സന: ചെങ്കടലില്‍ ഹൂത്തി വിമതര്‍ ആക്രമണം തുടരുന്നതിനാല്‍ വാണിജ്യ കപ്പലുകളെ വഴിതിരിച്ചിവിടാന്‍ നിര്‍ബന്ധിതരായി ഷിപ്പിങ് കമ്പനികള്‍. ഏതാനും ചില ഷിപ്പിങ് കമ്പനികള്‍ കപ്പലുകളെ സൂയസ് കനാലിലെ വ്യാപാര പാതയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് വഴിതിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലൂടെയുള്ള വാണിജ്യ പാതക്ക് വേഗത കുറവായതിനാല്‍ വ്യാപാരത്തില്‍ ചെലവ് വര്‍ധിക്കുമെന്നും ഷിപ്പിങ് കമ്പനികള്‍ അറിയിച്ചു. 2023 ഡിസംബര്‍ 31ന് ഹൂത്തികള്‍ മര്‍സ്‌ക് ഹാങ്ഷൂ എന്ന കണ്ടെയ്നര്‍ കപ്പലിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് 48 മണിക്കൂര്‍ ചെങ്കടലിലൂടെയുള്ള എല്ലാ യാത്രകളും നിര്‍ത്തിവെച്ചിരുന്നതായി ഡാനിഷ് ഷിപ്പിങ് കമ്പനി അറിയിച്ചു.
കൂടാതെ ഡിസംബര്‍ 19ന് സൂയസ് കനാലിലൂടെ കടന്നുപോവുന്ന ഒരു ദക്ഷിണ കൊറിയന്‍ കണ്ടെയ്നര്‍ കപ്പലിനെ ഗുഡ് ഹോപ്പ് മുനമ്പ് വഴി തിരിച്ചുവിടാന്‍ ഷിപ്പിങ് കമ്പനി നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സൂയസ് കനാലിലൂടെ കിഴക്കുപടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് എണ്ണയെത്തിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയാണ് യെമനിലെ ഹൂത്തി വിമതര്‍ കൂടുതലായി ആക്രമണം നടത്തുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ചെങ്കടലില്‍ സംഘര്‍ഷം ശക്തമാവുന്ന വേളയില്‍ സൈനിക നീക്കവുമായി ഇറാന്‍ രംഗത്തെത്തി. നശീകരണ യുദ്ധ കപ്പലായ അല്‍ബോര്‍സ് ഉള്‍പ്പെടുന്ന ഇറാന്‍ നാവിക സേനയുടെ യുദ്ധ കപ്പലുകള്‍, ബാബ് അല്‍ മന്ദബ് വഴി സഞ്ചരിച്ച് ചെങ്കടലില്‍ എത്തിയാതായി ഇറാന്‍ അറിയിച്ചു. വാര്‍ത്ത പുറത്ത് വിട്ട ഇറാനിയന്‍ വാര്‍ത്ത ഏജന്‍സി ആയ തസ്‌നിം ഇറാന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ 2009 മുതല്‍ ഇറാന്‍ യുദ്ധകപ്പലുകള്‍ ഈ മേഖലയില്‍ കടല്‍കൊള്ളക്കാരെ തടയുന്നതിനും, ചരക്ക് ഗതാഗതം സുഖമമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രഈലിന്റ ഭാഗമായ ചരക്ക് കപ്പലുകള്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്ന യെമന്‍ സൈനിക ബോട്ടുകളെ അമേരിക്ക ആക്രമിക്കുകയും ഇതിനെതിരെ യെമന്‍ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Shipping companies divert commercial vessels from the Suez Canal to South Africa