ദയാപുരം വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രത്തിന്റെ മുഖ്യശില്പിയും വിദ്യാഭ്യാസപ്രവര്‍ത്തകനും ഇസ്‌ലാം മത ഗവേഷകനുമായ സി.ടി അബ്ദുറഹീമിന്റെ ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങള്‍. ഇന്ന് “ഗള്‍ഫ് ഗ്രാമം” എന്നറിയപ്പെടുന്ന ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് ആദ്യം കടല്‍ കടന്നു പ്രവാസിയായിപ്പോയത് ഇദ്ദേഹമാണ്. 26 വയസ്സുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ നാല്പത്തി ഏഴു വര്‍ഷം മുമ്പ് 1971 ല്‍ കപ്പലില്‍ നടത്തിയ യാത്രയെപ്പറ്റിയുള്ള ഓര്‍മ്മകള്‍.
1971 മാര്‍ച്ച് 4. എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായ ദിവസം. അന്ന് രാവിലെ 10 മണിക്കാണ് ചേന്ദമംഗല്ലൂരില്‍നിന്ന് ഖത്തറിലേക്ക് ഞാന്‍ യാത്രതിരിച്ചത്. വിവാഹം കഴിഞ്ഞു മാസങ്ങളേ ആയിരുന്നുള്ളു. പുറംലോകവുമായി ബന്ധങ്ങളൊന്നുമില്ലാത്ത അടഞ്ഞ ഗ്രാമം. വികസനത്തിന്റെയും പരിഷ്‌കാരത്തിന്റെയും പുതുമകള്‍ അറിയാത്ത ആ ഗ്രാമത്തില്‍നിന്ന് പുറത്തേക്കുപോവുന്ന ആദ്യത്തെ യുവാവ്.
സ്വച്ഛമായ സൗന്ദര്യംകൊണ്ട് തന്റെ ജനതയെ പാലൂട്ടിയിരുന്ന ചേന്ദമംഗല്ലൂര്‍ ഗ്രാമം അതിന്റെ സന്തതികളെ മാറോടു ചേര്‍ത്തുപിടിച്ച കാലം. ദാരിദ്ര്യത്തിന്റെ ഉഷ്ണക്കാറ്റ് കടുത്തതായിരുന്നിട്ടും അവര്‍ ഗ്രാമത്തിന്റെ മാറില്‍ ഒട്ടിനിന്നു. അടുത്ത സ്റ്റേറ്റുകളിലേക്കോ അയല്‍പ്രദേശങ്ങളിലേക്കോപോലും പോവാന്‍ ആരും ഇഷ്ടപ്പെട്ടില്ല. ഇല്ലായ്മ പങ്കുവെച്ച് എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞുകൂടി. “കെറുവും” കുന്നായ്മകളും വളരെ അപൂര്‍വ്വം. എങ്കിലും പട്ടിണിയില്‍നിന്നുള്ള മോചനത്തിനുവേണ്ടി അവരുടെ മനസ്സ് തപിക്കുകയായിരുന്നു.
സി.ടി അബ്ദുറഹീം
മോട്ടോര്‍വാഹനങ്ങളുടെ ഇരമ്പമോ വൈദ്യുതിയുടെ വെളിച്ചമോ ഇല്ല. കുട്ടികള്‍ തലപ്പന്തും കാല്‍പന്തും കളിക്കുന്ന നാട്ടുപാത; ഇലച്ചുനില്‍ക്കുന്ന വടവൃക്ഷങ്ങള്‍; മഴയത്തു ചോര്‍ന്നൊലിക്കുന്ന ഓലമേഞ്ഞ കൂരകള്‍; അയല്‍നാട്ടിലെ പ്രമാണിമാരുടെ കീഴിലുള്ള വയലേലകള്‍; വിശപ്പിന്റെ സംഗീതംപോലെ നാട്ടിപ്പാട്ടുകള്‍; ഗ്രാമത്തിന്റെ പൊള്ളുന്ന ചൂടും അദ്ധ്വാനത്തിന്റെ വിയര്‍പ്പും തണുപ്പിക്കാന്‍ കാത്തിരിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ; മതപഠനത്തിന്റെ പുതിയ അനുഭവമായി ഒരു അറബിക്കോളേജ്; ആരാധനക്ക് നാട്ടുകാരെ മുഴുവന്‍ ക്ഷണിക്കുന്ന ഒരു പള്ളി. ഇതായിരുന്നു ആ ഗ്രാമം. കാവ്യാത്മകമായ ഈ മനോഹാരിതയില്‍ ഗ്രാമവാസികള്‍ ലയിച്ചുചേര്‍ന്നിരുന്നു. സന്തോഷത്തിലും സങ്കടങ്ങളിലും എല്ലാവരും കൂടെയുണ്ട് എന്ന തോന്നല്‍ ആളുകളില്‍ കണ്ടു-ആളുകളെ ഒന്നിപ്പിക്കാന്‍ ദാരിദ്ര്യത്തിനേ കഴിയൂ എന്നപോലെ.
നാട്ടുകാര്‍ ആരുമില്ലാതെ ഒറ്റക്കാവുന്ന ദീര്‍ഘയാത്ര എന്നെ ആശങ്കപ്പെടുത്തി. എനിക്കും എന്റെ ഗ്രാമത്തിനും അത് വല്ലാത്ത ഒരനുഭവമായിരുന്നു. ബസില്‍, തീവണ്ടിയില്‍, കപ്പലില്‍. പുറപ്പെട്ടു പതിനെട്ടുദിവസത്തോളം നീണ്ട യാത്ര. തീവണ്ടിയും കപ്പലും എന്നും നീണ്ട വിരഹത്തിന്റെ പ്രതീകങ്ങളാണ്. ഖത്തറിന്റെ തലസ്ഥാനമായ ദോഹ മുമ്പ് കേട്ടുപരിചയംപോലുമില്ലാത്ത സ്ഥലം. അവിടെ എപ്പോള്‍ എത്തും? യാത്രക്കാവശ്യമായ രേഖകളും ടിക്കറ്റും മഹാനഗരമായ ബോംബെയില്‍ ആരൊക്കെയോ മുഖേനവേണം ശരിപ്പെടുത്താന്‍.
