ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്നു..ഇവരുടെ തിരിച്ചുവരവിനായി
Kerala
ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്നു..ഇവരുടെ തിരിച്ചുവരവിനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2013, 12:01 pm

[]സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലെ ജീവനക്കാരായ കാസര്‍ഗോഡ് സ്വദേശികളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഒരു ഗ്രാമം മുഴുവന്‍. []

കള്ളനാട്ടെ തോട്ടത്തില്‍ വസന്തകുമാറിന്റേയും പാലക്കുന്നിലെ ബാബുവിന്റേയും വീട്ടുകാര്‍ ഇവരുടെ മടങ്ങിവരവിനായുള്ള പ്രാര്‍ത്ഥനയിലാണ്.

മൂന്ന് മാസം മുന്‍പ് അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചുപോയ ആളാണ് വസന്തകുമാര്‍. അച്ഛന്‍ രാഘവനോടൊപ്പമായിരുന്നു വസന്തകുമാറും കുടുംബവും താമസിച്ചിരുന്നത്.

രണ്ട് വര്‍ഷം മുന്‍പ് അമ്മ പുഷ്പവല്ലി മരണമടഞ്ഞിരുന്നു. ഭാര്യ പ്രിയയും രണ്ട് മക്കളുമാണ് വസന്തകുമാറിനുള്ളത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി ഷിപ് റിക്രൂട്‌മെന്റ് ഏജന്‍സി വഴിയാണ് വസന്തകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.

കപ്പല്‍ തട്ടിയെടുത്ത വിവരം ചൊവ്വാഴ്ച ഈ ഏജന്‍സിയുടെ കൊച്ചി ഓഫിസില്‍ നിന്ന് ഇവരുടെ വീട്ടിലേക്കു ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

വസന്തകുമാര്‍ എട്ടുമാസം മുന്‍പാണു കപ്പലില്‍ സീമാനായി ചേര്‍ന്നത്. കഴിഞ്ഞ അഞ്ചിനു വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് ഫോണ്‍ വെച്ചതെന്ന് ഭാര്യ പ്രിയ പറയുന്നു. ആഫ്രിക്കയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയാലുടന്‍ വിളിക്കാമെന്നും അന്ന് പറഞ്ഞിരുന്നു.

12 വര്‍ഷമായി സീമാനായി ജോലിനോക്കുന്ന പി.കെ. ബാബു നാലുമാസം മുന്‍പാണ് ഈ കപ്പലില്‍ എത്തിയത്. ഭാര്യയും മകളുമുണ്ട്.

സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ ഉറ്റവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബുധനാഴ്ച ഉച്ചയോടെയാണ് വീടുകളില്‍ സന്ദേശമത്തെിയത്.

ബാബുവിന്റെ സഹോദരന്‍ മുരളീധരനാണ് ഇതുസംബന്ധിച്ച് സന്ദേശം ലഭിച്ചത്.

വീട്ടിലെ മറ്റുള്ളവരെ കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചിട്ടിരുന്നില്ല. അസുഖമായി കിടക്കുന്ന മാതാവ് വെള്ളച്ചിയും ഭാര്യ ശ്രീവിദ്യയും മകളുമാണ് വീട്ടില്‍ ഉള്ളത്.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാബോണിന്റെ തീരത്തുനിന്നാണ് ഇവര്‍ സഞ്ചരിച്ച എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. തുര്‍ക്കിയുടെ എണ്ണക്കപ്പലിലെ ജീവനക്കാരായ 24 പേരും ഇന്ത്യക്കാരാണ്.

ഗാബോണിലെ ജെന്റില്‍ തുറമുഖത്തു നിന്നു പുറപ്പെട്ട എംവി കോട്ടണ്‍ എന്ന എണ്ണ ടാങ്കറാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്.

ഉടമസ്ഥരായ ഗെഡന്‍ ലൈന്‍സും കപ്പലും തമ്മിലുള്ള ബന്ധം തിങ്കളാഴ്ച ജെന്റില്‍ തുറമുറമുഖത്തുനിന്നു പുറപ്പെട്ട് അല്‍പം കഴിഞ്ഞതോടെ നഷ്ടമായി.

നൈജീരിയ ലക്ഷ്യമിട്ട് പടിഞ്ഞാറു ഭാഗത്തേക്ക് കപ്പല്‍ ആദ്യം കടല്‍ക്കൊള്ളക്കാര്‍ കൊണ്ടുപോയെങ്കിലും പിന്നീട് എതിര്‍ ദിശയില്‍ ഐവറികോസ്റ്റിലേക്ക് നീങ്ങുന്നതായാണ് സാറ്റലൈറ്റ് വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കപ്പലിന്റെ ഉടമകളായ ഗെഡന്‍ ലൈന്‍സ് അറിയിച്ചു.

കൊല്‍ക്കത്ത സ്വദേശി ശിശിര്‍ വാഹി(54)യാണു കപ്പലിന്റെ ക്യാപ്റ്റന്‍. റാഞ്ചികളെക്കുറിച്ചോ അവരുടെ ആവശ്യങ്ങളെക്കുറിച്ചോ സൂചനയൊന്നുമില്ല.