| Friday, 28th October 2022, 8:16 pm

അഭിപ്രായങ്ങള്‍ പറയുന്നവര്‍ ശത്രുക്കളാണെന്ന് പറയുമോ, രണ്ടുപേര്‍ തമ്മില്‍ ആശയപരമായ തര്‍ക്കങ്ങള്‍ കാണുമ്പോഴേക്കും ഇവിടെ പലര്‍ക്കും നെഞ്ചുവേദനയാണ് : ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിചിത്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍വെച്ച് ജോളി ചിറയത്തും ഷൈന്‍ ടോം ചാക്കോയും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന രീതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് തലത്തില്‍ നിന്നാണ് ഇവര്‍ അവിടെ പ്രതികരണം നടത്തിയത്.

സിനിമാ മേഖലയിലെ സ്ത്രീകളും മറ്റ് അഭിനേതാക്കളും നേരിടുന്ന പ്രശ്നങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ വളരെ പക്വമായാണ് ജോളി വിവരിച്ചത്. മറുഭാഗത്ത് ഷൈനാവട്ടെ പൊതുവേദിയില്‍ അപക്വമായ പെരുമാറ്റത്തോടെ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ അവഗണിക്കുന്നതാണ് കാണുന്നത്. ഷൈനിന്റെ ഈ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്.

ഇതില്‍ മറുപടി പറഞ്ഞിരിക്കുകയാണ് ഷൈന്‍. നിങ്ങള്‍ തമ്മില്‍ ശത്രുതയിലാണോയെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ഷൈന്‍ മറുപടി പറഞ്ഞത്. മൈല്‍സ്‌റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.

”ഞങ്ങള്‍ രണ്ട് പേരും അഭിപ്രായങ്ങള്‍ പറഞ്ഞതാണ്. അതില്‍ വരുന്ന കമന്റ്‌സ് ശ്രദ്ധിക്കേണ്ട ആവശ്യമില്ല. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇട്ടാല്‍ ഞരമ്പന്‍മാര്‍ കമന്റ് ചെയ്യും. എന്തൊക്കെ കമന്റുകള്‍ വരും.

അതിനെതിരെ ആരെങ്കിലും പ്രതികരിക്കാറുണ്ടോ. അതൊന്നും ആരും മുഖവുരെക്ക് എടുക്കാറില്ല. പിന്നെന്തിനാണ് ഞങ്ങളുടെ വീഡിയോ കാണുമ്പോള്‍ ഞങ്ങള്‍ ശത്രുതയിലാണെന്ന് കരുതുന്നത്.

അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായങ്ങള്‍ പറയുന്നതിനെ ശത്രുത എന്ന് പറയുകയാണെങ്കില്‍ വീട്ടില്‍ അച്ഛനും മക്കളും തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ശത്രുക്കളാണെന്ന് പറയുമോ. ആശയപരമായ തര്‍ക്കങ്ങള്‍ ഉണ്ടാകണം. അല്ലെങ്കില്‍ അമേരിക്കക്കാരെ പോലെയാകും. രണ്ടുപേര്‍ തമ്മില്‍ ആശയപരമായ തര്‍ക്കങ്ങള്‍ കാണുമ്പോഴേക്കും നെഞ്ചുവേദനയാണ് പലര്‍ക്കും,” ഷെന്‍ ടോം ചാക്കോ പറഞ്ഞു.

content highlight: shine tom chakko about jolly chirayath discussion

We use cookies to give you the best possible experience. Learn more