ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായി താരം തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.
ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തിയത് ഷൈൻ ആയിരുന്നു. സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഒരുപോലെ ആക്റ്റീവാണ് ഷൈൻ ടോം. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രമാണ് ഷൈൻ ടോം അഭിനയിച്ച ഏറ്റവും പുതിയ സിനിമ.
ഈയിടെ ഇറങ്ങിയ ഡിജോ ജോസ് ആന്റണി – നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യയിൽ ഒരു കളക്ടറുടെ വേഷത്തിൽ ഷൈൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോയുടെ ഡയലോഗുകൾ പലതും മനസിലാവാറില്ല എന്ന തരത്തിൽ ചില അഭിപ്രായങ്ങൾ ഇപ്പോൾ ഒരു വിഭാഗം പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മലയാളി ഫ്രം ഇന്ത്യയിൽ തന്റെ ഡയലോഗുകൾ വ്യക്തമല്ലേ എന്നാണ് താരം ചോദിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രം കളക്ടർ ആയതിനാൽ ഒരുപാട് സംസാരിക്കുന്ന ആളായിരിക്കുമെന്നും ഒരു കഥാപാത്രത്തിനനുസരിച്ചാവും ഡയലോഗിലെ വ്യക്തതയെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഷൈൻ.
‘മലയാളി ഫ്രം ഇന്ത്യയ്ക്കകത്ത് എന്റെ സംഭാഷണം ഒക്കെ വ്യക്തമല്ലേ. അതിൽ കളക്ടർ ആണ് എന്റെ കഥാപാത്രം. കളക്ടർ തീർച്ചയായും അത്യാവശ്യം അക്ഷരം സ്ഫുടതയോടെ സംസാരിക്കുന്ന ഒരാളായിരിക്കും.
കാരണം അയാൾ സംസാരിച്ച് സംസാരിച്ച് വായിച്ച് പഠിച്ചു വന്നിട്ടുള്ള ഒരാളാണ്. അതിൽ സംഭാഷണം മനസിലാവാത്ത പ്രശ്നം ഒന്നുമില്ലല്ലോ. ഒരു കഥാപാത്രത്തിന് വേണ്ട വ്യക്തതയെ കിട്ടുള്ളൂ,’ഷൈൻ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chakko Talk About His Dialogue Delivery In Malayali From India