Trending
ഹൂത്തികള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കി ചരക്ക് ഭീമന്മാര്‍; ചെങ്കടലിലൂടെയുള്ള യാത്ര നിര്‍ത്തിവെച്ച് അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികള്‍
റിയാദ്: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടതിന് പിന്നാലെയും ചെങ്കടലിലൂടെയുള്ള ചരക്ക് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍.
ഡാനിഷ് ചരക്ക് ഭീമന്മാരായ മെഴ്സ്‌കും ജര്‍മ്മന്‍ ഷിപ്പിങ് കമ്പനിയായ ഹപാഗ്-ലോയിഡുമാണ് ചെങ്കടലിലൂടെയുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.
തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ബാബ് അല്‍ മന്ദാബ് കടലിടുക്കില്‍ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് ഷിപ്പിങ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ഷിപ്പിംഗ് കമ്പനികള്‍ പറഞ്ഞു.
‘ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന സമീപകാല ആക്രമണങ്ങള്‍ ഭയാനകമാണ്. മാത്രമല്ല നാവികരുടെ സുരക്ഷയ്ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്നതുമാണ്,’ എന്നായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ ഡെന്‍മാര്‍ക്കിന്റെ മെഴ്സ്‌ക് പ്രസ്താവനയില്‍ പറഞ്ഞത്.
‘ഇന്നലെ മെഴ്സ്‌ക് ജിബ്രാള്‍ട്ടര്‍ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തേയും നേരത്തെ മറ്റൊരു കപ്പലിന് നേരെ നടന്ന ആക്രമണത്തേയും കണക്കിലെടുത്ത് ബാബ് അല്‍-മന്ദാബ് കടലിടുക്കിലൂടെ കടന്നുപോകേണ്ട എല്ലാ മെഴ്സ്‌ക് കപ്പലുകളോടും അവരുടെ യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്,’ എന്നായിരുന്നു പ്രസ്താവനയില്‍ കമ്പനി അറിയിച്ചത്.
ഇതിന് പിന്നാലെ ജര്‍മ്മന്‍ ഷിപ്പിങ് കമ്പനിയായ ഹപാഗ്-ലോയിഡും ചെങ്കടലിലൂടെയുള്ള യാത്ര റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്രഈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന നോര്‍വീജിയന്‍ കപ്പലിനെതിരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണത്തില്‍ വിമര്‍ശമനവുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ രംഗത്തെത്തി. ഹൂത്തികള്‍ ചെങ്കടലിലൂടെയുള്ള യാത്രകള്‍ക്ക് ഭീഷണി സൃഷ്ടിക്കുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയാണെന്നുമായിരുന്നു ജെയ്ക് പറഞ്ഞത്. ഹൂത്തികളുടെ ഈ ഭീഷണിയെ നേരിടാന്‍ യു.എസ് അന്താരാഷ്ട്ര സമൂഹവുമായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചെങ്കടലിലൂടെ യാത്ര ചെയ്യുന്ന കപ്പലുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുന്നറിയിപ്പുകള്‍ അവഗണിച്ച് യാത്ര നടത്തുന്ന കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ഹൂത്തികള്‍ ഇതിന് പിന്നാലെ പ്രതികരിച്ചത്.
യെമനിനും ആഫ്രിക്കന്‍ തീരത്തുള്ള ജിബൗട്ടിക്കും എറിത്രിയയ്ക്കും ഇടയില്‍ 32 കിലോമീറ്റര്‍ നീളത്തിലുള്ള കടലിടുക്കാണ് ബാബ് അല്‍-മന്ദാബ് കടലിടുക്ക്. തെക്ക് നിന്ന് സൂയസ് കനാലിലേക്ക് കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഒരു പ്രധാന കപ്പല്‍ പാതയാണ് ഇത്.