പേടിപ്പെടുത്തുന്ന നഗരമെന്ന കേട്ടുകേള്‍വി മാത്രമാണു ബോംബെ നഗരത്തെക്കുറിച്ചുഉള. ആകെ ധാരണ. കൂട്ടിന് സുഹൃത്തുക്കളായ എം.വി സലീമും അബൂസ്വാലിഹുമുണ്ട് എന്നത് ആശ്വാസമായി. ഈ വഴിയത്രയും താണ്ടി, കടലും നീന്തി വേണം ദോഹയിലെത്താന്‍. അവിടെ റിലിജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാനാണു പോവുന്നത്.
ശാന്തപുരം ഇസ്ലാമിയാ കോളേജിലെ അഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് അറബി-ഇസ്ലാമിക് പഠനത്തിന് ഖത്തര്‍ ഗവണ്‍മെണ്ടിന്റെ വിദ്യാഭ്യാസ മന്ത്രാലയം അവസരം നല്‍കുകയായിരുന്നു. കോളേജിന്റെ സാരഥിയായിരുന്ന അബുല്‍ജലാല്‍ മൗലവി മുഖേന കൈവന്ന നേട്ടം. ശാന്തപുരം കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന, പാസ്പോര്‍ട്ടുള്ള രണ്ടുപേര്‍മാത്രമേ അന്ന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെട്ടുള്ളു. അങ്ങനെയാണ് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജില്‍നിന്ന് പഠിച്ചിറങ്ങി “പ്രബോധനം” വാരികയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എന്നെ ഉള്‍പ്പെടുത്താന്‍ കോളേജ് അധികൃതര്‍ ആലോചിച്ചത്. ഇക്കാര്യം സംസാരിക്കാനായി എം വി സലീം എന്നെ വന്നു കണ്ടു.
ഞാന്‍ ഭാര്യവീട്ടുകാരുടെ സഹായത്തോടെ ദുബൈയിലേക്ക് പോവാന്‍ വേണ്ടി പാസ്‌പോര്‍ട്ട് എടുത്തു നില്‍ക്കുകയായിരുന്നു. വിദേശയാത്ര ദുബൈയിലേക്ക് ആവാമെന്ന തീരുമാനത്തിനുപിന്നില്‍ ഭാര്യാബന്ധുക്കളുടെ പ്രേരണകൂടി ഉണ്ടായിരുന്നു. പ്രത്യേകിച്ച് മൊയ്തുഹാജിയുടെയും കെ.എസ്. ഉമര്‍ക്കയുടെയും കെ.എസ് കുടുംബത്തില്‍ പൊതുവെ എല്ലാവരുടെയും. ഇങ്ങനെ പല കാരണങ്ങള്‍കൊണ്ട് യാത്ര സ്വന്തമായി തീരുമാനിക്കുക എളുപ്പമായിരുന്നില്ല. പഠിക്കാനായി പോവുന്നതിന് എന്റെ സാഹചര്യം ഒട്ടും അനുകൂലമായിരുന്നില്ല. എങ്കിലും എന്റെ പരിതസ്ഥിതി നന്നായറിയുന്ന എം.വി. സലീമിന്റെ സ്നേഹസമ്മര്‍ദ്ദത്തിന് ഞാന്‍ വഴങ്ങി.
ജോലിക്ക് ദുബായില്‍ പോവേണ്ടി വന്നാല്‍തന്നെ ഖത്തറിലേക്കുള്ള പഠനയാത്ര തടസ്സമാവുകയില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ബോധ്യപ്പെട്ടു. അദ്ദേഹവുമായുള്ള അന്നത്തെ സ്നേഹബന്ധമാണ് പുതിയ തീരുമാനത്തിന് കാരണമായത്. ഈ സ്നേഹസമ്മര്‍ദ്ദത്തിന് വഴങ്ങിയിരുന്നില്ലെങ്കില്‍ എന്റെ വഴി മറ്റൊന്നായേനെ. അതുകൊണ്ടുതന്നെ എം.വി എന്ന എന്റെ പഴയകാല സുഹൃത്തിനോടുള്ള നന്ദി ഞാന്‍ ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്നു.
പഠനകാലത്ത് ജീവിതച്ചെലവുകള്‍ എങ്ങനെ നിര്‍വ്വഹിക്കുമെന്നതിനെക്കുറിച്ച് ആശങ്ക ശക്തമായിരുന്നു. ജോലിയും പഠനവും ഒന്നിച്ചുവേണ്ടി വരുമെന്നുംപഠനകാലം കഴിഞ്ഞേ തിരിച്ചുവരാനാവൂ എന്നുമാണ് ധരിച്ചിരുന്നത്. തീര്‍ത്തും അനിശ്ചിതത്വത്തിന്റെ ഒരു കന്നിയാത്ര. എന്നിലും കുടുംബത്തിലും ഗ്രാമത്തിലുമെല്ലാം ഈ മാനസികാവസ്ഥയുടെ വൈകാരികത തെളിഞ്ഞുനിന്നു. യാത്രയയപ്പുകളിലെ സംസാരങ്ങളില്‍ ആശയും ആശങ്കയും നന്നായി പ്രതിഫലിച്ചു.
