂര്‍ അനുമതി വേണം. ഇതെല്ലാം ലംഘിച്ചാണ് ജലസേചന വകുപ്പ് സെക്രട്ടറി ഒരു ഉത്തരവ് ഇറക്കി ശിരുവാണിയിലെ ജലസേചന വകുപ്പിന്റെ കെട്ടിടം ടൂറിസം നടത്താന്‍ വിട്ടുകൊടുക്കുന്ന ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് തന്നെ വനം നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വനം ചീഫ് കണ്‌സര്‍വേറ്റര്‍ ഇത് നേരത്തെ തടഞ്ഞിരുന്നു. എതിര്‍പ്പുകള്‍ അവഗണിച്ച് ജലസേചന വകുപ് മന്ത്രി പി.ജെ ജോസഫ് തന്നെ രംഗത്ത് വന്നു. കൃത്രിമ തസ്തിക സൃഷ്ടിച്ചു ചെക്ക് പോസ്റ്റില്‍ 24 താല്‍ക്കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഈ നിയമനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നും അതാണ് മന്ത്രി നേരിട്ട് നിയമലംഘനം നടത്താന്‍ രംഗത്ത് ഇറങ്ങിയതെന്നും ആക്ഷേപമുണ്ട്.

ശിരുവാണിയില്‍ അനധികൃത ടൂറിസവും നിര്‍മ്മാണവും നടത്തുന്നതിനെതിരെ “വണ്‍എര്‍ത്ത് വണ്‍ലൈഫ്” എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശിരുവാണിയില്‍ എല്ലാതരം നിര്‍മ്മാണങ്ങളും വനേതര പ്രവര്‍ത്തികളും തടഞ്ഞുകൊണ്ട് ഉന്നതാധികാര സമിതി സംസ്ഥാന ചീഫ് സെക്രട്ടരിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ആ ഉത്തരവും ലംഘിച്ചാണ് നാളെ മന്ത്രി പി.ജെ.ജോസഫ് തന്നെ ടൂറിസം തുടങ്ങാന്‍ പോകുന്നത്. കേന്ദ്രവനം നിയമത്തിന്റെ ലംഘനം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.  മന്ത്രി തന്നെ നിയമ ലംഘനം നടത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് ഫലമുണ്ടായില്ലെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും  “വണ്‍എര്‍ത്ത് വണ്‍ലൈഫ്” പ്രസിഡന്റ്‌റ ടോണി തോമസ് അറിയിച്ചു.

ശിരുവാണിയില്‍ നടക്കുന്ന ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും അടിയന്തിര നടപടിയെടുക്കണമെന്നും കാണിച്ച് സുപ്രീം കോടതി എംപവേര്‍ഡ് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനയച്ച കത്ത്

ശിരുവാണിയില്‍ ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്

വനപ്രദേശത്ത് ടൂറിസത്തിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വനം പരിസ്ഥിതി മന്ത്രാലയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കയച്ച കത്ത്

Latest Stories

We use cookies to give you the best possible experience. Learn more