| Tuesday, 3rd October 2023, 5:52 pm

'ഷിനു ഈ പേരിന് ഒരു ഗുമ്മില്ലലോ ..? ;ഇന്ദുചൂഡന്‍, ജഗന്നാഥന്‍, ഭരത്ചന്ദ്രന്‍, ലിസ്റ്റുമായി ഞാന്‍ ചെന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിക്ക് എന്ന ജനപ്രിയ വെബ് സീരീസിലൂടെ ചുരുങ്ങിയകാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് ഷിനു എന്ന ഷിന്‍സ് ഷാന്‍.

പേര് പറഞ്ഞാല്‍ ഒരു പക്ഷെ ഒന്ന് ആലോചിക്കുമെങ്കിലും ഷിന്‍സ് ഷാന്റെ മുഖം പ്രേക്ഷകര്‍ പെട്ടെന്ന് തിരിച്ചറിയും. കേരള ക്രൈം ഫയല്‍സിലും പുരുഷ പ്രേതത്തിലുമെല്ലാം പൊലീസ് വേഷങ്ങളില്‍ തിളങ്ങി അഭിനയത്തില്‍ തന്റേതായ ഒരു രീതി ഉണ്ടാക്കിയെടുത്തിട്ടുണ്ട് ഷിന്‍സ് ഷാന്‍.

‘ഷിനു ഈ പേരിന് ഒരു ഗുമ്മില്ലലോ ..? നീ വലിയൊരു നടനാവുമ്പോള്‍ ഈ പേര് ഒരു തിരിച്ചടിയായാലോ’ എന്ന ഗുരുനാഥന്‍ സജി നമ്പിയത്തിന്റെ ചോദ്യത്തില്‍ തുടങ്ങുന്നു ഷിന്‍സ് ഷാന്റെ വ്യത്യസ്തമായ അഭിനയ ജീവിതം.

‘ഭയങ്കര സഭാകമ്പമുള്ള ആളായിരുന്നു ഞാന്‍. നാട്ടിലൊരു പരിപാടിയിലും പങ്കെടുക്കാത്ത എന്നെ ഒരിക്കല്‍ ക്ലബ്ബിലെ ആളുകള്‍ പിടിച്ചു ഓണത്തിന് മാവേലിയുടെ വേഷം കെട്ടിച്ചു. ആ ഘോഷയാത്രയോടെ എന്റെ ചമ്മല്‍ മാറി. അടുത്ത വര്‍ഷം നാടകത്തില്‍ ഒരു രാജാവിന്റെ വേഷവും കൂടെ ചെയ്യേണ്ടി വന്നപ്പോള്‍ ആണ് എന്റെ സഭാകമ്പം മാറിയത്’. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷിന്‍സ് ഷാന്‍ പറയുന്നു.
‘ഒടുവില്‍ കുറച്ചു പേരുകള്‍ കണ്ടെത്തി. ജഗന്നാഥന്‍, ഇന്ദുചൂഡന്‍, ഭരത് ചന്ദ്രന്‍ തുടങ്ങിയ പഞ്ചുള്ള പേരുകള്‍ എഴുതി അടുത്ത ദിവസം ഗുരുനാഥനെ കണ്ടപ്പോള്‍, ലിസ്റ്റ് കണ്ട സജി നമ്പിയത്ത് ചോദിച്ചത് ‘ഇതെന്താണ് ഷാജി കൈലാസ് – രഞ്ജി പണിക്കര്‍ സിനിമയാണോ’ എന്നാണ്’, ഷിന്‍സ് ഷാന്‍ പറയുന്നു.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഷിന്‍സ് കരിക്ക് ടീമിനെ പരിചയപ്പെടുന്നത്. അതൊരു വലിയ വഴിത്തിരിവായി. പിന്നീട് കരിക്കിലെ തിരക്കുള്ള നടനായി മാറാന്‍ ഷിന്‍സിന് അധിക സമയം വേണ്ടി വന്നില്ല. ഫാമിലി പാക്ക്, ഇന്‌സോമ്‌നിയ നൈറ്റ്‌സ് ,ആവറേജ് അമ്പിളി, ജബല തുടങ്ങിയ വെബ് സീരീസിലൂടെ ഷിന്‍സ് അഭിനയ ലോകത്ത് നിറസാന്നിധ്യമായി മാറി. ഇത്രയേറെ സീരിസില്‍ അഭിനയിച്ചിരുന്നുവെങ്കിലും കേരള ക്രൈം ഫയല്‍ എന്ന വെബ് സീരീസിലേക്ക് ഒഡിഷന്‍ വഴിയാണ് ഷിന്‍സ് എത്തിയത്.

‘ ഇത്രയും തടിയും വയറുമുള്ള എനിക്ക് പൊലീസുകാരന്റെ റോള്‍ യോജിക്കുമോ എന്നു തോന്നിയിരുന്നു. സംവിധായകനോട് ചോദിച്ചപ്പോള്‍ ഇങ്ങനെ തടിയും വയറുമുള്ള പൊലീസുകാര്‍ ഉണ്ടെന്നാണ് പറഞ്ഞത്. അജു വര്‍ഗീസ് ഇടയ്ക്കിടയ്ക്ക് കുടവയറുള്ള പൊലീസുകാരുടെ ഫോട്ടോസ് എനിക്ക് അയച്ചു തരും. അതൊക്കെ കണ്ടപ്പോള്‍ ആത്മ വിശ്വാസം കൂടി. പിന്നെ സീരീസ് റിലീസ് ആയപ്പോള്‍ എന്റെ വേഷവും ഹിറ്റായി’, ഷിന്‍സ് പറഞ്ഞു .

കുറഞ്ഞകാലം കൊണ്ട് ആവാസവഹ്യുഹം, പുരുഷ പ്രേതം തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞ ഷിന്‍സ് ഷാന്‍ തന്റെ അഭിനയ ജീവിതം ഇനിയും തേച്ചുമിനുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlight: Shins Shan about his movie entry and career

We use cookies to give you the best possible experience. Learn more