ബോംബെയില്‍നിന്നുള്ള കപ്പല്‍യാത്ര
1971 മാര്‍ച്ച് 4 നാണ് ചേന്ദമംഗല്ലൂരില്‍നിന്ന് പുറപ്പെട്ടതെങ്കിലും ബോംബെയില്‍നിന്ന് യാത്ര തുടരാനായത് മാര്‍ച്ച് 15 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ്. യാത്രാരേഖകളുമായും ടിക്കറ്റുമായും ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കുക അന്ന് വളരെ പ്രയാസമായിരുന്നു. സാധാരണക്കാരായ നൂറുകണക്കില്‍ മലയാളികള്‍ ട്രാവല്‍ ഏജന്‍സികളുടെ ഔദാര്യംകാത്ത് ആ വലിയ നഗരത്തില്‍ അടിഞ്ഞുകൂടിയ കാലം.ട്രാവല്‍ ഏജന്‍സികളും കസ്റ്റംസിലെ “കൊള്ളക്കാ”രും ബോംബെ നഗരവും ഭാഗ്യാന്വേഷികളായ പാവം ഗള്‍ഫ്യാത്രികരെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. ആ കടമ്പ മറികടക്കാന്‍ ഞങ്ങളും പാടുപെട്ടു. വിമാനയാത്രക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. കപ്പല്‍യാത്രക്കായി ശ്രമം. അതിന് “പാര്‍ക്കര്‍ ഏജന്‍സി”യെ സമീപിച്ചു. ദോഹവഴി കുവൈത്തിലേക്ക് പോവുന്ന ദുംറ എന്ന കപ്പലില്‍ ടിക്കറ്റ് ഏര്‍പ്പാടാക്കി.
നിശ്ചിതസമയത്തുതന്നെ ഞങ്ങള്‍ മൂന്നുപേര്‍- അബൂസ്വാലിഹും എം വി സലീമും ഞാനും- കപ്പലിലെത്തി. അല്‍പം കഴിഞ്ഞ് ഒരു വലിയ ഹോണ്‍ മുഴക്കത്തോടെ കപ്പല്‍ ഞങ്ങളെയുംകൊണ്ട് തുറമുഖം വിടുകയായി. ഇന്ത്യയുടെ മണ്ണുവിട്ട് അകന്നുപോവുന്ന ആദ്യത്തെ അനുഭവം. ബന്ധുമിത്രാദികളും കോഴിക്കോടും കേരളത്തിന്റെ മണ്ണും ആകാശവും മനസ്സില്‍ തിക്കിത്തിരക്കി കടന്നുവന്നു. ആദ്യവേര്‍പാടിന്റെ കനത്ത മൗനം. യാത്രക്കാരില്‍ പൊതുവെ ഈ നിശ്ശബ്ദത കാണാമായിരുന്നു. കപ്പല്‍ കരവിട്ടു പതുക്കെ അകലുകയാണ്. അതിനനുസരിച്ച് ആളുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരുന്നപോലെ അന്യോന്യം സംസാരിച്ചുതുടങ്ങി. പിന്നെ ഒരാഴ്ച കപ്പല്‍ജീവിതമായി.
മൂന്നുനിലകളുള്ള വലിയൊരു കെട്ടിടം മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഒഴുകുകയാണ്. കളിയും കുളിയും ഊണും ഉറക്കവുമെല്ലാം ഈ പേടകത്തില്‍ തന്നെ. ടിക്കറ്റിന്റെ നിരക്കനുസരിച്ച് എല്ലാറ്റിലും സാധാരണക്കാരെന്നും കുലീനരെന്നുമുള്ള തരംതിരിവിന്റെ “ലോകനീതി” പാലിക്കപ്പെടുന്നുണ്ട്. വെറും തറക്കാരും സുഖാഡംബരക്കാരുമെന്ന വ്യത്യാസത്തിനനുസരിച്ചാണ് വിഭവങ്ങള്‍. യാത്ര തുടങ്ങി അധികം കഴിയുംമുമ്പ് ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി: ഭീകരമായ കടല്‍ മുറിച്ചുകടക്കാനും കച്ചവടവസ്തുക്കള്‍ വഹിക്കാനുമുള്ള യാനപാത്രം മാത്രമല്ല കപ്പല്‍; സമ്പന്നര്‍ക്ക് എല്ലാ ശല്യവുമൊഴിവായ സുഖാസ്വാദനത്തിന്റെ സുരക്ഷിത തുരുത്ത് കൂടിയാണ്. പക്ഷെ, കടല്‍ സഹകരിക്കണമെന്നേയുള്ളു.
ബോംബെയുടെ തീരം ഇരുട്ടില്‍ മറഞ്ഞു. ചുറ്റും അനന്തമായ കടല്‍. പക്ഷെ ശാന്തം. അലകള്‍ മുറിച്ചുനീന്തുന്ന എന്‍ജിന്റെ കിതപ്പുമാത്രം. ഇടക്ക് ഇരുട്ടിന്റെ ഓരോമൂലയില്‍ പ്രത്യക്ഷപ്പെടുന്ന ഏതോ കപ്പലില്‍ തെളിയുന്ന പ്രതീക്ഷയുടെ വെളിച്ചം. മുകള്‍ത്തട്ടില്‍ ചെന്നിരുന്നു. ശാന്തം, ഗംഭീരം. ഭീകരതയുടെ സൗന്ദര്യം കാണണമെന്നുണ്ടെങ്കില്‍ ഇരുണ്ട രാത്രിയില്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ കടലൊരുക്കുന്ന അപാരതയുടെ മദ്ധ്യത്തില്‍ ഒറ്റക്ക് ഇരിക്കണം. അല്ലെങ്കില്‍ നിലാവില്‍ മരുക്കാറ്റ് മണല്‍കൂനകളുടെ അലകള്‍ തീര്‍ക്കുന്ന മരുഭൂമിയുടെ അനന്തതയില്‍. ലഹരി പിടിപ്പിക്കുന്ന അനുഭവമാണ് രണ്ടും. മതിവരാത്ത അനുഭവം. കൂട്ടിന് ഓടിയെത്തുന്ന ഓര്‍മ്മകള്‍ക്കൊപ്പം നേരം പുലരുവോളം ഇരിക്കാം.
