| Wednesday, 24th October 2018, 9:12 am

2400 വര്‍ഷം പഴക്കമുള്ള കപ്പല്‍; അതും വെള്ളത്തിനടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍ഗ്ഗാസ്: സാരമായ കേടുപാടുകള്‍ ഒന്നും കൂടാതെ ഒരു കപ്പല്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഒരു കൂട്ടം സമുദ്രഗവേഷകര്‍. ഒന്നും രണ്ടുമല്ല. രണ്ടായിരത്തി നാനൂറു വര്‍ഷമാണ് ഈ പുരാതന ഗ്രീക്ക് കപ്പലിന്റെ പഴക്കം. ബള്‍ഗേറിയന്‍ നഗരമായ ബര്‍ഗാസില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരത്തായാണ് ഗവേഷകര്‍ക്ക് അവിചാരിതമായി ഈ കപ്പല്‍ കണ്ടുകിട്ടുന്നത്. തീരത്ത് നിന്നും മാറി കരിങ്കടലിലാണ് ഇരുപത്തിമൂന്നു മീറ്റര്‍ വലിപ്പമുള്ള ഈ മഹാനൗക ചില ആംഗ്ലോ-ബള്‍ഗേറിയന്‍ ഗവേഷകര്‍ കണ്ടെടുക്കുന്നത്. ഇതാദ്യമായാണ് ഇത്രയും പഴക്കമുള്ള ഒരു കപ്പല്‍ കേടുപാടുകള്‍ കൂടാതെ കണ്ടെടുക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു.

“മറ്റൊരു ലോകത്ത് എത്തിപെട്ടതുപോലെയാണിപ്പോള്‍ തോന്നുന്നത്. ആര്‍.ഓ.വി(റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍) താഴ്ന്നു കപ്പലിന്റെ അടിത്തട്ടിലെത്തുമ്പോല്‍ ഇതുവരെ കാണാത്ത കാഴ്ചകളാണ് കാണുക. ശരിക്കും കാലം പിന്നോട്ട് സഞ്ചരിച്ചത് പോലൊരു അനുഭൂതി” ഗവേഷകസംഘത്തിലെ ഡോക്ടര്‍ ഹെലന്‍ ഫാര്‍ തന്റെ ആശ്ചര്യം മറച്ചുവെക്കുന്നില്ല.

അതിപുരാതനമായ ഗ്രീക്ക് അലങ്കാരപാത്രങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള കപ്പലുകളുടെ ചിത്രങ്ങളും വിവരണങ്ങളും മുന്‍പ് കണ്ടിട്ടുള്ളത്. കപ്പലില്‍ കണ്ടെത്തിയ പങ്കായവും ചുക്കാനും മറ്റുപകരണങ്ങളും ഈ പാത്രങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളോട് അതിശയകരമായ സാമ്യം പുലര്‍ത്തുന്നുവെന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ സമുദ്രഗവേഷകര്‍ക്ക് തീര്‍ച്ചയായും ആവേശം പകരുന്നതാണ് ഇപ്പോഴത്തെ ഈ കണ്ടെത്തല്‍.

കപ്പലിനകത്തുള്ള, 400 ബി.സി. കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നതെന്നു കരുതപ്പെടുന്ന “സൈറണ്‍” അലങ്കാരപാത്രങ്ങളും മറ്റും യാതൊരു കേടുപാടും കൂടാതെയാണ് ഇപ്പോഴും അവശേഷിച്ചിരിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ ഓക്‌സിജന്റെ സാന്നിധ്യം ഇല്ലാത്തതാണ് ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത്. കടലിനു കീഴെ രണ്ടായിരം മീറ്റര്‍ താഴ്ച്ചയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിലേക്ക് സാധാരണ മുങ്ങല്‍വിദഗ്ദ്ധര്‍ക്ക് എത്തിപ്പെടാന്‍ കഴിയില്ല. മെഡിറ്ററേനിയന്‍-ഗ്രീക്ക് കോളനികള്‍ക്കിടയില്‍ ചരക്കുകളുമായി സഞ്ചരിച്ചിരുന്ന കപ്പലുകളില്‍ ഒന്നാവാം മുങ്ങിപ്പോയത് എന്ന് ഗവേഷകര്‍ കരുതുന്നു.

