മമ്മൂക്കയുടെ റോളിനെ കുറിച്ചറിയാതെ അഭിനയിച്ച സിനിമ; എന്നാല്‍ എന്റെ എല്ലാ ഡയലോഗും അദ്ദേഹം പഠിച്ചു: ഷൈനി സാറ
Entertainment
മമ്മൂക്കയുടെ റോളിനെ കുറിച്ചറിയാതെ അഭിനയിച്ച സിനിമ; എന്നാല്‍ എന്റെ എല്ലാ ഡയലോഗും അദ്ദേഹം പഠിച്ചു: ഷൈനി സാറ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th November 2024, 10:56 am

ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച് ജിയോ ബേബി സംവിധാനം ചെയ്ത സിനിമയായിരുന്നു കാതല്‍ ദി കോര്‍. 2023ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയും ജ്യോതികയുമായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

സുധി കോഴിക്കോട്, ആര്‍.എസ്.പണിക്കര്‍, ജോജി ജോണ്‍, മുത്തുമണി, ചിന്നു ചാന്ദ്നി, കലാഭവന്‍ ഹനീഫ് തുടങ്ങിയവരും ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കാതലില്‍ ഒരു കല്യാണ ബ്രോക്കറായി എത്തിയ നടിയായിരുന്നു ഷൈനി സാറ. ഇപ്പോള്‍ നാന ഫിലിം വീക്ക്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് ഷൈനി.

‘ജിയോ ബേബി ഒരു ദിവസം എന്നെ വിളിച്ചിട്ട് കാതല്‍ എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ ജിയോയോട് മുമ്പ് എന്തെങ്കിലും സീനുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞിരുന്നു. ‘കാതലില്‍ ഒരു കുഞ്ഞു സീനുണ്ട്, വരുമോ’യെന്ന് ജിയോ എന്നോട് ചോദിച്ചു.

അങ്ങനെ സീരിയലിന്റെ ഇടയില്‍ കിട്ടിയ ഒരു കുഞ്ഞു ഗ്യാപ്പിലാണ് കാതലില്‍ അഭിനയിക്കാന്‍ പോകുന്നത്. അവിടെ ചെന്നതും ആ സീനിന്റെ സ്‌ക്രിപ്റ്റ് തന്നു. ഞാനും മമ്മൂക്കയും ഒരുമിച്ചുള്ള സീനായിരുന്നെങ്കിലും അദ്ദേഹത്തിന് അതില്‍ ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ ഡയലോഗുകളും പറയാനുണ്ടായിരുന്നത് എനിക്കായിരുന്നു.

ഞാന്‍ ഒരു ബ്രോക്കറായിട്ടാണ് അഭിനയിച്ചത്. മമ്മൂക്കക്ക് കല്യാണം ആലോചിച്ച് പോകുന്ന സീനായിരുന്നു അത്. എനിക്ക് ആ സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു. മമ്മൂക്കയുടെ കഥാപാത്രം എങ്ങനെയുള്ളതാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ സീനിനെ കുറിച്ച് മാത്രമായിരുന്നു അറിയുന്നത്.

അസോസിയേറ്റും ഞാനും ചേര്‍ന്നാണ് റിഹേഴ്‌സല്‍ ചെയ്തത്. അങ്ങനെ ഞാന്‍ എന്റെ ഡയലോഗ് പഠിച്ചു. സീന്‍ ഷൂട്ട് ചെയ്യാനായതും മമ്മൂക്ക വന്നു. എന്നോട് വിശേഷങ്ങളൊക്കെ ചോദിച്ചു. സീന്‍ ഷൂട്ട് ചെയ്ത് തുടങ്ങിയതും ഞാന്‍ എന്റെ ഡയലോഗുകള്‍ പറഞ്ഞു തുടങ്ങി.

മമ്മൂക്ക ആ സമയത്ത് ദേഷ്യത്തില്‍ ഇരിക്കുകയാണ്. അത് മാത്രമായിരുന്നു അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നത്. അങ്ങനെ ആ ടേക്ക് കഴിഞ്ഞു. ഉടനെ തന്നെ ‘ഒരു ഡയലോഗ് വിട്ടുപോയിട്ടുണ്ട് കേട്ടോ’യെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ സ്‌ക്രിപ്റ്റ് എടുത്ത് നോക്കുമ്പോള്‍ ശരിയാണ്.

‘ഇത് നമുക്കൊന്ന് അങ്ങോട്ട് നീക്കിയാലോ’ എന്നതായിരുന്നു ആ ഡയലോഗ്. ഞാന്‍ അത് പറയാന്‍ മറന്നതാണ്. എന്റെ ഡയലോഗ് വരെ പഠിച്ചിട്ടാണ് മമ്മൂക്ക വന്നത്. ‘സോറി മമ്മൂക്ക. കയ്യില്‍ നിന്ന് പോയതാണ്’ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ സീന്‍ വീണ്ടും എടുക്കുകയായിരുന്നു,’ ഷൈനി സാറ പറയുന്നു.


Content Highlight: Shiny Sarah Talks About Mammootty And Kaathal The Core