ദംറ, ദ്വാരക, അക്ബര്‍ എന്നീ കപ്പലുകളില്‍ പലപ്പോഴായി ഒരു മാസത്തോളം നീണ്ട എന്റെ കടല്‍യാത്രകളില്‍ രാത്രികാല വിരസത ഒഴിവായത് ഈ ഏകാന്തതയുടെ ലഹരിയിലായിരുന്നു. കപ്പലില്‍ ധാരാളം മലയാളികളുണ്ട്-ദുബായിലേക്കും കുവൈത്തിലേക്കും പോകുന്നവര്‍. പലരും മുസ്‌ലിംകള്‍. മിക്കപേരും മദ്യലഹരിയില്‍. ചിലര്‍ ശീട്ടുകളിയിലും. നമസ്‌കാരമോ പ്രാര്‍ത്ഥനയോ ഒരിക്കലും പ്രശ്നമാവാത്തവര്‍.
അവരില്‍ തിരുവിതാംകൂറില്‍നിന്നുള്ള മൂന്നുപേരെ എം.വി.സലീമും അബൂസ്വാലിഹും സമീപിച്ചു. നമസ്‌കരിക്കാന്‍ അവരെ ഉല്‍ബോധിപ്പിച്ചു നോക്കി. ഫലിച്ചില്ല. “എന്നെ തല്ലേണ്ട അമ്മാവാ. ഞാന്‍ നന്നാകില്ല” എന്നായിരുന്നു ചിരി ഉണര്‍ത്തുന്ന ഒരാളുടെ മറുപടി. ആ കപ്പലില്‍ പ്രാര്‍ത്ഥനയിലും വായനയിലുമായി കഴിഞ്ഞത് ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. ഞങ്ങളാണെങ്കില്‍ സിനിമയും നൃത്തവും അടക്കം ആഘോഷങ്ങള്‍ മിക്കതും തെറ്റാണെന്നു വിശ്വസിപ്പിച്ചിരുന്ന വരണ്ട ഒരു മതസംഘടനാ പരിശീലനത്തിന്റെ അന്തരീക്ഷത്തില്‍ യൗവനം കഴിച്ചുകൂട്ടുന്നവരായിരുന്നു താനും. ആ അര്‍ത്ഥത്തില്‍ മറ്റേ അറ്റം.
ദല്‍ഹിയില്‍നിന്നുള്ള ഒരു സിഖ് യുവാവ് കുശലംപറഞ്ഞുതുടങ്ങി. കുവൈത്തിലേക്കാണ് യാത്ര. വിവാഹം കഴിഞ്ഞ ഉടനെ ജോലിക്ക് തിരിച്ചുപോവുകയായിരുന്നു. മലയാളികളെ അയാള്‍ക്ക് ഇഷ്ടമാണത്രെ. തെളിവായി ചില മലയാളപദങ്ങള്‍ നിരത്തി. പഞ്ചാബിച്ചുവയുള്ള മലയാളത്തില്‍ ഒന്നാംതരം പൂരത്തെറി! താങ്കളെ മലയാളം പഠിപ്പിച്ച അദ്ധ്യാപകശ്രേഷ്ഠന്‍ ആരാണാവോ? ഞാന്‍ ചോദിച്ചുപോയി. ചെറുപുഞ്ചിരിയായിരുന്നു മറുപടി.
പതിനേഴിന് കാലത്ത് 8 മണിക്ക് കപ്പല്‍ കറാച്ചി തുറമുഖത്ത് നങ്കൂരമിട്ടു. വൈകുന്നേരം 7 മണിവരെ പാക്കിസ്ഥാന്‍തൊഴിലാളികള്‍ ചരക്കുകള്‍ ഇറക്കിക്കൊണ്ടിരുന്നു. ഏത് കഠിനാദ്ധ്വാനത്തിനും കരുത്തുള്ള ശരീരപ്രകൃതി. അവരുടെ ചലനത്തിന് ഒരു താളമുണ്ട്; ചടുലതയും. മിസ്‌കീന്‍ എന്ന മദ്ധ്യവയസ്‌കനോട് പാക്കിസ്ഥാനിലെ ആളുകളെങ്ങനെ എന്ന് ഞാന്‍ വെറുതെ ചോദിച്ചു. പാക്കിസ്ഥാനില്‍ എല്ലാവരും മുസ്‌ലിംനാമധാരികള്‍ മാത്രമാണെന്നായിരുന്നു മറുപടി. മക്കള്‍ എത്രപേരുണ്ട് എന്ന ചോദ്യത്തിന് തെല്ലൊരമര്‍ഷത്തോടെ, വിവാഹം കഴിച്ചിട്ടുവേണ്ടേ എന്ന മറുചോദ്യം. പാക്കിസ്ഥാനില്‍ വിവാഹം കഴിക്കാന്‍ പെണ്ണിന് കൊടുക്കേണ്ട മഹ്ര് (വിവാഹമൂല്യം) താങ്ങാനാവാത്തതാണത്രെ കാരണം. വിവാഹം മുടക്കുന്ന ആ സമ്പ്രദായത്തെ അയാള്‍ രൂക്ഷമായി വിമര്‍ശിച്ചു. കറാച്ചി തുറമുഖത്തിരുന്നുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിന്റെ ശാപമായ വിഭജനത്തെക്കുറിച്ചും അതുമൂലം സംഭവിച്ച ദുരന്തപരമ്പരകളെക്കുറിച്ചും ഏറെനേരം ഓര്‍ത്തു ദുഃഖിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഇന്നും നെടുവീര്‍പ്പുകള്‍മാത്രം സമ്മാനിക്കുന്ന ഓര്‍മ്മകളാണ് വിഭജനം. തുറമുഖത്തൊഴിലാളിയായ ഈ പാവം മിസ്‌കീന്‍പോലും ആ ഭാരം പേറുന്നില്ലേ?