രണ്ടു യന്ത്ര “ഗവേഷകരെ” ആയിരുന്നു ആദ്യം കടലിലേക്ക് ഇറക്കിയത്. ഈ റോബോട്ടുകളിലുള്ള ക്യാമറകള്‍ ഉപയോഗിച്ച് കപ്പലിന്റെ ഒരു ത്രീ ഡി ചിത്രം നിര്‍മ്മിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. മാത്രമല്ല കാര്‍ബണ്‍ ഡേറ്റിംഗ് വഴി കപ്പലിന്റെ പ്രായം അളക്കാനുള്ള സാമ്പിളുകള്‍ ശേഖരിക്കാനും കഴിഞ്ഞു. 480 ബി.സിയില്‍ നിര്‍മ്മിച്ച, നിലവില്‍ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള “സൈറണ്‍” സീരീസിലുള്ള അലങ്കാരപാത്രങ്ങളോട് സാമ്യം പുലര്‍ത്തുന്നതാണ് കപ്പലില്‍ നിന്നും കണ്ടെടുത്ത പാത്രങ്ങള്‍. ഗ്രീക്ക് ഇതിഹാസനായകനായ “ഒഡീസിയസി”നെ കെട്ടിയിട്ട കപ്പല്‍ ജലകന്യകളുടെ പാട്ടു കേട്ട് മരണത്തിലേക്ക് നീന്തിയടുക്കുന്ന ചിത്രമാണ് പാത്രത്തിലുള്ളത്.

കപ്പലിനകത്തുള്ള, 400 ബി.സി. കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നതെന്നു കരുതപ്പെടുന്ന അലങ്കാരപാത്രങ്ങളും മറ്റും യാതൊരു കേടുപാടും കൂടാതെയാണ് ഇപ്പോഴും അവശേഷിച്ചിരിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ ഓക്‌സിജന്റെ സാന്നിധ്യം ഇല്ലാത്തതാണ് ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത്. കടലിനു കീഴെ രണ്ടായിരം മീറ്റര്‍ താഴ്ച്ചയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിലേക്ക് സാധാരണ മുങ്ങല്‍വിദഗ്ദ്ധര്‍ക്ക് എത്തിപ്പെടാന്‍ കഴിയില്ല.

മെഡിറ്ററേനിയന്‍-ഗ്രീക്ക് കോളനികള്‍ക്കിടയില്‍ ചരക്കുകളുമായി സഞ്ചരിച്ചിരുന്ന കപ്പലുകളില്‍ ഒന്നാവാം മുങ്ങിപോയത് എന്ന് ഗവേഷകര്‍ കരുതുന്നു. “ഈ കപ്പലും അതിനുള്ളിലെ വസ്തുക്കളും സുരക്ഷിതമാണ്. അത് നശിക്കില്ല. നിധിവേട്ടക്കാരുടെ കയ്യില്‍ എത്തുകയുമില്ല” ഹെലന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

കപ്പലിലുണ്ടായിരുന്ന ചരക്കുകള്‍ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭ്യമല്ല. കപ്പലിനെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും കൂടുതല്‍ ഗവേഷണം നടത്താന്‍ അവര്‍ക്ക് ഇനിയും ഫണ്ട് ആവശ്യമായുണ്ട്. “അലങ്കാരപാത്രങ്ങളെകുറിച്ച് കൂടുതലറിയുക എന്നത് എളുപ്പമാണ്. എന്നാല്‍ കപ്പലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്, പക്ഷെ ഇതിനാവശ്യമുള്ള പണം ഇപ്പോള്‍ നമ്മുടെ കയ്യിലില്ല. ഗവേഷകരെന്ന നിലയില്‍ അന്നത്തെ ജീവിതസാഹചര്യത്തെക്കുറിച്ചും, കച്ചവടസമ്പ്രദായത്തെകുറിച്ചുമുള്ള അറിവാണ് ഞങ്ങള്‍ക്കാവശ്യം” ഡോക്ടര്‍ ഹെലന്‍ പറയുന്നു.

മൂന്ന് വര്‍ഷം നീണ്ട പര്യവേഷണത്തില്‍, റോമന്‍ കച്ചവട കപ്പലുകളും, പതിനേഴാം നൂറ്റാണ്ടിലെ റഷ്യന്‍ കൊസ്സാക്കുകളുടെ കപ്പലുകളുമുള്‍പ്പെടെ 67 കപ്പലുകളാണ് പര്യവേഷകസംഘം കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more