|

ആ ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു: ഷൈനി സാറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഷൈനി സാറ. 1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയില്‍ അസിസ്റ്റന്റായാണ് ഷൈനി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. 2016ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലും ഷൈനി അഭിനയിച്ചിരുന്നു.

ആ ചിത്രത്തില്‍ ഷൈനി അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ ഷൈനിക്ക് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ താന്‍ മഹേഷിന്റെ പ്രതികാരത്തില്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് ഷൈനി സാറ. ആ സിനിമയില്‍ അഭിനയിച്ചത് ഒരു വഴിത്തിരിവായെന്നും ഓഡിഷന്‍ വഴിയാണ് അതിലേക്ക് ക്ഷണം കിട്ടിയതെന്നുമാണ് നടി പറയുന്നത്.

വര്‍ക്കുകള്‍ ഇല്ലാതിരുന്ന് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടപ്പോഴാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡിഷന്‍ കാള്‍ കാണുന്നതെന്നും ഷൈനി പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ജയരാജ് സാറിന്റെ ദി ട്രെയിന്‍ എന്ന ചിത്രത്തിലൂടെയാണ് ബ്രേക്കിന് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തുന്നത്. നായിക, പകര്‍ന്നാട്ടം തുടങ്ങിയ സിനിമകളിലെല്ലാം ഞാന്‍ വര്‍ക്ക് ചെയ്തു.

2016ല്‍ മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിച്ചതാണ് മറ്റൊരു വഴിത്തിരിവായത്. ഓഡിഷന്‍ വഴിയാണ് അതിലേക്ക് ക്ഷണം കിട്ടുന്നത്. അതിന് മുമ്പും വര്‍ക്ക് ചെയ്ത സിനിമകളില്‍ ആര്‍ട്ടിസ്റ്റ് വരാതിരിക്കുമ്പോള്‍ അഭിനയിച്ചിട്ടുണ്ട്.

അന്ന് കൂടെയുള്ളവര്‍ എന്തുകൊണ്ട് അഭിനയിച്ചുകൂടായെന്ന് ചോദിച്ചിരുന്നു. പക്ഷേ, അതത്ര സീരിയസായി എടുത്തിരുന്നില്ല. പിന്നീട് വര്‍ക്കുകള്‍ ഇല്ലാതിരുന്ന് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടപ്പോഴാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡിഷന്‍ കാള്‍ കാണുന്നത്.

ഉടനെ അതിലേക്ക് അയച്ചു. അങ്ങനെയാണ് സൗമ്യയുടെ (അനുശ്രി) മമ്മിയായി ഞാന്‍ അഭിനയിക്കുന്നത്. അന്ന് ശ്യാം പുഷ്‌ക്കരന്‍ ഇനി ചേച്ചിക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് പറഞ്ഞിരുന്നു. ശ്യാമിന്റെ ആ വാക്കുകള്‍ അന്വര്‍ത്ഥമായി,’ ഷൈനി സാറ പറയുന്നു.

Content Highlight: Shiny Sarah Talks About Maheshinte Prathikaram Movie