തീപിടിച്ച ദാരാകപ്പല്‍
വൈകുന്നേരം 7 മണിക്ക് കറാച്ചിവിട്ട കപ്പല്‍ ഗോദര്‍വഴി 19 ന് കാലത്ത് 10 മണിക്ക് മസ്‌കത്തില്‍ എത്തി. തുറമുഖത്തൊഴിലാളികള്‍ അലസരും താരതമ്യേന ആരോഗ്യം കുറഞ്ഞവരുമായിരുന്നു. അവരില്‍ അറിവിന്റെയോ പരിഷ്‌കാരത്തിന്റെയോ ലക്ഷണംപോലും ദൃശ്യമല്ല. നാലുഭാഗവും കടുത്ത പാറക്കെട്ടുകള്‍. മസ്‌കത്ത് അന്ന് വികസനത്തില്‍ വളരെ പിന്നിലായിരുന്നു. വൈകുന്നേരം 4 മണിയോടെ കപ്പല്‍ മസ്‌കത്ത് വിട്ടു. പിറ്റേന്നുകാലത്ത് 8 മണിക്ക് ഗോര്‍ഫുഖാനിലൂടെ കടന്നുപോവുമ്പോള്‍ പഴയങ്ങാടിക്കാരന്‍ മഹ്മൂദ് ചോദിച്ചു: ഈ സ്ഥലത്തെക്കുറിച്ച് അറിയാമോ? ദാരാ കപ്പലപകടം സംഭവിച്ചത് ഇവിടെയാണ്. എന്റെ സഹോദരീഭര്‍ത്താവ് ആ കൂട്ടത്തിലുണ്ടായിരുന്നു….. മുങ്ങി മരിച്ചു.”
ദാരാകപ്പല്‍
സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന പാറക്കെട്ടുകളില്‍ തട്ടിയാണ് ദാരാ കപ്പല്‍ തകര്‍ന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, 1961 ല്‍ നടന്ന ആ ദുരന്തത്തില്‍ അകപ്പെട്ട പത്രപ്രവര്‍ത്തകനായ ശ്രീ.പി.ജെ. അബ്രഹാമിന്റെ അഭിപ്രായത്തില്‍ ഒരു സ്ഫോടനത്തിന്റെ ഫലമായി കപ്പലിന് തീ പിടിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പ്രവര്‍ത്തിച്ചുവന്ന തീവ്രവാദികളാണ് അതിനുപിന്നില്‍ എന്നും അദ്ദേഹം ആലോചിക്കുന്നുണ്ട്. “തീ പിടിച്ച കപ്പലില്‍” എന്ന തലക്കെട്ടില്‍ മാതൃഭൂമി ആഴ്ചപതിപ്പ് എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദൃക്സാക്ഷിവിവരണം എന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. മര്‍മ്മഭേദകമാണ് ആ വിവരണം. അപകടത്തില്‍പെട്ട ലേഖകന്‍ ഗര്‍ഭിണിയായ ഭാര്യയെ ഒരു മരത്തിരപ്പത്തില്‍ യാത്രയാക്കുന്ന ഭാഗവും യാത്രക്കാര്‍ ജീവനുവേണ്ടി നടത്തുന്ന പരാക്രമങ്ങളുടെ നേര്‍ചിത്രവും കണ്ണില്‍നിന്ന് മാഞ്ഞുപോയിരുന്നില്ല.
ഈ പരിഭ്രാന്തികള്‍ക്ക് മദ്ധ്യേയും കപ്പലിന്റെ മുകള്‍ത്തട്ടില്‍ കൂട്ടിയിട്ട തടിച്ച കയര്‍ചുരുളില്‍ യാതൊന്നും ശ്രദ്ധിക്കാതെ സിഗരറ്റുകത്തിച്ചു പുകയൂതിക്കൊണ്ട് അനന്തതയില്‍ കണ്ണുംനട്ടിരിക്കുന്ന ഒരു പാക്കിസ്താനിയുടെ ചിത്രം ലേഖകന്‍ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട്. അസൂയാവഹമായ സ്ഥൈര്യം സ്ഫുരിക്കുന്ന അയാളുടെ മുഖം ഇന്നും ഞാന്‍ മനക്കണ്ണുകൊണ്ട് കാണുന്നു. ടൈറ്റാനിക്കും ദാരായും ദുരന്തത്തിന്റെ ഇരട്ടകളാണെന്ന് പറയാം. മുങ്ങുന്ന ടൈറ്റാനിക്കിന്റെ മുകള്‍ത്തട്ടില്‍ ജീവനുവേണ്ടി നെട്ടോട്ടമോടുന്നവരെ ശ്രദ്ധിക്കാതെ ഏതാനും വൃദ്ധന്മാര്‍ വയലിന്‍ വായിച്ചുകൊണ്ടിരിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ദാരായിലെ പാക്കിസ്താനി ആ ജനുസില്‍പെട്ട ഒരാളാണ്. വിശ്വസിക്കാനാവാത്ത യാഥാര്‍ത്ഥ്യം!
