സംവിധാന മികവുകൊണ്ടും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയംകൊണ്ടും മികച്ച ചിത്രമാണ് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത സീറോ. ബേബി. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഡോക്ടർ ഷിനു ശ്യാമളൻ ആണ് ചിത്രത്തിൽ ദിലീഷ് പോത്തന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഷിനു ശ്യാമളൻ.
സീറോ.ബേബിയിലെ ഇന്റിമേറ്റ് രംഗം ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്നുണ്ടെന്ന് ഷിനു പറഞ്ഞു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് സംവിധായകൻ തന്നോട് ആ രംഗങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നെന്നും തനിക്ക് ആ കഥാപാത്രം ചെയ്യുന്നതിൽ മടുപ്പ് തോന്നിയിട്ടില്ലെന്നും ഷിനു പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിലെ ഇന്റിമേറ്റ് രംഗം വളരെ പ്രധാനപ്പെട്ടതായിരുന്നു. അത്തരം സീനുകൾ കുറച്ച് ഡിലീറ്റ് ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ആ വേഷം ചെയ്തപ്പോൾ ഒരു ഡിസ്‌കംഫർട്ട് ഫീൽ ചെയ്തില്ല. ഞാൻ വിചാരിക്കുന്നത് വളരെ ബോൾഡ് ആയിട്ടുള്ള നടിമാർക്കാണ് ഈ വേഷം ചെയ്യാൻ സാധിക്കുക എന്നാണ്. നമ്മൾ ചെയ്യുന്ന കഥാപാത്രം അത് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ അത് ചെയ്തേപറ്റൂ. ഹോളിവുഡിലും ബോളിവുഡിലും എത്രയെത്ര സിനിമകൾ വന്നിട്ടുണ്ട്. അതിനൊന്നും മടിക്കേണ്ട കാര്യമില്ല. ഇതൊക്കെ ജീവിതത്തിൽ സംഭവിക്കുന്നതുമാണ്.
എന്നെ ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തപ്പോഴും സാർ പറഞ്ഞിരുന്നു ഇങ്ങനൊരു സീൻ ഉണ്ടെന്ന്. കഥാപാത്രം അത് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ആ രംഗം ചെയ്യാൻ തയ്യാറാണെന്നാണ് അന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. വളരെ കംഫർട്ടബിൾ ആയിരുന്നു വർക്ക് ചെയ്യാൻ,’ ഷിനു പറഞ്ഞു.
ദിലീഷ് പോത്തനെ നായകനാക്കി രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത സീറോ.ബേബി മികച്ച പ്രതികരണങ്ങളോടെയാണ് തിയേറ്ററിൽ പ്രദർശനം തുടരുന്നത്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ.
Content Highlights: Shinu Shyamalan on Zero. Baby movie