Entertainment
കാതലില്‍ മമ്മൂക്കക്ക് എന്റെ കാര്യം ശ്രദ്ധിക്കേണ്ട ആവശ്യമില്ല; എന്നിട്ടും അദ്ദേഹമത് ചെയ്തു: ഷൈനി സാറ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 14, 04:49 am
Thursday, 14th November 2024, 10:19 am

2023ല്‍ പുറത്തിറങ്ങി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു മമ്മൂട്ടി ചിത്രമാണ് കാതല്‍ ദി കോര്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച് ജിയോ ബേബി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. മമ്മൂട്ടിക്കൊപ്പം ജ്യോതികയും ഒന്നിച്ച സിനിമയില്‍ നടി ഷൈനി സാറയും അഭിനയിച്ചിരുന്നു.

ഒരു കല്യാണ ബ്രോക്കറായിട്ടായിരുന്നു ഷൈനി കാതലില്‍ അഭിനയിച്ചത്. ഇപ്പോള്‍ നാന ഫിലിം വീക്ക്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ഷൈനി സാറ. താന്‍ ഒരു ഡയലോഗ് മറന്നപ്പോള്‍ മമ്മൂട്ടി അത് ഓര്‍മിപ്പിച്ചുവെന്നും എന്നാല്‍ അദ്ദേഹത്തിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും നടി പറയുന്നു.

‘ഞാന്‍ കാതലില്‍ ഒരു ബ്രോക്കറായിട്ടാണ് അഭിനയിച്ചത്. മമ്മൂക്കക്ക് കല്യാണം ആലോചിച്ച് പോകുന്ന സീനായിരുന്നു അതില്‍ ഉണ്ടായിരുന്നത്. അന്ന് മമ്മൂക്കയോടൊപ്പം സീന്‍ ഷൂട്ട് ചെയ്ത് തുടങ്ങിയതും ഞാന്‍ എന്റെ ഡയലോഗുകള്‍ പറഞ്ഞു തുടങ്ങി. മമ്മൂക്ക ആ സമയത്ത് ദേഷ്യത്തില്‍ ഇരിക്കുകയാണ്. അത് മാത്രമായിരുന്നു അദ്ദേഹത്തിന് ആ സീനില്‍ ചെയ്യാനുണ്ടായിരുന്നത്.

അങ്ങനെ ആ ടേക്ക് കഴിഞ്ഞു. ഉടനെ തന്നെ ‘ഒരു ഡയലോഗ് വിട്ടുപോയിട്ടുണ്ട് കേട്ടോ’യെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ സ്‌ക്രിപ്റ്റ് എടുത്ത് നോക്കുമ്പോള്‍ ശരിയാണ്. ‘ഇത് നമുക്കൊന്ന് അങ്ങോട്ട് നീക്കിയാലോ’ എന്നതായിരുന്നു ആ ഡയലോഗ്. ഞാന്‍ അത് പറയാന്‍ മറന്നതാണ്.

എന്റെ ഡയലോഗ് വരെ പഠിച്ചിട്ടാണ് മമ്മൂക്ക വന്നത്. ‘സോറി മമ്മൂക്ക. കയ്യില്‍ നിന്ന് പോയതാണ്’ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ സീന്‍ വീണ്ടുമെടുത്തു. അദ്ദേഹം ഇങ്ങനെ പറയുമ്പോള്‍ എനിക്ക് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. കാരണം നമ്മളുടെ സ്വന്തമായ ഒരാള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കാണുന്നത്. മമ്മൂക്കയെ അത്രയേറെ ഇഷ്ടമാണ് എനിക്ക്.

ആ സിനിമക്ക് ശേഷം ‘ഞാന്‍ ഡയലോഗ് തെറ്റിച്ചപ്പോള്‍ മമ്മൂക്ക എന്നെ തിരുത്തി തന്നു’വെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞു നടക്കുകയായിരുന്നു. മമ്മൂക്കക്ക് ഒരൊറ്റ ഡയലോഗ് പോലും ഇല്ലാത്ത സീനാണ് അതെന്ന് ഓര്‍ക്കണം. ഒരു മൂളല്‍ പോലും ഉണ്ടായിരുന്നില്ല.

സത്യത്തില്‍ മമ്മൂക്കക്ക് എന്റെ കാര്യം ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഡയലോഗ് പറയാതെ പോയത് ശ്രദ്ധിക്കേണ്ടത് അസോസിയേറ്റായിരുന്നു. അസോസിയേറ്റായിരുന്നു എനിക്ക് പറഞ്ഞു തരേണ്ടത്. ഒരുപക്ഷെ അസോസിയേറ്റ് അത് പറയാന്‍ നില്‍ക്കുമ്പോഴാകാം മമ്മൂക്ക വന്ന് പറഞ്ഞത്. ഞാന്‍ ഉടനെ തന്നെ കറക്ട് ചെയ്യുകയും ചെയ്തു,’ ഷൈനി സാറ പറയുന്നു.


Content Highlight: Shiny Sarah Talks About Her Experience With Mammootty