|

ഹൂത്തി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു; കപ്പലില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇന്ത്യക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ചെങ്കടലില്‍ ഹൂത്തി വിമതരുടെ ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യമായാണ് ഹൂത്തികളുടെ ആക്രമണത്തില്‍ ഒരു കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെടുന്നത്.

ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കപ്പലില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇന്ത്യക്കാരന്‍ ആണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിലേക്കുള്ള നീക്കത്തിനിടെയാണ് കപ്പലിന് നേരെ ആക്രമണം നടന്നത്. മിസൈല്‍ ആക്രമണത്തില്‍ വ്യാപകമായി തീപിടിച്ച കപ്പലിന് വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തു. ഹൂത്തികളോട് പ്രതികരിച്ചുകൊണ്ട് ആക്രമണത്തില്‍ കുറഞ്ഞത് നിരപരാധികളായ രണ്ട് നാവികരെങ്കിലും മരിച്ചിട്ടുണ്ടെന്ന് ബ്രിട്ടന്‍ എംബസി എക്‌സില്‍ കുറിച്ചു.

അതേസമയം യെമന്റെ സമുദ്ര പരിധിയില്‍ പ്രവേശിക്കും മുമ്പ് മുഴുവന്‍ കപ്പലുകളും യെമന്‍ സര്‍ക്കാരിന്റെ അനുമതി നേടണമെന്ന് യെമനി ടെലികോം മന്ത്രി മിസ്ഫര്‍ അല്‍ നുമയ്ര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

ചെങ്കടലിനടിയിലെ നാല് ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളെ തകിടം മറിക്കുമെന്നും കഴിഞ്ഞ വാരം ഹോങ് കോങ് ആസ്ഥാനമായ ടെലികോം കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെമന്റെ പുതിയ നീക്കം.

‘യെമനി നാവിക സേനയുടെ കപ്പലുകള്‍ വഴി പെര്‍മിറ്റുകള്‍ക്കും തിരിച്ചറിയലിനുമുള്ള അഭ്യര്‍ത്ഥനകളില്‍ സഹായിക്കുവാന്‍ യെമനി ടെലികോം മന്ത്രാലയം സന്നദ്ധമാണ്. കപ്പലുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുള്ളതിനാല്‍ പെര്‍മിറ്റ് നേടേണ്ടത് വളരെ അത്യാവശ്യമാണ്,’ യെമന്റെ അല്‍ മസിറഹ് ടി.വി നെറ്റ്വര്‍ക്ക് വഴി അല്‍ നുമയ്ര്‍ പറഞ്ഞു.

Content Highlight: Ship crew killed in Houthi attack