ഗോര്‍ഫുഖാനിലൂടെ കടന്നുപോവുമ്പോള്‍ കടലിന്റെ മാറില്‍ സൂര്യന്‍ പൊന്നുരുക്കിയൊഴിക്കുകയായിരുന്നു. കുളിര് മായാത്ത പ്രഭാതകാലപ്രകാശം. മഹ്മൂദിന്റെ വാക്കുകള്‍ (അദ്ദേഹത്തെ കപ്പലില്‍വെച്ചു പരിചയപ്പെട്ടതാണ്) എന്റെ ചെറുപ്പകാലത്തെ ഒരു വായനാനുഭവം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ദാരായുടെ ദുരന്തം ഞാന്‍ മുഖാമുഖം കാണുന്നപോലെ. ഈ അപകടശേഷം ആ പാറകള്‍ക്കുമുകളില്‍ ഒരു ലൈറ്റ്ഹൗസ് സ്ഥാപിച്ചതായും സമീപത്ത് ഒരു ദര്‍ഗയുള്ളതായും പറഞ്ഞുകേട്ടു. കപ്പലുകള്‍ ആ വഴി കടന്നുപോവുമ്പോള്‍ ദാരാദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍പോലെ മണികള്‍ മുഴക്കപ്പെടുമത്രെ.
ഗോര്‍ഫുഖാന്‍ പിന്നിട്ട് കപ്പല്‍, 28 ന് ഉച്ചക്ക് 2.30 ന് ദുബൈ തുറമുഖത്ത് അടുത്തു. അവിടെ ഭാര്യ ആസ്യയുടെ പിതൃസഹോദരീഭര്‍ത്താവ് എം.കെ. മൊയ്തുസാഹിബും ഭാര്യാപിതാവിന്റെ അനുജന്‍ കെ.എസ്. ഉമറും കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും കുറ്റ്യാടി നിവാസികള്‍. ദുബൈ സൈന്യത്തില്‍ വര്‍ഷങ്ങളായി സേവനംചെയ്യുന്നവര്‍. കുടുംബത്തിനുവേണ്ടി യൗവ്വനം മരുഭൂമിയില്‍ ഉപേക്ഷിക്കുന്നതില്‍ ആനന്ദം കാണുന്നവര്‍. അവരോടൊപ്പം ചേരാനായിരുന്നു ഞാന്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്നത്. എനിക്ക് കപ്പലില്‍നിന്നിറങ്ങാനോ അവര്‍ക്ക് അകത്തേക്ക് വരാനോ അനുവാദമില്ല. എങ്കിലും കരയോട് ചേര്‍ന്നുനിന്ന കപ്പലില്‍നിന്ന് അവരുമായി യഥേഷ്ടം സംസാരിക്കാനും നാട്ടിലെ വിശേഷങ്ങള്‍ അറിയാനും കഴിഞ്ഞു. ബോംബെ വിട്ടശേഷം ആദ്യമായി കാണുന്ന സ്വന്തക്കാര്‍ എന്നനിലക്ക് ആ കൂടിക്കാഴ്ച ഓര്‍മ്മയില്‍ ഇന്നും മായാതെ നില്‍ക്കുന്നു.
കാറ്റും കോളും
രാത്രി 10 മണിക്ക് കപ്പല്‍ ദുബൈ വിട്ടു. അടുത്ത തുറമുഖം ദോഹയാണ്. ഇതിനകം കപ്പലിലെ ഭക്ഷണവും താമസവും മടുത്തുകഴിഞ്ഞിരുന്നു. കപ്പലുകള്‍ക്ക് സ്വന്തമായ ഒരു കപ്പല്‍ഗന്ധംതന്നെയുണ്ട്. മടുപ്പിക്കുന്ന മണം. അത് ഏറെ സഹിക്കാനായില്ല. എങ്ങനെയെങ്കിലും കരയിലെത്തണം. അതായിരുന്നു പ്രാര്‍ത്ഥന. യാത്ര മടുത്തിരുന്നുവെങ്കിലും അതുവരെയും കടല്‍ ഒരു തൊട്ടിലെന്നപോലെ ഞങ്ങളെ ആട്ടിയുറക്കുകയായിരുന്നു. അതിനാല്‍ പേടിച്ചിരുന്നപോലെ കടല്‍ചൊരുക്കോ ദേഹാസ്വാസ്ഥ്യമോ കാര്യമായുണ്ടായില്ല. പിറ്റെ ദിവസം പുലരുന്നത് ദോഹാതുറമുഖത്താവുമെന്ന പ്രതീക്ഷയില്‍ എല്ലാവരും കിടന്നു. കപ്പലിന്റെ അടിത്തട്ടില്‍ തൊട്ടുതൊട്ടാണ് ഞങ്ങള്‍ മൂന്നുപേരും ഉറങ്ങിയത്. മദ്യപാനവും ശീട്ടുകളിയും പതിവാക്കിയിരുന്നവരുടെ ബഹളം നിലച്ചു. യാത്രക്കാര്‍ നിദ്രയിലാണ്ടു. ഞങ്ങളും കിടന്നയുടനെ ഉറക്കത്തിലേക്കുവീണു.
