ആ പാട്ടൊന്നും ലാലേട്ടനല്ല പാടിയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല: ഷൈൻ ടോം ചാക്കോ
Entertainment
ആ പാട്ടൊന്നും ലാലേട്ടനല്ല പാടിയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 4:26 pm

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായി താരം തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.

ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തിയത് ഷൈൻ ആയിരുന്നു. സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഒരുപോലെ ആക്റ്റീവാണ് ഷൈൻ ടോം. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രമാണ് ഷൈൻ ടോം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ.

താൻ പണ്ട് സ്ഥിരമായി പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്യുമായിരുന്നുവെന്നും നന്നായിട്ട് ഓടുന്നതും ചാടുന്നതുമെല്ലാമാണ് നല്ല അഭിനയമായി താൻ കരുതിയതെന്നും ഷൈൻ പറയുന്നു. അന്ന് മോഹൻലാലിന്റെ പാട്ടുകൾ കാണുമ്പോൾ അത് അദ്ദേഹം പാടുന്നതായാണ് തോന്നിയിരുന്നതെന്നും താരം പറഞ്ഞു. രേഖ മേനോനുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ചെറുപ്പത്തിൽ മെയിൻ ആയിട്ട് നടൻ ആവാൻ പരിശീലിച്ചത് പാട്ടിന് ലിപ്പ് സിങ്ക് ചെയ്തുകൊണ്ടാണ്. റേഡിയോലൊക്കെ പാട്ട് വരുമ്പോൾ അതിന്റെ കൂടെ പാടി നോക്കും.

പിന്നെ നല്ല സ്പീഡിൽ ഓടുക, ചാടുക ആക്ഷൻ ഇതൊക്കെയാണ് അഭിനയം എന്നാണ് എന്റെ ധാരണ. അതൊക്കെയായിരുന്നു പഠിച്ചിരുന്നത്. പക്ഷെ ഷൂട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോഴാണ് മനസിലായത് ഇതൊന്നും ഹൈ സ്പീഡിൽ ഓടി അഭിനയിക്കുന്നതല്ല ക്യാമറ ചെയ്യുന്നതാണെന്ന് മനസിലായത്.

പിന്നെ ഞാൻ അഭിനയിക്കാൻ തുടങ്ങിയപ്പോൾ പാട്ടുകളും ലിപ് സിങ്കും ഒന്നുമില്ല. പാട്ട് പാടി അഭിനയിക്കണം എന്നതായിരുന്നു അന്നത്തെ മെയിൽ ആഗ്രഹം.

മോഹൻലാലൊക്കെ പാട്ട് പാടുന്ന പോലെയേ തോന്നുള്ളൂ. എം. ജി. ശ്രീകുമാറാണ് പാടിയതെന്ന് പറഞ്ഞാൽ നമ്മൾ ആരും വിശ്വസിക്കില്ല. ലാലേട്ടൻ തന്നെ പാടുകയാണെന്നാണ് ഞാനൊക്കെ വിശ്വസിച്ചത്. പാടി അഭിനയിക്കാൻ പറ്റണം, ഓടി ചാടി ആക്ഷൻ ചെയ്യാൻ പറ്റണം ഇതൊക്കെയായിരുന്നു അഭിനയമെന്ന് ഞാൻ വിശ്വസിച്ചത്,’ഷൈൻ പറയുന്നു.

Content Highlight:  Shine Tom Chakko Talk About Old Mohanlal Songs