ഈ പാത ഒഴിവാക്കുക വഴി കൂടുതല്‍ ദൈര്‍ഘ്യമേറിയ പാതകള്‍, പ്രധാനമായും ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള പാതകള്‍ വഴി ചരക്ക് കപ്പലുകള്‍ക്ക് യാത്ര തുടരേണ്ടി വരും. ആഗോള വ്യാപാരത്തിന്റെ ഏകദേശം 10 ശതമാനം, ഏതാണ്ട് 17,000 കപ്പലുകളാണ് ഓരോ വര്‍ഷവും ഈ കപ്പല്‍ പാതയിലൂടെ സഞ്ചരിക്കുന്നത്. സൂയസിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കോ പുറത്തേക്കോ പോകുന്ന ഏതൊരു കപ്പലും ഇതുവഴിയാണ് കടന്നുപോകേണ്ടത്.
കഴിഞ്ഞ ദിവസം മാത്രം ഇതേ കടലിടുക്കില്‍ രണ്ട് ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഒരു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണവും മറ്റൊന്നിന് നേരെ മിസൈല്‍ ആക്രമണവുമാണ് നടന്നത്. ആക്രമണത്തിന് പിന്നില്‍ ഹൂത്തികളാണെന്നാണ് അമേരിക്കയുടെ ആരോപണം. ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രണ്ട് കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഹൂത്തികള്‍ പറഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ 7ന് ശേഷം ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ ഭരണകൂടം തുടരുന്ന വംശഹത്യയ്ക്ക് പിന്നാലെയാണ് ചെങ്കടലില്‍ ഇസ്രഈല്‍ തുറമുഖത്തേക്ക് പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം ആരംഭിച്ചത്.
ഇറാനുമായി നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ സമാന കാഴ്ചപ്പാടുകള്‍ പങ്കിടുന്ന ഹൂത്തികള്‍ ഹമാസിനോട് വിധേയത്വം പുലര്‍ത്തുന്നവരാണ്.
കഴിഞ്ഞ മാസം, തെക്കന്‍ ചെങ്കടലില്‍ ആയുധധാരികളായ ആളുകള്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുകയും ഒരു ചരക്ക് കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹൂത്തികള്‍ തന്നെ പുറത്തുവിട്ടിരുന്നു.
അതേസമയം, മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച പറഞ്ഞു. മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കേണ്ട ആവശ്യമില്ലെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ചൂണ്ടിക്കാട്ടി.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ നിലവില്‍ ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്ന തോതില്‍ വര്‍ധവുണ്ടായിട്ടുണ്ടെന്ന് സൗദി അമേരിക്കയെ അറിയിച്ചിരുന്നു. ഹൂത്തികള്‍ക്കെതിരായ പ്രതികരണങ്ങള്‍ യു.എസ് സംയമനം പാലിക്കണമെന്നും സൗദി ആവശ്യപ്പെട്ടിരുന്നു.
ഷിപ്പിങ്ങിനെതിരെയുള്ള ആക്രമണം ഹൂത്തികള്‍ രൂക്ഷമാക്കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കാനാണ് അമേരിക്കയോട് സംയമനം പാലിക്കാന്‍ സൗദി ആവശ്യപ്പെട്ടത്.
അതേസമയം ഗസമുനമ്പില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇറാന്‍, സൗദി, ചൈന പ്രതിനിധികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ബീജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബീജിങ്ങില്‍ ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡെങ്ലീ, ഇറാന്‍ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരിയ കാനി, സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് ബിന്‍ അബ്ദുല്‍ കരീം എല്‍-ഖരൈജി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.
ഗസയില്‍ നിന്നും ഫലസ്തീനികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീനുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളിലും ഫലസ്തീനികളുടെ കൂടി താത്പര്യം ഉള്‍ക്കൊള്ളണമെന്നും മൂവരും സംയുക്തമായി ആവശ്യപ്പെട്ടു. സ്വയം നിര്‍ണയ അവകാശമുള്ള ഫലസ്തീന്‍ രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശത്തെ പിന്തുണക്കുന്നു എന്നും ഇറാന്‍, സൗദി, ചൈന പ്രതിനിധകള്‍ സംയുക്തമായി പറഞ്ഞു.
Content Highlight: Shipping giants suspend journeys through Red Sea