പാതിരാവായിക്കാണും. ഞാന്‍ ചേന്ദമംഗല്ലൂര്‍ പള്ളിയില്‍നിന്ന് നമസ്‌കരിച്ചിറങ്ങി, തൊട്ടുള്ള അങ്ങാടിയിലേക്കു നടക്കുകയാണ്. അപ്പോള്‍ പിന്നില്‍നിന്ന് എന്നെ പേരെടുത്ത് ഒരാള്‍ വിളിക്കുന്നു. തിരിഞ്ഞുനോക്കി. വര്‍ഷങ്ങള്‍ക്കുമുമ്പ് വെള്ളത്തില്‍ മുങ്ങിമരിച്ചുപോയ എന്റെ എളാപ്പയുടെ മകന്‍ അബ്ദുല്ല! ഭയവും അത്ഭുതവും എന്നെ കീഴ്‌പ്പെടുത്തി സമപ്രായക്കാരനും കളിക്കൂട്ടുകാരനുമായ അവന്‍ ചെറുപ്പംമുതല്‍ അപസ്മാരരോഗംകൊണ്ട് അവശനായിരുന്നു. പ്രായപൂര്‍ത്തിയോടടുത്ത കാലത്താണ് അവനെ മരണംവിഴുങ്ങിയത്. അബ്ദുല്ല പള്ളിപരിസരത്തെ ശ്മശാനത്തില്‍നിന്ന് എഴുന്നേറ്റ് എന്റെ പിറകെ വരികയാണ്. എന്നെ അവന്റെ കൂടെകൂട്ടുകയാണ് ഉദ്ദേശം. “വാ നമുക്ക് പോവാം” എന്റെ പേരെടുത്ത് സ്നേഹപൂര്‍വ്വം അവന്‍ വിളിച്ചു. ഈ വിളി ആവര്‍ത്തിച്ചുകൊണ്ട് പിറകെകൂടി. അബ്ദുല്ല മരിച്ചുപോയിട്ടുണ്ടെന്ന് തീര്‍ച്ച. പിന്നെ എങ്ങനെ അവന്‍ എന്റെ പിന്നാലെ വരുന്നു? ഞാന്‍ ഓടാന്‍ തുടങ്ങി. എന്നെ വെറുതെ വിട്ടു മടങ്ങിപോവാന്‍ ഉച്ചത്തില്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഓട്ടം. പക്ഷെ, അവന്‍ വിട്ടില്ല. എന്റെ ഓട്ടത്തിന് വേഗംകൂടി. പിറകെത്തന്നെ അവനും. വഴിനീളെ അവന്‍ വിളിക്കുന്നുണ്ടായിരുന്നു. അങ്ങാടി കഴിഞ്ഞുള്ള കവലവരെ അബ്ദുല്ല പിന്നാലെവന്നു. ഞാന്‍ ഓട്ടംനിര്‍ത്തി തിരിഞ്ഞുനിന്നു. ഉടന്‍ റോഡിന്റെ ഇടതുവശത്ത് വളര്‍ന്നുനില്‍ക്കുന്ന തേക്കിന്‍തോട്ടത്തിലേക്ക് ചാടിക്കയറി അവന്‍ അപ്രത്യക്ഷനായി. ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ നോക്കിനിന്നു. പിന്നീട് ഒരലര്‍ച്ചയായിരുന്നു. ഭയന്നുവിറച്ചുള്ള എന്റെ നിലവിളികേട്ട് സമീപത്ത് ഉറങ്ങുന്ന എം.വി. ഞെട്ടിയുണര്‍ന്നു. എന്നെ തട്ടി വിളിച്ചു. ഞാന്‍ കപ്പലിന്റെ താഴെത്തട്ടില്‍തന്നെയാണെന്ന് ബോധ്യമായി. കണ്ട ഭീകരസ്വപ്നം എം.വി.യോട് ചുരുക്കിപറഞ്ഞു. സംസാരസാഗരം നീന്തിക്കടക്കുന്ന കപ്പലാണല്ലോ ജീവിതം. ഏതുനിമിഷവും കാറ്റും കോളുമുയരാം; തിരമാലകള്‍ വിഴുങ്ങിയേക്കാം. സമുദ്രത്തിന്റെ ആഴത്തിലേക്ക് കപ്പല്‍ മുങ്ങിത്താഴ്ന്നെന്നുവരാം. ഞങ്ങള്‍ സഞ്ചരിച്ച ദംറ എന്ന ആ കപ്പല്‍ പിന്നീട് എന്നോ സമുദ്രത്തില്‍ എവിടെയോവെച്ച് മുങ്ങിത്താഴ്ന്നുപോയെന്നാണ് കേട്ടറിഞ്ഞത്.
നേരം പുലര്‍ന്നു. പ്രഭാതഭക്ഷണത്തിന്റെ ബഹളം. കടല്‍ ശാന്തം; സുന്ദരം. പക്ഷെ, പെട്ടെന്ന് അതിനു മാറ്റംവന്നു. എവിടെനിന്നോ വന്ന കൊടുംകാറ്റ്. അതുവരെ കപ്പലിനുചുറ്റും ഇണക്കത്തോടെ കുണുങ്ങി ഒഴുകിനടന്ന കൊച്ചലകള്‍ കലിതുള്ളാന്‍ തുടങ്ങി. ഒരു ഭ്രാന്തിയെപ്പോലെ കടല്‍ ഗര്‍ജ്ജിച്ചു. മുടിയഴിച്ചിട്ടുള്ള താണ്ഡവനൃത്തം. നിമിഷങ്ങള്‍ക്കകം പര്‍വ്വതസമാനം ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ കപ്പലിന്റെ മുകള്‍തട്ടിലേക്ക് കടന്നുകയറി. ഞങ്ങളെയുമായി കപ്പല്‍ ആടിയുലഞ്ഞു. അപ്പോഴേക്ക് ക്യാപ്റ്റന്‍ കപ്പലിന്റെ ഓട്ടംനിര്‍ത്തി നങ്കൂരം താഴ്ത്തിക്കഴിഞ്ഞിരുന്നു. അപകടമുന്നറിയിപ്പിന്റെ മണിമുഴങ്ങി. നിന്നേടത്തുനിന്ന് അനങ്ങാന്‍കഴിയാതെ എല്ലാവരും വീണുകിടന്നു. ഛര്‍ദ്ദിച്ചു. ചുറ്റും ഓക്കാനത്തിന്റെ ശബ്ദവും ഞെരക്കവും. തിരമാലകളുടെ പൊക്കത്തിനൊപ്പം ഉയര്‍ന്നുതാഴുന്ന കപ്പലിന്റെ ആന്ദോളനം. ഈ കയറ്റിറക്കം ഭൂകമ്പത്തിനുതുല്യം വയറിന്റെ അടിത്തട്ടിലുണ്ടാക്കിയ അനുഭവം അസഹനീയമായിരുന്നു. വാക്കുകള്‍ക്കതീതമാണ് അത്. വെട്ടിയിട്ട മരത്തടികള്‍പോലെ യാത്രക്കാര്‍. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനോ സഹായിക്കാനോ ഒന്നു തലപൊക്കാനോ കഴിയാത്ത അവസ്ഥ. ഓരോരുത്തരും തീര്‍ത്തും ഒറ്റക്ക്. കപ്പലിന്റെ മുകള്‍ത്തട്ടിലേക്ക് അടിച്ചുവീശുന്ന വെള്ളംതടയാന്‍, എല്ലാപഴുതുകളും തൊഴിലാളികള്‍ അടച്ചുകൊണ്ടിരുന്നെങ്കിലും ഫലിച്ചില്ല. അവര്‍ ലൈഫ്ബോട്ടുകള്‍ വെള്ളത്തിലിറക്കാന്‍ ശ്രമം തുടങ്ങി. എല്ലാം അവസാനിക്കുകയാണെന്നറിഞ്ഞിട്ടും എഴുന്നേറ്റിരിക്കാന്‍പോലുമായില്ല.
