|

പുലയാടി മക്കള്‍ തെറിയായത് കൊണ്ടല്ലേ താന്‍ പാടാത്തത്? കവിത പാടാന്‍ വിസമ്മതിച്ച അവതാരകയോട് ഷൈന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഭാരത സര്‍ക്കസ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, സംവിധായകന്‍ എം.എം. നിഷാദ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ പി.എന്‍.ആര്‍ കുറുപ്പ് രചിച്ച പുലയാടി മക്കള്‍ക്ക് പുലയാണെന്ന കവിതയുടെ റീമിക്‌സിലുള്ള ഗാനം റിലീസിന് മുമ്പേ പുറത്തുവിട്ടിരുന്നു.

ചിത്രവുമായി ബന്ധപ്പെട്ടു നടത്തിയ ഒരു അഭിമുഖത്തില്‍ പി.എന്‍.ആര്‍ കുറുപ്പ് രചിച്ച കവിത പാടാനായി അവതാരകയോട് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. പിന്നീട് ഷൈന്‍ വരികള്‍ പറഞ്ഞു കൊടുത്തിട്ടും അവതാരക പാടാന്‍ വിസമ്മതിച്ചിരുന്നു.

ഈ കവിത പാടാന്‍ കഴിയാത്തത് കവിതയിലെ വാക്കുകള്‍ തെറിയാണെന്ന ബോധം ഉള്ളിലുള്ളതുകൊണ്ടാണെന്നാണ് ഷൈന്‍ പറഞ്ഞത്. നല്ലൊരു സ്ത്രീ അല്ലെങ്കില്‍ വ്യക്തിയെന്ന നിലയില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചിന്ത കാരണമാണ് പാടാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അത് പറയാന്‍ പറ്റാത്തതെന്ന് അറിയുമോ? അതൊരു തെറിയല്ലെ, അത്രയും മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ. അത് ഉപയോഗിക്കുന്നത് നല്ലൊരു സ്ത്രീ എന്നതില്‍ അല്ലെങ്കില്‍ നല്ലൊരു വ്യക്തി എന്ന നിലയില്‍ എനിക്ക് ചേര്‍ന്നതാണോയെന്നുള്ള കുറേ സങ്കുചിതമായ ചിന്തകള്‍ കാരണമല്ലെ.

ആ കവിതയില്‍ ഒരാളെയും മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയിട്ടല്ല ആ വാക്കുകള്‍ ഉപയോഗിക്കുന്നത്. മോശമായി ആരോ ആരെയോ ചിത്രീകരിച്ചതിനെ നമ്മള്‍ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്.

അത് മനസിലാക്കിയവന് അത് പറയാനും ചൊല്ലാനും ഒരു സങ്കോചവും ഉണ്ടാവില്ല. ഇനി അത് ഉണ്ടാക്കിയവരുടെ ഗണത്തിലാണെങ്കില്‍ അവന് കുറച്ച് സങ്കോചമുണ്ടാകും. പറയനായും പുലയനായാലും നമുക്ക് ഒരു ജാതിയെ ഉള്ളു മനുഷ്യ ജാതി,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

content highlight: shine tom chakko about p.n kurup’s poem