|

ഒരേ വസ്ത്രം ധരിക്കുന്നതല്ല തുല്യത, ആദ്യം വിപ്ലവം കൊണ്ട് വരേണ്ടത് മറ്റ് ചില കാര്യങ്ങളില്‍: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരേ വസ്ത്രം ധരിക്കുന്നതും പുറത്ത് പല സമയങ്ങളില്‍ പുറത്ത് പോവുന്നതുമല്ല തുല്യതയെന്ന് ഷൈന്‍ ടോം ചാക്കോ. കല്യാണം കഴിഞ്ഞിട്ട് സ്ത്രീകളോട് മാത്രം മറ്റൊരു വീട്ടില്‍ പോകാന്‍ പറയുന്നതിനേക്കുറിച്ചും സംസാരിക്കുകയാണ് ഷൈന്‍.

അത്തരം കാര്യങ്ങളിലാണ് ആദ്യം സ്ത്രീകള്‍ വിപ്ലവം കൊണ്ടുവരേണ്ടതെന്നും ഷൈന്‍ പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.

”എവിടെയാണ് തുല്യതയുള്ളത്. ഒരേ വസ്ത്രം ധരിക്കുകയും പല സമയങ്ങളില്‍ പുറത്തിറങ്ങാനുമുളളതല്ല തുല്യത. കല്യാണം കഴിഞ്ഞ് വരുമ്പോള്‍ മകളോട് മാത്രം പറയും ഇനി നിന്റെ വീട് അതാണെന്നും അവിടെ പോയി താമസിക്കണമെന്നും. അതാണ് പൊളിറ്റിക്കല്‍ ഇന്‍കറക്ട്. അവിടെ തുല്യതയില്ല.

ആണുങ്ങളോട് അങ്ങനെ ആരെങ്കിലും പറയുമോ. അടുത്ത ആള്‍ക്കാരുടെ വീട്ടില്‍ പോലും പോയി നില്‍ക്കാന്‍ നമുക്ക് പറ്റാറില്ല. അപ്പോഴാണ് ഒരു പരിചയവുമില്ലാത്ത വീട്ടില്‍ ഒരു സുപ്രഭാതത്തില്‍ സ്ത്രീകളോട് പോയി താമസിക്കാന്‍ പറയുന്നത്. അതിനെ അവര്‍ ഇതുവരെ ചോദ്യം ചെയ്യുകയോ അതില്‍ മാറ്റം കൊണ്ടുവരുകയോ ചെയ്തിട്ടില്ല.

അവിടെയാണ് സ്ത്രീകള്‍ വിപ്ലവം കൊണ്ടുവരേണ്ടത്. അല്ലാതെ ഒരേ സമയം പുറത്ത് പോവുകയും ഒരേ വസ്ത്രം ധരിക്കുന്നതുമല്ല തുല്യത. ഒരു വട്ടം വരച്ചിട്ട് അതില്‍ ജീവിക്കാനാണ് സ്ത്രീകളോട് പറയുന്നത്. ചിന്തയില്‍ പോലും നമുക്ക് തുല്യതയില്ല. ഒരാള്‍ ചിന്തിച്ച കാര്യങ്ങള്‍ തന്നെയാണ് നമ്മള്‍ ചിന്തിക്കുന്നത്,” ഷൈന്‍ പറഞ്ഞു.

കൂടാതെ ഒ.ടി.ടിയില്‍ സിനിമ കാണുന്നതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. വലിയ സ്‌ക്രീനില്‍ തിയേറ്ററില്‍ വെച്ച് സിനിമ കണ്ടത് കൊണ്ടാണ് തനിക്ക് ഒരു നടനാകാന്‍ കഴിഞ്ഞതെന്നും, ഇന്ന് ഒ.ടി.ടി വന്നതോടെ ആളുകള്‍ സിനിമയെ നശിപ്പിക്കുകയാണെന്നും ഷൈന്‍ പറഞ്ഞു.

സിനിമ ഹിറ്റാവുന്നത് പ്രൊമോഷന്‍ ചെയ്തതിന്റെ ഫലമാണെന്നാണ് ആളുകളുടെ ധാരണയെന്നും പണ്ട് ഒരൊറ്റ പോസ്റ്റര്‍ മാത്രം വെച്ചിട്ടാണ് താനൊക്കെ പടം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറാണ് ഷൈനിന്റെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ്കൃഷ്ണനാണ്. ഷൈനിനും മമ്മൂട്ടിക്കും പുറമെ ഐശ്വര്യ ലക്ഷ്മി, അമല പോള്‍, നിതിന്‍ തോമസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

content highlight: shine tom chakko about equality

Video Stories