തലേന്നുകണ്ട സ്വപ്നം പുലരുകയാണെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. വെള്ളത്തില്‍ മുങ്ങിമരിച്ച അനുജന്‍ അബ്ദുല്ല തിരമാലകളിലൂടെ കപ്പലിനുള്ളില്‍ കടന്ന് പിറകെനിന്ന് വിളിക്കുന്നുണ്ടോ? ഞാന്‍ കാതോര്‍ത്തുകിടന്നു. ബോംബെമുതല്‍ കപ്പലില്‍ തുടങ്ങിയ അതിരുവിട്ട കൂത്താട്ടങ്ങളുടെ കോലാഹലം പാടെ നിലച്ചിരുന്നു. എല്ലാ പരാക്രമങ്ങളും കെട്ടടങ്ങി; പൂര്‍ണ്ണനിശ്ശബ്ദത. മൗനമായ പ്രാര്‍ത്ഥന. പലരും ഞങ്ങളെനോക്കി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞുകൊണ്ടിരുന്നു. എത്ര ധീരനാണെങ്കിലും മരണം മുന്നില്‍കാണുന്ന മനുഷ്യന്റെ ദൗര്‍ബ്ബല്യം ഓര്‍ത്ത് ആ കിടപ്പിലും എനിക്ക് ചിരിവന്നു. ആരുടെയോ നിലവിളി ഫലിച്ചപോലെ കടല്‍ പതുക്കെ ശാന്തമായിത്തുടങ്ങി. സാവധാനം കാറ്റും കോളും നിലച്ചു. അന്തരീക്ഷം ശാന്തമായതോടെ പുറംകടലില്‍ മൂന്നുമണിക്കൂര്‍ നിര്‍ത്തിയിട്ട കപ്പല്‍ ചലിച്ചുതുടങ്ങി.
വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ ദോഹയുടെ അടുത്തെത്തി. പക്ഷെ, തുറമുഖത്തിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. അകലെ നിര്‍ത്തിയിട്ട കപ്പലില്‍നിന്ന് വെള്ളത്തിലേക്ക് ഞാന്നു കിടക്കുന്ന കയര്‍കോണിയിലൂടെ ബോട്ടിലേക്ക് ഞങ്ങള്‍ തൂങ്ങിയിറങ്ങി. ബോട്ട് ഞങ്ങളെ കരക്കെത്തിച്ചു. കപ്പല്‍ വിട്ടുപോരുംമുമ്പ് കൂടെയുള്ളവരോടെല്ലാം പ്രത്യേകം യാത്രപറഞ്ഞു. കുവൈത്തിലേക്ക് പോവുന്ന അവര്‍ അപകടഭീതിയില്‍നിന്ന് മുക്തരായിരുന്നില്ല. തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് എല്ലാവരും അപേക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഉണര്‍ത്തിയവരില്‍ തിരുവിതാംകൂര്‍ സഹോദരന്മാരുമുണ്ടായിരുന്നു.
സിഖ് യുവാവ്പ്രിയതമയുടെ ഫോട്ടോ മുമ്പില്‍വെച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ കരയുന്നുണ്ട്. പ്രാര്‍ത്ഥിക്കണമെന്ന് അയാളും അപേക്ഷിച്ചു. പ്രാര്‍ത്ഥനക്ക് മതമില്ലെന്ന് പറയുകയായിരുന്നു അവര്‍. കരക്കെത്തിയപ്പോള്‍ രാത്രി 8 മണി. പോര്‍ട്ടിലെ മലയാളി ഉദ്യോഗസ്ഥനായ മുര്‍തളാസാഹിബും മുഹമ്മദലിസാഹിബ്, കോളോത്ത് അബ്ദുല്ലഹാജി, കൊറോമ്പള്ളി കുഞ്ഞബ്ദുല്ലഹാജി, യൂസുഫ് എന്നിവരും ഞങ്ങളെ കാത്തുനിന്നിരുന്നു. ഇന്ത്യയില്‍നിന്ന് ഖത്തറിലേക്ക് വരുന്ന ആദ്യ വിദ്യാര്‍ത്ഥിസംഘത്തെ സ്വീകരിക്കാന്‍ ആവേശത്തോടെ എത്തിയവരായിരുന്നു അവര്‍.